ADVERTISEMENT

തിരുവനന്തപുരം ∙ നോട്ട് നിരോധനസമയം വൻതോതിൽ ഇടപാടു നടന്ന കേരളത്തിലെ 45 സഹകരണ ബാങ്കുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നിരീക്ഷണത്തിൽ. കരുവന്നൂരിനും അയ്യന്തോളിനും പിന്നാലെ ഇൗ ബാങ്കുകളിൽ നടന്ന ഇടപാടുകളിലേക്കും അന്വേഷണമെത്തും. ഇതിനായി വിവരങ്ങൾ ഇ.ഡി നേരത്തേതന്നെ ശേഖരിച്ചതായി സഹകരണ വകുപ്പിലെ ഉന്നതർക്കും അറിയാം. 

കേന്ദ്ര സഹകരണ നയത്തിൽ ആദ്യം പ്രഖ്യാപിച്ച ഏകീകൃത സോഫ്റ്റ്‌വെയർ എന്ന സംവിധാനത്തിൽനിന്നു കേരളം മാറിനിന്നതും ഇ.ഡിയും ആദായനികുതിവകുപ്പും ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെ ഭയന്നാണ്. നോട്ട് നിരോധന സമയത്തു മാറ്റിക്കൊടുക്കുന്ന നോട്ടുകളുടെ കണക്കുകൾ സൂക്ഷിക്കണമെന്നു നിർദേശം നൽകിയെങ്കിലും നടപടി സർക്കുലറിൽ ഒതുങ്ങിയെന്നു തെളിയിക്കുന്നതാണു കരുവന്നൂർ ബാങ്കിലെ തട്ടിപ്പ്.

നിക്ഷേപകന്റെ കെവൈസി (അക്കൗണ്ട് രേഖകൾ) സൂക്ഷിക്കാതിരിക്കുകയും ഉറവിടം അറിയിക്കാത്ത പണം സ്വീകരിക്കുകയും ചെയ്താൽ അത‌ു കള്ളപ്പണം എന്നാണ് ഇഡിയുടെ നിഗമനം. ഇത്തരത്തിലുള്ള നിക്ഷേപങ്ങളിലെല്ലാം ചോദ്യം വരും. നികുതി അടയ്ക്കുകയും വേണം. ആദായനികുതി വകുപ്പിന്റെ നിരീക്ഷണവും കേരളത്തിലെ സഹകരണ ബാങ്കുകളിലേക്കു വന്നിട്ടുണ്ട്. സഹകരണ ബാങ്കിൽ വോട്ടവകാശമുള്ള അംഗങ്ങൾ മാത്രമേ നിക്ഷേപം നടത്താവൂ എന്നാണ് ആർബിഐ നിയമം. എന്നാൽ കേരളം ഇത് അംഗീകരിക്കുന്നില്ല. നിക്ഷേപവുമായി വരുന്നവർക്കു നോമിനൽ അംഗത്വം നൽകി നിക്ഷേപം സ്വീകരിക്കുന്നതാണു രീതി. ഇത് അംഗീകരിക്കില്ലെന്ന ആദായനികുതിവകുപ്പിന്റെ നിലപാടിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണു കേരളം. ഇത്തരം നിക്ഷേപകരെ സംശയത്തോടെയാണ് ആദായനികുതിവകുപ്പ് കാണുന്നത്. പലപ്പോഴും വലിയ നിക്ഷേപം പോലും പല അക്കൗണ്ടുകളിലേക്കു വിന്യസിച്ചാണ് ഇത്തരം നിക്ഷേപങ്ങൾ സ്വീകരിക്കുന്നത്.

English Summary: 45 cooperative banks under Enforcement Directorate surveillance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com