ഇ.ഡി. സിപിഎം പ്രാദേശിക നേതാവിനെ ഇടിച്ചോ? കേസ് എടുക്കാൻ നിയമോപദേശം തേടി പൊലീസ്

Mail This Article
കൊച്ചി∙ കരുവന്നൂർ ബാങ്ക് ബെനാമി വായ്പ തട്ടിപ്പു കേസിന്റെ ചോദ്യം ചെയ്യലിനിടയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥർ മർദിച്ചെന്ന വടക്കാഞ്ചേരി മുനിസിപ്പൽ സ്ഥിരം സമിതി അധ്യക്ഷനും സിപിഎം പ്രാദേശിക നേതാവുമായ പി.ആർ. അരവിന്ദാക്ഷന്റെ പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതിനു മുന്നോടിയായി എറണാകുളം സെൻട്രൽ പൊലീസ് നിയമോപദേശം തേടി.
പരാതി ലഭിച്ചതിനെത്തുടർന്നു പൊലീസ് ഉദ്യോഗസ്ഥർ എറണാകുളം മുല്ലശേരി കനാൽ റോഡിലെ ഇ.ഡി. ഓഫിസിലെത്തി അന്വേഷണം നടത്തിയിരുന്നു. അരവിന്ദാക്ഷൻ അടക്കമുള്ള മുഴുവൻ പേരുടെയും ചോദ്യംചെയ്യൽ ഇ.ഡി. ക്യാമറയിൽ പകർത്തിയിട്ടുണ്ട്.
പിഎംഎൽഎ (കള്ളപ്പണം വെളുപ്പിക്കൽ തടയൽ) നിയമപ്രകാരം അന്വേഷണം നടത്തുന്ന ഇ.ഡിക്കു മറ്റ് അന്വേഷണ ഏജൻസികൾക്കില്ലാത്ത ജുഡീഷ്യൽ അധികാരങ്ങളുണ്ട്. ഇ.ഡി.രേഖപ്പെടുത്തുന്ന മൊഴികൾക്കു നിയമ സാധുതയുണ്ട്. എന്നാൽ പരാതി ലഭിച്ച സാഹചര്യത്തിൽ പി.ആർ. അരവിന്ദാക്ഷന്റെ വിശദ മൊഴി പൊലീസ് രേഖപ്പെടുത്തും. കേസിൽ എ.സി.മൊയ്തീൻ എംഎൽഎയെ വീണ്ടും ചോദ്യം ചെയ്യാനുള്ള തീയതി സംബന്ധിച്ചു തീരുമാനമെടുത്തിട്ടില്ല.
English Summary:Karuvannur Bank Scam: Ernakulam Central Police sought legal advice before registering an FIR on complaint against ED