കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് പാർട്ടി പണ്ടേ അറിഞ്ഞു; വെറും വിലക്കിൽ ഒതുക്കി

Mail This Article
തൃശൂർ ∙ കരുവന്നൂർ സഹകരണ ബാങ്കിൽ പാർട്ടി പ്രവർത്തകർ തന്നെയാണു തട്ടിപ്പു നടത്തുന്നതെന്നു വിവരം കിട്ടിയതിനെത്തുടർന്നു ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങൾ വായ്പയെടുക്കുന്നതു നാലു വർഷം മുൻപു സിപിഎം ജില്ലാ കമ്മിറ്റി വിലക്കി. എന്നാൽ പാർട്ടിയുമായി ബന്ധപ്പെട്ടവർ എടുത്ത വായ്പയിലെ തിരിമറി അപ്പോഴും പാർട്ടി തടഞ്ഞില്ല. ബാങ്കിന്റെ തകർച്ചയ്ക്ക് ഇടയാക്കിയതും ഈ മൗനമാണ്.
കരുവന്നൂരിലെ തട്ടിപ്പിനെക്കുറിച്ചും ബോർഡ് ഓഫ് ഡയറക്ടേഴ്സിലെ സിപിഎം അംഗങ്ങൾ തന്നെ വായ്പ എടുക്കുന്നതിനെക്കുറിച്ചും പാർട്ടിക്ക് ആദ്യം പരാതി കിട്ടിയതു 2018ലാണ്. അന്നു വൻകിട തട്ടിപ്പുകൾ നടന്നിരുന്നില്ല. എന്നാൽ 2019 ആദ്യം ഇതേക്കുറിച്ചു പാർട്ടി ഏരിയാ തലത്തിൽ അന്വേഷിക്കുകയും തട്ടിപ്പിന്റെ രീതി കണ്ടെത്തുകയും ചെയ്തു. ഇതേത്തുടർന്നു 2019 ഫെബ്രുവരി 6നു നടന്ന ജില്ലാ കമ്മിറ്റി യോഗം സഹകരണ ബാങ്കിൽ നിന്നു ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങൾ വായ്പയെടുക്കുന്നതു വിലക്കുകയായിരുന്നു. പാർട്ടി മിനിറ്റ്സിലെ ഏഴാമത്തെ ഇനത്തിൽ പറയുന്നത് ഇങ്ങനെയാണ്: ‘സഹകരണ സ്ഥാപനങ്ങളിലെ ബോർഡ് അംഗങ്ങൾ സ്വന്തം പേരിലും ബന്ധുക്കളുടെയും കുടുംബാംഗങ്ങളുടെയും പേരിൽ വായ്പയെടുത്ത ശേഷം കൃത്യ സമയത്തു തിരിച്ചടയ്ക്കുന്നില്ലെന്നു പരാതി വരുന്നുണ്ട്. സഹകരണ സ്ഥാപന ബോർഡ് അംഗങ്ങൾ അവരുടെ പേരിൽ അതതു സ്ഥാപനങ്ങളിൽനിന്നു വായ്പയെടുക്കാൻ പാടില്ല. ’
ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങൾ വേണ്ടപ്പെട്ടവരുടെ പേരിൽ വായ്പയെടുക്കുകയും തിരിച്ചടയ്ക്കാതിരിക്കുകയും ചെയ്യുന്നുവെന്നു പാർട്ടിക്കു വ്യക്തമായിരുന്നു. ഈ സമയത്തുതന്നെ അന്വേഷണം ആവശ്യപ്പെടുകയും പൊലീസിനു വിവരം കൈമാറുകയും ചെയ്തിരുന്നെങ്കിൽ കരുവന്നൂരിൽ ഗുരുതരമായ തട്ടിപ്പു നടക്കില്ലായിരുന്നു. പാർട്ടി അന്വേഷണ കമ്മിഷനും ഈ വിലക്കു പരിശോധിച്ചിട്ടുണ്ട്. എന്തുകൊണ്ടാണു കരുവന്നൂരിലെ പ്രശ്നം 2019ൽ ഗൗരവത്തോടെ കാണാതിരുന്നതെന്നു വ്യക്തമല്ല. പാർട്ടിയുടെ വടക്കാഞ്ചേരി ഘടകത്തിലെ പ്രവർത്തകർ കരുവന്നൂരിൽ നടത്തിയ ഇടപെടൽ അന്വേഷണ കമ്മിഷൻ ചൂണ്ടിക്കാണിച്ചതുമില്ല. വൻ തോതിൽ പാർട്ടി തല ഇടപെടൽ വായ്പകളിലുണ്ടായെന്നു അന്വേഷണ റിപ്പോർട്ടിൽ പറയുന്നില്ലെന്നതും സംശയങ്ങൾക്ക് ഇട നൽകുന്നു.
English Summary: Karuvannur Bank Scam: CPM District Committee minutes of meeting