തൃശൂർ ∙ ചോദ്യം ചെയ്യലിന് ഇന്നു നേരിട്ടുഹാജരാകാൻ കഴിയില്ലെന്ന് എ.സി.മൊയ്തീൻ അന്വേഷണ സംഘത്തെ രേഖാമൂലം അറിയിച്ചാൽ അടുത്തദിവസം പുതിയ തീയതി നിശ്ചയിച്ചു ഇ.ഡി വീണ്ടും നോട്ടിസ് നൽകും. സാക്ഷികൾക്കുള്ള നോട്ടിസാണ് ഇതുവരെ മൊയ്തീനു നൽകിയത്. അന്വേഷണത്തോടു സഹകരിച്ചില്ലെങ്കിൽമാത്രം ശക്തമായ നിലപാട് സ്വീകരിക്കാനാണു സാധ്യത.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) സാക്ഷിമൊഴികളുടെ മാത്രം ബലത്തിൽ എ.സി.മൊയ്തീനെ അറസ്റ്റ് ചെയ്യാൻ ഇ.ഡിക്കു കഴിയില്ലെന്ന വാദവുമുണ്ട്. മുഖ്യപ്രതി പി.സതീഷ്കുമാറിന്റെ ഇടനിലക്കാരനായ കെ.എ.ജിജോറിന്റെ മൊഴികളാണ് മൊയ്തീൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾക്കെതിരെ ഇ.ഡിയുടെ പക്കലുള്ള പ്രധാന തെളിവ്. ബെനാമി വായ്പകളുടെ കുറ്റം സ്വയം ഏറ്റെടുക്കുന്ന നിലപാടാണ് ഒന്നാം പ്രതി പി.സതീഷ്കുമാറും രണ്ടാം പ്രതി പി.പി.കിരണും സ്വീകരിക്കുന്നത്.
English Summary : If AC Moideen does not arrive today enforcement directorate will issue another notice