കൊച്ചി / തൃശൂർ / തിരുവനന്തപുരം ∙ സഹകരണ ബാങ്കുകളിലെ വായ്പത്തട്ടിപ്പു കേസിലെ മുഖ്യപ്രതി പി.സതീഷ്കുമാറിന്റെ 25 ബെനാമി സ്വത്തുവകകളുടെ രേഖകൾ ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) പിടിച്ചെടുത്തു.

പ്രതികളുമായി അടുത്ത ബന്ധം പുലർത്തുന്ന സുനിൽകുമാറിന്റെ വീട്ടിൽ നിന്നു 100 പവൻ സ്വർണവും 5.5 ലക്ഷം രൂപയും പിടികൂടി. മറ്റൊരു പങ്കാളിയായ അനിൽകുമാറിന്റെ വീട്ടിൽ നിന്നു 15 കോടി രൂപയുടെ മൂല്യമുള്ള വസ്തുക്കളുടെ രേഖകളും രണ്ടാം പ്രതി പി.പി.കിരണിന്റെ ബിസിനസ് പങ്കാളിയായ കൊച്ചി സ്വദേശി എസ്.ദീപക്കിന്റെ വീട്ടിൽ നിന്ന് 5 കോടി രൂപ മൂല്യമുള്ള 19 സ്വത്തുവകകളുടെ രേഖകളും പിടിച്ചെടുത്തു. 

പ്രതികൾ ഗൂഢാലോചന നടത്തി 150 കോടി രൂപ ബാങ്കിൽ നിന്നു തട്ടിയെടുത്തതിന്റെ കണക്കുകളാണ് ഇതുവരെ പുറത്തുവന്നത്. ലഭ്യമായ മൊഴികളുടെ അടിസ്ഥാനത്തിൽ തട്ടിപ്പ് 300 കോടി രൂപ കവിഞ്ഞേക്കും. 

കേസിൽ 9 ഇടങ്ങളിലാണ് ഒരേസമയം അന്വേഷണ സംഘം പരിശോധന നടത്തിയത്. തൃശൂർ കോർപറേഷൻ കൗൺസിലർ അനൂപ് ഡേവിസ് കാട, കരുവന്നൂർ ബാങ്ക് മുൻ സെക്രട്ടറി ടി.ആർ.സുനിൽകുമാർ, തൃശൂർ സഹകരണ ബാങ്ക് ജീവനക്കാരനായ എൻ.വി.ബിനു എന്നിവരെ ഇ.‍ഡി ഇന്നലെ ചോദ്യം ചെയ്തു. പി.സതീഷ്കുമാർ, പി.പി.കിരൺ എന്നിവരുടെ റിമാൻഡ് പ്രത്യേക കോടതി ഇന്നലെ ഒക്ടോബർ 3 വരെ നീട്ടി. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ അയ്യന്തോൾ, തൃശൂർ സഹകരണ ബാങ്കുകളിൽ ഇ.ഡി നടത്തിയ റെയ്ഡ് 24 മണിക്കൂറോളം നീണ്ടു.

മൊയ്തീൻ ഹാജരായില്ല

കരുവന്നൂർ കള്ളപ്പണക്കേസിൽ രണ്ടാംവട്ട ചോദ്യംചെയ്യലിനു ഹാജരാകാൻ ഇ.ഡി നിർദേശിച്ച സമയത്ത് എ.സി.മൊയ്തീൻ നിയമസഭയിൽ. എംഎൽഎമാർക്കായി നിയമസഭ സംഘടിപ്പിക്കുന്ന ദ്വിദിന പരിശീലന പരിപാടിയിൽ പങ്കെടുക്കുകയാണെന്നു കാട്ടി മൊയ്തീൻ ഇമെയിൽ വഴി ഇ.ഡിയെ അസൗകര്യം അറിയിച്ചിരുന്നു.

‘‘കേരളത്തിലെ സഹകരണ മേഖലയെ ആകെ തകർക്കുകയാണ് ഇപ്പോഴത്തെ ഇഡി അന്വേഷണത്തിന്റെ ലക്ഷ്യം. നോട്ടുനിരോധനം വന്നപ്പോൾതന്നെ സഹകരണ മേഖലയെ തകർക്കാൻ നീക്കം നടന്നു. അന്ന് അതിനെതിരെ സഹകാരികൾ ഒറ്റക്കെട്ടായിനിന്നു. ഇന്ന് സുതാര്യമായ രാഷ്ട്രീയപ്രവർത്തനം നടത്തുന്നവരെപോലും അന്വേഷണത്തിന്റെ പേരിൽ അപകീർത്തിപ്പെടുത്താനാണു നീക്കം. കരുവന്നൂർ ബാങ്കിലെ പ്രശ്നങ്ങൾക്കുമേൽ സർക്കാർ ഫലപ്രദമായ നടപടികൾ കൈക്കൊണ്ടതാണ്. തെറ്റിനെ അംഗീകരിക്കില്ല. ഇത് സിപിഎമ്മിനെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. കേരളത്തിലെ സഹകരണ മേഖലയെയാണ് അവർ ലക്ഷ്യമിടുന്നത്.’’

മുഖ്യമന്ത്രി പിണറായി വിജയൻ

‘‘കരുവന്നൂർ ഉൾപ്പെടെ സിപിഎം നിയന്ത്രണത്തിനുള്ള സഹകരണ ബാങ്കുകളിൽ നടന്ന വൻതട്ടിപ്പും കള്ളപ്പണ ഇടപാടും സംബന്ധിച്ച് സമഗ്രഅന്വേഷണം വേണം.  ഏത് ഏജൻസി അന്വേഷിക്കണമെന്ന കാര്യം യുഡിഎഫ് ആലോചിച്ച ശേഷം പറയും. കരുവന്നൂരിലെ കൊള്ള സംബന്ധിച്ച് 2011ൽ സിപിഎം ഏരിയ കമ്മിറ്റി അംഗം പരാതി നൽകിയിട്ടും കള്ളപ്പണക്കാരെയും അഴിമതിക്കാരെയും സംരക്ഷിക്കുന്ന നിലപാടാണു പാർട്ടി സ്വീകരിച്ചത്. സഹകരണ ബാങ്കുകൾക്കു മേൽ അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അവസരമാണ് സിപിഎം ഒരുക്കിക്കൊടുത്തിരിക്കുന്നത്. നിരപരാധികളായ ആരെയെങ്കിലും കുടുക്കാൻ ഇഡി ശ്രമിച്ചാൽ എതിർക്കാൻ കൂടെനിൽക്കും.’’

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

‘‘കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനാണ് കേന്ദ്രസർക്കാരിന്റെ ഒത്താശയോടെ ഇഡി നടത്തുന്ന പരിശോധനകൾ. തികഞ്ഞ രാഷ്ട്രീയലക്ഷ്യമാണ് പിന്നിലെന്ന് ദിവസം കഴിയുന്തോറും വ്യക്തമാകുകയാണ്. സഹകരണ ബാങ്കുകളിലെ നിക്ഷേപം സുരക്ഷിതമാണ്. സഹകരണ സംഘങ്ങളിലാകെ കള്ളപ്പണമാണ് എന്ന തെറ്റായ സന്ദേശം നൽകി ഈ മേഖല പടുത്തുയർത്തിയ വിശ്വാസത്തെ തകർക്കുകയാണ് ലക്ഷ്യം.’’

 

മന്ത്രി വി.എൻ.വാസവൻ

English Summary: Karuvannur Co-op Bank Scam