ലോട്ടറി ടിക്കറ്റിനെച്ചൊല്ലി തർക്കം; യുവാവിനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി

Mail This Article
ചവറ∙ ഓണം ബംപർ ലോട്ടറി ടിക്കറ്റിനെച്ചൊല്ലി തർക്കം; യുവാവിനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി. തേവലക്കര കളങ്ങര കിഴക്കേതിൽ നാണുവിന്റെയും പരേതയായ ശാന്തയുടെയും മകൻ ദേവദാസ് (37) ആണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തേവലക്കര കളങ്ങര വീട് അജിത്തിനെ (39) തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 1.15ന് കളങ്ങര ജംക്‌ഷനിലായിരുന്നു സംഭവം. ഇരുവരും മദ്യലഹരിയിലായിരുന്നെന്നു പൊലീസ് പറയുന്നു.
ദേവദാസ് ഓണം ബംപർ ലോട്ടറി എടുത്തത് അജിത്തിനെ ഏൽപിച്ചിരുന്നു. നറുക്കെടുപ്പിന് ഒരു മണിക്കൂർ മുൻപ് ടിക്കറ്റ് തിരികെ ചോദിച്ചപ്പോൾ നൽകാത്തതിനെ തുടർന്നാണ് തർക്കം ആരംഭിച്ചത്. ലോട്ടറി തിരികെ തരാത്ത തന്റെ കൈ വെട്ടിക്കൊള്ളാൻ അജിത്ത് ആവശ്യപ്പെട്ടപ്പോൾ തന്റെ കൈ വെട്ടാൻ ദേവദാസ് പറഞ്ഞു. അജിത്ത് വീട്ടിൽ പോയി വെട്ടുകത്തിയുമായി തിരികെ എത്തി ദേവദാസിന്റെ വലുത് കൈക്കു വെട്ടുകയായിരുന്നു. വെട്ടേറ്റ ദേവദാസ് തളർന്നു വീഴുകയും രക്തം വാർന്നു പോകുകയുമായിരുന്നു. ഇവർക്കൊപ്പം ഉണ്ടായിരുന്ന തഴവ പാവുമ്പ സ്വദേശി സുരേന്ദ്രനെയും രക്ഷിക്കാനെത്തിയ നാട്ടുകാരെയും വെട്ടുകത്തിയുമായി വിരട്ടിയോടിച്ചു. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് തെക്കുംഭാഗം പൊലീസ് സ്ഥലത്ത് എത്തി അജിത്തിനെ കസ്റ്റഡിയിലെടുത്തു. ദേവദാസിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. സംസ്കാരം ഇന്ന്.
ഉറ്റ സുഹൃത്തുക്കളും സന്തത സഹചാരികളുമായ ഇരുവരും മരംവെട്ടു തൊഴിലാളികളാണ്. ദിവസവും ഒന്നിച്ചിരുന്ന് മദ്യപിക്കുന്ന ഇവർ ഇടയ്ക്കിടെ തർക്കത്തിലും കയ്യാങ്കളിയിലും ഏർപ്പെടാറുണ്ടെന്നു പൊലീസ് പറഞ്ഞു. ഭാര്യ ഉപേക്ഷിച്ച് പോയ ദേവദാസ് മിക്ക സമയവും കടത്തിണ്ണയിലാണ് കഴിയുന്നത്. അതേ കടത്തിണ്ണയിൽ വച്ചാണ് അജിത്ത് ദേവദാസിനെ വെട്ടിയത്. സംഭവത്തിനു സാക്ഷിയായ സുരേന്ദ്രനെയും കസ്റ്റഡിയിലെടുത്തു.
English Summary : Friend killed young man on controversy over lottery ticket in kollam