ADVERTISEMENT

കൊച്ചി∙ കരുവന്നൂർ ബാങ്ക് ബെനാമി വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യം ചെയ്തു വിട്ടയച്ച വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും സിപിഎം പ്രാദേശിക നേതാവുമായ പി.ആർ. അരവിന്ദാക്ഷൻ ഇ.ഡി. ഉദ്യോഗസ്ഥർ മർദിച്ചതായി ആരോപിച്ചു പൊലീസിനു പരാതി നൽകി. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണു പരാതി നൽകിയത്. ഇതുവരെ അന്വേഷണത്തോട് ഏറ്റവും സഹകരിച്ച അരവിന്ദാക്ഷൻ ചോദ്യംചെയ്യൽ കഴിഞ്ഞു ‘ചിരിച്ചു കളിച്ച്’ ഇറങ്ങിപ്പോയ ശേഷം പൊലീസിനു പരാതി നൽകിയത് എന്തുകൊണ്ടാണെന്നറിയില്ലെന്ന് ഇ.ഡി. ഉദ്യോഗസ്ഥർ പ്രതികരിച്ചു.

അരവിന്ദാക്ഷന്റെ പരാതി ലഭിച്ചതിനെ തുടർന്നു സെൻട്രൽ പൊലീസ് എറണാകുളം മുല്ലശേരി കനാൽ റോഡിലുള്ള ഇ.ഡി. ഓഫിസിൽ നേരിട്ടെത്തി വിവരം ശേഖരിച്ചു. പരാതിയിൽ കേസ് റജിസ്റ്റർ ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിനു ശേഷം അരവിന്ദാക്ഷൻ വൈദ്യസഹായം തേടിയിരുന്നു. കരുവന്നൂർ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡിക്ക് ഏറ്റവും കൂടുതൽ വിവരങ്ങൾ കൈമാറിയ രണ്ടുപേരാണ് ഇടനിലക്കാരനായ കെ.എ. ജിജോറും പ്രാദേശിക സിപിഎം നേതാവുമായ പി.ആർ. അരവിന്ദാക്ഷനും. ഇവരുടെ മൊഴികളുടെയും കൈമാറിയ തെളിവുകളുടെയും ബലത്തിലാണ് ഒന്നാം പ്രതി പി. സതീഷ്കുമാർ, രണ്ടാം പ്രതി പി.പി. കിരൺ എന്നിവരെ ഇ.ഡി. അറസ്റ്റ് ചെയ്തതു തന്നെ.

രാഷ്ട്രീയ സമ്മർദം കൊണ്ടാകും അരവിന്ദാക്ഷൻ വ്യാജ പരാതി നൽകിയതെന്നാണ് ഇ.ഡിയുടെ അനുമാനം.

വടക്കാഞ്ചേരി സിപിഎം ഏരിയാ കമ്മിറ്റിയംഗവും മുൻ ലോക്കൽ സെക്രട്ടറിയുമായ അരവിന്ദാക്ഷൻ ഇപ്പോൾ നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷൻ കൂടിയാണ്. വടക്കാഞ്ചേരിയിൽ എ.സി. മൊയ്തീന്റെ വിശ്വസ്തൻ കൂടിയാണ് അരവിന്ദാക്ഷൻ.

 

English Summary: Karuvannur Bank Scam: Allegation against ED

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com