ADVERTISEMENT

തിരുവനന്തപുരം ∙ ബൂത്ത്‌തലം മുതൽ സംസ്ഥാനതലം വരെ അച്ചടക്കനടപടി നേരിട്ടു പുറത്തുനിൽക്കുന്ന എല്ലാ ബിജെപി പ്രവർത്തകരെയും നേതാക്കളെയും ഉടൻ പാർട്ടിയിലേക്കു തിരിച്ചെടുക്കാനും അർഹതപ്പെട്ട സ്ഥാനങ്ങൾ നൽകാനും ബിജെപി സംസ്ഥാന നേതൃയോഗത്തിൽ തീരുമാനം. വളരെ ഗുരുതരമായ കുറ്റത്തിന് മാറ്റിനിർത്തപ്പെട്ടവരെയൊഴിച്ച് ബാക്കിയെല്ലാവരെയും വരുംദിവസങ്ങളിൽ തിരിച്ചെടുക്കുന്ന നടപടി തുടങ്ങും. 

സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള ഇപ്പോഴത്തെ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ടായതിനെ തുടർന്ന് പുറത്തുനിൽക്കേണ്ടിവന്ന മുൻ സംസ്ഥാന വക്താക്കളായ സന്ദീപ് വാരിയർ, പി.ആർ.ശിവശങ്കർ എന്നിവർ സംസ്ഥാന കമ്മിറ്റി  അംഗങ്ങളായിത്തന്നെ തിരിച്ചെത്തിയതുപോലെ എല്ലാവരെയും തിരിച്ചുകൊണ്ടുവരാനാണു തീരുമാനം.  ഇതിന്റെ പൂർണചുമതല ആർഎസ്എസ് പ്രതിനിധിയും സംഘടനാ ജനറൽ സെക്രട്ടറിയുമായ കെ.സുഭാഷ് ഏറ്റെടുത്തിട്ടുണ്ട്. നേതൃമാറ്റമില്ലാതെ തന്നെ സംഘടനയുടെ പ്രവർത്തനത്തിൽ പൂർണമായും തിരുത്തൽ നടപടിക്കാണ് ആർഎസ്എസ് ഇതുവഴി ഒരുങ്ങുന്നത്. ബൂത്ത്, മണ്ഡലതലം മുതൽ ചുമതലയിലുള്ളവർ പോലും നേതൃത്വത്തിന്റെ പടലപിണക്കത്തിൽപ്പെട്ട് പ്രവർത്തനത്തിൽനിന്ന് അകന്നുനിൽക്കുന്നുണ്ട്. ഇവരെയെല്ലാം സജീവമാക്കും. കെ.സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംസ്ഥാന നേതൃത്വം വന്നപ്പോൾ ജില്ലകളിൽ പ്രസിഡന്റുമാരെയുൾപ്പെടെ മാറ്റി പകരക്കാരെ കൊണ്ടുവന്നിരുന്നു. ഇതോടെ അതുവരെ ജില്ലാ ഭാരവാഹിത്വത്തിൽ നിന്നവരെല്ലാം ഒരു ദിവസം കൊണ്ട് പ്രവർത്തനത്തിൽനിന്ന് അപ്രത്യക്ഷരായി. പരാതികളുയർന്നെങ്കിലും പരിഹരിക്കുന്നതിനു ശ്രമമുണ്ടായില്ല. തൃക്കാക്കരയും പുതുപ്പള്ളിയും പാഠമായതോടെയാണു ബിജെപിയിൽ പുനർചിന്തനത്തിനു വേഗം കൂടിയത്. 

നരേന്ദ്ര മോദിയിൽ ആകൃഷ്ടരായി കേരളത്തിൽ ബിജെപിയിൽ വന്നവരിൽ മിക്കവരും  സംസ്ഥാന നേതൃത്വത്തോടു യോജിക്കാനാവാതെ തിരിച്ചുപോയി. ജേക്കബ് തോമസ് ഉൾപ്പെടെ വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥരും പ്രമുഖരും വന്നെങ്കിലും പ്രത്യേകിച്ച് സ്ഥാനത്തേക്കോ പ്രവർത്തന പദ്ധതിയിലോ വന്നില്ല. തുടർന്നാണു സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് എൽ.ഗണേശൻ മാറി സഹസംഘടനാ സെക്രട്ടറിയായിരുന്ന കെ.സുഭാഷ് വന്നത്. നേതൃത്വം മാറണമെന്നല്ല ശൈലി മാറ്റിയേ പറ്റൂവെന്നു കർശനനിലപാട് ആർഎസ്എസ് അറിയിച്ചിരുന്നു.

 

English Summary: Kerala BJP state leaders meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com