ADVERTISEMENT

തിരുവനന്തപുരം∙ മന്ത്രിസ്ഥാനം വേണമെന്ന എൽജെഡിയുടെ ആവശ്യം ഉഭയകക്ഷി ചർച്ച നടത്തി പരിഹരിക്കാൻ എൽഡിഎഫ്. മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് എൽജെഡി കത്തു നൽകിയെങ്കിലും ഇന്നലത്തെ എൽഡിഎഫ് യോഗത്തിൽ അതു ചർച്ചയായില്ല. മന്ത്രിസ്ഥാനം പാർട്ടിക്ക് അർഹതപ്പെട്ടതാണെന്നും ഇക്കാര്യത്തിൽ പിന്നീടു ചർച്ച നടത്താമെന്ന് എൽഡിഎഫ് കൺവീനർ ഉറപ്പു നൽകിയതായും യോഗ ശേഷം എൽജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാർ പറഞ്ഞു.

എന്നാൽ മന്ത്രിസ്ഥാനം പങ്കിടുന്നതു സംബന്ധിച്ച് എൽഡിഎഫിൽ നേരത്തേയുണ്ടായ ധാരണ അനുസരിച്ചുള്ള മാറ്റം രണ്ടര വർഷം പൂർത്തിയാക്കുന്ന നവംബറിൽ ഉണ്ടാകുമെന്നും മറ്റു രീതിയിലുള്ള മന്ത്രിസഭാ പുനഃസംഘടന മുന്നണി പരിഗണിച്ചിട്ടേയില്ലെന്നുമായിരുന്നു എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ പ്രതികരണം. മന്ത്രിമാരുടെ എണ്ണം ഇനിയും കൂട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒറ്റ എംഎൽഎയുള്ള കക്ഷികളെ പ്രതിനിധീകരിച്ച് മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും രണ്ടര വർഷത്തിനു ശേഷം മാറി പകരം കെ.ബി.ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരാകുക എന്നതായിരുന്നു എൽഡിഎഫിലെ മുൻ ധാരണ. അതു നടപ്പാക്കുന്നതിനപ്പുറം മറ്റു കക്ഷികൾക്ക് മന്ത്രിസ്ഥാനം ലഭിക്കാനുള്ള സാധ്യതയില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു ജയരാജന്റെ പ്രതികരണം.

‘‘ എല്ലാവർക്കും മന്ത്രിസ്ഥാനം മോഹിക്കാൻ അവകാശമുണ്ട്. അതിൽ തെറ്റില്ല. എൽജെഡിയോട് എന്തു പറഞ്ഞു എന്നു പറയാനാകില്ല. മുന്നണിയിലെ കക്ഷികൾക്കു നൽകിയ ഉറപ്പുകൾ പാലിക്കും. വ്യത്യസ്തമായ സാഹചര്യം ഇപ്പോഴില്ല. കോവൂർ കുഞ്ഞുമോൻ എംഎൽഎയും മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കത്തു നൽകിയിരുന്നു. അദ്ദേഹത്തോടു കാര്യങ്ങൾ വിശദീകരിക്കുകയും ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്.’’– ജയരാജൻ പറഞ്ഞു.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം യുഡിഎഫ് നടത്തിയ പത്രസമ്മേളന വേദിയിൽ വി.ഡി.സതീശനും കെ.സുധാകരനും തമ്മിലുണ്ടായ തർക്കം സംബന്ധിച്ച് ‘അടി നടക്കാത്തതു ഭാഗ്യം’ എന്നായിരുന്നു ജയരാജന്റെ പ്രതികരണം. എല്ലാ രാഷ്്ട്രീയ കക്ഷികളും ഉയർന്ന രാഷ്ട്രീയ ബോധവും മാന്യതയും കാട്ടണം. മാത്യു കുഴൽനാടൻ എംഎൽഎക്കെതിരായ വിജിലൻസ് അന്വേഷണം രാഷ്ട്രീയ വേട്ടയാടൽ അല്ലെന്നും വ്യക്തിവിരോധം തീർക്കാനുള്ള പ്രതികാര മനോഭാവം സർക്കാരിനില്ലെന്നും അദ്ദേഹം പറഞ്ഞു.

English Summary: LDF Convener EP Jayarajan about Kerala Cabinet Reshuffle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT