തിരുവനന്തപുരം∙ നിയമസഭാ അക്രമക്കേസിൽ കോൺഗ്രസിന്റെ രണ്ടു മുൻ എംഎൽഎമാരെ പ്രതികളാക്കി പ്രത്യേക കേസ് എടുക്കാൻ തീരുമാനം. ഇപ്പോൾ നടക്കുന്ന തുടരന്വേഷണത്തിൽ നിലവിലെ പ്രതികളെ ഒഴിവാക്കാനോ പുതിയ പ്രതികളെ കൂട്ടിച്ചേർക്കാനോ പാടില്ലെന്ന കോടതി ഉത്തരവു മറികടക്കാനാണു സർക്കാർ വളഞ്ഞ വഴി കണ്ടെത്തിയത്. രണ്ടു കേസുകളുടെയും വിചാരണ ഒരുമിച്ചു നടത്തണമെന്ന ആവശ്യമുന്നയിച്ചു യഥാർഥ കേസിന്റെ വിചാരണ അനന്തമായി നീട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണു പുതിയ നടപടി. മുൻ എംഎൽഎമാരായ എം.എ.വാഹിദ്, കെ. ശിവദാസൻ നായർ എന്നിവരെ പ്രതികളാക്കി കേസ് എടുക്കാൻ ക്രൈംബ്രാഞ്ച് സംസ്ഥാന പൊലീസ് മേധാവിയുടെ അനുമതി തേടി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശ പ്രകാരമാണു നടപടി. 21നു കോടതിയിൽ റിപ്പോർട്ട് നൽകുമെന്നു പൊലീസ് വ്യക്തമാക്കി.
കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താൻ വി.ശിവൻകുട്ടിയും ഇ.പി.ജയരാജനും ഉൾപ്പെടെ ഇടതുനേതാക്കൾ നിയമസഭയിൽ നടത്തിയ അക്രമത്തിനെതിരെയായിരുന്നു കഴിഞ്ഞ 8 വർഷമായി കേസ്. കേസ് ഇല്ലാതാക്കാൻ സുപ്രീംകോടതി വരെ പോയിട്ടും തോറ്റുപോയതോടെ പ്രമുഖ നേതാക്കൾ വിചാരണ നേരിടേണ്ട സാഹചര്യമായി. ഇതോടെ സർക്കാരിന്റെ മുഖം രക്ഷിക്കാനാണു പൊലീസിന്റെ പുതിയ തന്ത്രം . അന്നത്തെ ഇടതു വനിതാ എംഎൽഎമാരായ ജമീല പ്രകാശം, കെ.കെ.ലതിക, ഇ.എസ്.ബിജിമോൾ എന്നിവരെ കയ്യേറ്റം ചെയ്തെന്ന പരാതിയിലാണു തുടരന്വേഷണമെന്ന ആവശ്യം ഉയർത്തിയത്. അതിൽ കോടതി നിബന്ധന വച്ചതോടെ പ്രത്യേക കേസാക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇടതുനേതാക്കൾക്കെതിരെ നിലവിലുള്ള അക്രമക്കേസിനൊപ്പം കോൺഗ്രസ് എംഎൽഎമാരെയും പ്രതിചേർത്ത് അന്വേഷിക്കാനായിരുന്നു ആദ്യ ആലോചന. എന്നാൽ പൊതുമുതൽ നശിപ്പിച്ചെന്ന കേസിനൊപ്പം തടഞ്ഞുവച്ചു കയ്യേറ്റം ചെയ്തെന്ന പുതിയ ആരോപണം ചേർത്താൽ നിലനിൽക്കില്ലെന്നാണു നിയമോപദേശം. അതിന്റെ അടിസ്ഥാനത്തിലാണു പുതിയ കേസ്. തുടരന്വേഷണം പൂർത്തിയാക്കാൻ കോടതി അനുവദിച്ച അധിക സമയം ഈയാഴ്ച അവസാനിക്കും.
യുഡിഎഫ് സർക്കാരിലെ ധനമന്ത്രി കെ.എം.മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ചു ഇടത് എംഎൽഎമാർ 2015 മാർച്ച് 13 നാണു നിയമസഭയിൽ അക്രമം നടത്തിയത്. 2,20,093 രൂപയുടെ നാശനഷ്ടമാണുണ്ടായത്. ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ എംഎൽഎ, അന്നത്തെ എംഎൽഎമാരായ കെ. അജിത്, കുഞ്ഞമ്മദ്, സി.കെ.സദാശിവൻ എന്നിവരാണു കേസിലെ പ്രതികൾ.
English Summary : Assembly violence: Special case against ex-Congress MLAs