പിഎസ്‌സി ജോലിത്തട്ടിപ്പ്: മുഖ്യപ്രതികൾ അറസ്റ്റിൽ

628069208
രാജലക്ഷ്മി.
SHARE

തിരുവനന്തപുരം∙ പിഎസ്‌സിയുടെ പേരിൽ വ്യാജ കത്തു നിർമിച്ചു സർക്കാർ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതികൾ അറസ്റ്റിൽ. പൊലീസ് ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ് ആസൂത്രണം ചെയ്തു നടപ്പാക്കിയ ഒന്നാം പ്രതി അടൂർ സ്വദേശി ആർ.രാജലക്ഷ്മി, പിഎസ്‌സി ഉദ്യോഗസ്ഥ ചമഞ്ഞ് ഓൺലൈൻ അഭിമുഖം നടത്തിയ മൂന്നാം പ്രതി ജോയ്സി എന്നിവരാണ് അറസ്റ്റിലായത്. 

രാജലക്ഷ്മി അഭിഭാഷകനൊപ്പം കഴക്കൂട്ടം സൈബർ സിറ്റി അസി. കമ്മിഷണറുടെ ഓഫിസിൽ എത്തി കീഴടങ്ങുകയായിരുന്നു. ജോയ്സിയെ കോട്ടയത്തു നിന്നു  പൊലീസ് പിടികൂടി. പൊലീസിന്റെ നിർദേശപ്രകാരമാണ് രാജലക്ഷ്മി കീഴടങ്ങിയതെന്നാണു സൂചന. ഇതോടെ  കീഴടങ്ങിയവരുടെ എണ്ണം മൂന്നായി. തട്ടിയെടുത്ത പണത്തിൽ പകുതിയും രാജലക്ഷ്മി ചെലവഴിച്ചെന്നു കണ്ടെത്തി. കേസിൽ മറ്റു ചിലർക്കും പങ്കുണ്ടെന്നാണു കരുതുന്നതെന്ന് അന്വേഷണത്തിനു നേതൃത്വം നൽകിയ കമ്മിഷണർ സി.നാഗ രാജു, ഡിസിപി പി.നിഥിൻ രാജ് എന്നിവർ പറഞ്ഞു.  

രാജലക്ഷ്മി അടൂരിൽ താമസിച്ചിരുന്നപ്പോൾ കുട്ടിയെ നോക്കിയിരുന്നത് ജോയ്സിയാണ്. ഈ സൗഹൃദം ആണ് തട്ടിപ്പിലേക്കു നീണ്ടത്. രാജലക്ഷ്മിയുടെ നിർദേശപ്രകാരമാണ് തട്ടിപ്പ് നടത്തിയതെന്നു ജോയ്സി പൊലീസിനു മൊഴി നൽകി. പണം നൽകിയ 15 ഉദ്യോഗാർഥികൾക്കു ഇവർ അഭിമുഖം നടത്തി. പിഎസ്‌സി ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥയാണെന്നു സ്വയം പരിചയപ്പെടുത്തിയ ജോയ്സി എല്ലാവർക്കും ജോലി ഉറപ്പാണെന്നു വാക്കു നൽകി. രണ്ടാം പ്രതി രശ്മിയാണ് രഹസ്യമായി ഉദ്യോഗാർഥികളെ കണ്ടെത്തുകയും പണം പിരിക്കുകയും ചെയ്തത്.

കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയ രണ്ടാം പ്രതി രശ്മിയുടെ മൊഴി പ്രകാരം 50 ലക്ഷത്തോളം രൂപ പിരിച്ചെടുത്തിട്ടുണ്ട്. ജോലി വാങ്ങി നൽകാം എന്ന രാജലക്ഷ്മിയുടെ വാഗ്ദാനം വിശ്വസിച്ചു രശ്മി തട്ടിപ്പിൽ കുടുങ്ങിയെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. രാജലക്ഷ്മി ആവശ്യപ്പെട്ട പ്രകാരമാണ് രശ്മി വാട്സാപ് ഗ്രൂപ്പു വഴിയും നേരിട്ടും ഉദ്യോഗാർഥികളെ ക്യാൻവാസ് ചെയ്തത്. 84 പേരോളം അംഗങ്ങളായ വാട്സാപ് ഗ്രൂപ്പിൽ 15 പേർ വരെ പണം നൽകി. 

രശ്മി ഈ തുക രാജലക്ഷ്മിയുടെ അക്കൗണ്ടിലേക്ക് അയച്ചു നൽകിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിജിലൻസ്, ഇൻകംടാക്സ്, ജിഎസ്ടി വകുപ്പുകളിൽ ഇല്ലാത്ത തസ്തികകളിൽ അടക്കം ജോലി വാഗ്ദാനം ചെയ്തു 50 ലക്ഷത്തോളം രൂപയാണ് ഉദ്യോഗാർഥികളിൽ നിന്നു തട്ടിയെടുത്തത്.

English Summary: PSC job offering cheating; Accused surrendered

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

പൊളിറ്റിക്കൽ കറക്ട്നസ് നോക്കാൻ ഒരു വിഭാഗം ഗുണ്ടകൾ സോഷ്യൽ മീഡിയയിലുണ്ട്

MORE VIDEOS