സഹകരണ ബാങ്ക് ലോക്കറിലെ 60 പവൻ സ്വർണം കാണാതായി

Mail This Article
കൊടുങ്ങല്ലൂർ ∙ ടൗൺ സഹകരണ ബാങ്കിന്റെ അഴീക്കോട് ശാഖയിലെ ലോക്കറിൽ സൂക്ഷിച്ച 60 പവൻ സ്വർണാഭരണങ്ങൾ കാണാതായെന്നു പരാതി. എടമുട്ടം നെടിയിരിപ്പിൽ സണ്ണിയുടെ ഭാര്യ സുനിതയാണു പരാതിയുമായി കൊടുങ്ങല്ലൂർ പൊലീസിനെ സമീപിച്ചത്. സുനിതയുടെയും അമ്മ സാവിത്രിയുടെയും പേരിലാണു ബാങ്കിൽ സേഫ് ഡിപ്പോസിറ്റ് ലോക്കറുള്ളത്.
സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്നു ശാഖാ ബ്രാഞ്ച് മാനേജരും പൊലീസിനു പരാതി നൽകി. ബെംഗളൂരുവിൽ കുടുംബസമേതം താമസിക്കുന്ന അഴീക്കോട് പോണത്ത് സുനിത കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ആഭരണങ്ങൾ ലോക്കറിൽ വച്ചത്. പിന്നീടു പലപ്പോഴായി കൂടുതൽ ആഭരണങ്ങൾ ലോക്കറിൽ വച്ചിരുന്നു. സുനിത ഇന്നലെ രാവിലെ നാട്ടിലെത്തി ബാങ്കിലെ ലോക്കർ തുറന്നപ്പോഴാണു സ്വർണത്തിന്റെ അളവു കാര്യമായി കുറഞ്ഞെന്നു മനസ്സിലാക്കിയത്.
സേഫ് ഡിപ്പോസിറ്റ് ലോക്കറിന്റെ താക്കോൽ ഇടപാടുകാരന്റെ കൈവശവും മാസ്റ്റർ കീ ബാങ്കിലുമാണ് ഉണ്ടാകുക. രണ്ടു താക്കോലുകളും ഉപയോഗിച്ചാലേ ലോക്കർ തുറക്കാനാകൂ. കഴിഞ്ഞ ഫെബ്രുവരി 3നു സുനിതയുടെ അമ്മ ബാങ്കിലെത്തി ലോക്കർ തുറന്നതായി ബാങ്ക് അധികൃതർ പറയുന്നു. ഇതേ വിവരം ബാങ്ക് പൊലീസിനെയും അറിയിച്ചിട്ടുണ്ട്.
എന്നാൽ, ഫെബ്രുവരിയിൽ ലോക്കർ തുറന്നത് ഒരു പാദസരം കൂടി ലോക്കറിലേക്കു വയ്ക്കാനായിരുന്നെന്നു സുനിത പറയുന്നു. പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസുമായി ബന്ധപ്പെട്ടു കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്കിലെ ഒരു അക്കൗണ്ട് കഴിഞ്ഞ ദിവസം ഇ.ഡി മരവിപ്പിച്ചിരുന്നു. സിപിഎം-സിപിഐ ഭരണത്തിലുള്ള പ്രമുഖ സഹകരണ ബാങ്കുകളിലൊന്നാണിത്.
English Summary : Gold missing from Co operative bank locker