ക്ഷേത്രത്തിൽ ആദ്യമായല്ല പോകുന്നത്, ഇങ്ങനെ കണ്ടിട്ടില്ലെന്ന് മന്ത്രി; ‘വിവാദത്തിന് മറ്റു താൽപര്യം’
Mail This Article
തിരുവനന്തപുരം ∙ ജാതിവിവേചനം നേരിട്ട സംഭവത്തിൽ അഖില കേരള തന്ത്രിസമാജത്തിന്റെ വാദം മന്ത്രി കെ.രാധാകൃഷ്ണൻ തള്ളി. ‘‘ശ്രീകോവിലിൽ പൂജ കഴിയുന്നതുവരെ ആരെയും സ്പർശിക്കരുതെന്നാണെങ്കിൽ ഇടയ്ക്കു പുറത്തിറങ്ങാനും തിരിച്ചുകയറാനും കഴിയുമോ? ക്ഷേത്രത്തിനകത്തുവച്ചല്ല സംഭവം നടന്നത്. അമ്പലത്തിനു പുറത്തിറങ്ങി ചുറ്റും നിൽക്കുന്ന ജനങ്ങളുടെ ഇടയിലേക്കു വന്നാണ് വിളക്കു കൊളുത്തിയത്. ആ സമയത്ത് പൂജാരി ജനങ്ങളെ സ്പർശിച്ചില്ലേ ? അങ്ങനെയെങ്കിൽ ശുദ്ധികലശവും വേണ്ടതാണല്ലോ. ക്ഷേത്ര ചടങ്ങുകൾക്ക് ഞാൻ ആദ്യമായല്ല പോകുന്നത്. ഒരിടത്തും ഇങ്ങനെ കണ്ടിട്ടില്ല’’– മന്ത്രി പറഞ്ഞു.
‘‘പൂജാരിക്കു പണം കൊടുത്താൽ അകത്തേക്കു കൊണ്ടുപോകുമല്ലോ ? അപ്പോൾ പൈസയ്ക്ക് അയിത്തമില്ല. മനുഷ്യന് അയിത്തമുണ്ട്. ഇതെപ്പറ്റിയാണു സംസാരിച്ചത്. മനുഷ്യനു മാത്രം അയിത്തം കൽപിക്കുന്ന രീതിയോട് യോജിക്കാനാകില്ല. അയിത്തവും അനാചാരവുമൊക്കെ വേണമെന്നു കരുതുന്നവരുണ്ടാകാം. അതു സമ്മതിക്കില്ലെന്നു പറയാനുള്ള അവകാശം മറ്റുള്ളവർക്കുമുണ്ട്’’– മന്ത്രി വിശദമാക്കി.
കൂലി കൂടുതൽ ചോദിച്ചതിന്റെ പേരിൽ നഖങ്ങൾ പിഴുതെടുത്ത സംഭവം രാജ്യത്തുണ്ടായി. അതു വിശ്വാസമാണെന്നു പറഞ്ഞൊഴിയാൻ കഴിയില്ല. രാജ്യത്തു ദലിത് വേട്ട കൂടുകയാണ്. ഈ ഗുരുതര സാഹചര്യത്തിൽ കേരളത്തിന്റെ പ്രതിഷേധം ശക്തമായി പ്രകടപ്പിച്ചില്ലെങ്കിൽ ഇവിടെയും അത്തരം കാര്യങ്ങളുണ്ടാകും. പയ്യന്നൂരിൽ ക്ഷേത്രവേദിയിൽ തന്നെ താൻ പ്രതികരിച്ചെങ്കിലും അന്നതു ചർച്ചയായില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വീഴ്ച ഉണ്ടായെങ്കിൽ പരിശോധിക്കും: ക്ഷേത്രം ട്രസ്റ്റി ബോർഡ്
പയ്യന്നൂർ (കണ്ണൂർ) ∙ നമ്പ്യാത്രക്കൊവ്വൽ ശിവക്ഷേത്രത്തിൽ ചുറ്റുനടപ്പന്തൽ സമർപ്പണ ചടങ്ങുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിൽ സംഘാടകരുടെ ഭാഗത്തു വീഴ്ച ഉണ്ടായെങ്കിൽ പരിശോധിക്കുമെന്നും ദേവസ്വം ബോർഡിന്റെ നിർദേശമനുസരിച്ചു പരിഹരിക്കുമെന്നും ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ പി.പി.സുനിൽകുമാർ അറിയിച്ചു. ജാതിവിവേചനം കാട്ടിയെന്ന മന്ത്രി കെ.രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിനെത്തുടർന്നാണ് ചെയർമാന്റെ വിശദീകരണം.
അതേസമയം, ചുറ്റുനടപ്പന്തൽ ഉദ്ഘാടനം പൂജയുടെ സമയത്തായതുകൊണ്ടാണ് മന്ത്രിക്കു നൽകേണ്ട വിളക്ക് താഴെ വച്ചതെന്ന് ക്ഷേത്രം മേൽശാന്തി പേർക്കുളം സുബ്രഹ്മണ്യൻ നമ്പൂതിരി പറഞ്ഞു. ആ സമയത്ത് ശാന്തിക്കാരന് അങ്ങനെ മാത്രമേ ചെയ്യാനാകൂ. അല്ലാതെ, ജാതിവ്യവസ്ഥയുടെ പ്രശ്നമൊന്നും അവിടെ ഉണ്ടായിരുന്നില്ല. മന്ത്രിക്കു മനോവിഷമം ഉണ്ടായെങ്കിൽ അതിൽ ഞങ്ങൾക്കും വിഷമമുണ്ട് – സുബ്രഹ്മണ്യൻ നമ്പൂതിരി പറഞ്ഞു.
തെറ്റിദ്ധാരണയെന്ന് തന്ത്രിസമാജം, ശാന്തിക്ഷേമ യൂണിയൻ
കോട്ടയം ∙ ജാതിവിവേചനം നേരിട്ടെന്ന മന്ത്രി കെ.രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിനെതിരെ അഖില കേരള തന്ത്രിസമാജം, അഖില കേരള ശാന്തിക്ഷേമ യൂണിയൻ, യോഗക്ഷേമ സഭ എന്നീ സംഘടനകൾ രംഗത്ത്.
ക്ഷേതാചാരങ്ങളിലെ ശുദ്ധങ്ങൾ പാലിക്കുന്നതിനെ അയിത്താചരണമായി കണക്കാക്കിയതു തെറ്റിദ്ധാരണ മൂലമാണെന്നാന്നു തന്ത്രിസമാജത്തിന്റെ നിലപാട്. പൂജയ്ക്കായി ക്ഷേത്രത്തിലെത്തുന്ന ശാന്തിക്കാർ ദേവപൂജ കഴിയുന്നതു വരെ ആരെയും സ്പർശിക്കാറില്ല. അത് ബ്രാഹ്മണനെന്നോ അബ്രാഹ്മണനെന്നോ ഭേദമില്ല. സംസ്ഥാന അധ്യക്ഷൻ വേഴപ്പറമ്പ് ഈശാനൻ നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു.
ആചാരം പാലിക്കുന്നതിനു ശ്രമിച്ചതാണു തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്ന് അഖില കേരള ശാന്തിക്ഷേമ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി നീരജ് എം.നമ്പൂതിരി പറഞ്ഞു.
മാസങ്ങൾക്കു മുൻപു നടന്ന ഉദ്ഘാടന പരിപാടിയിലെ നിലവിളക്ക് കത്തിക്കൽ ചടങ്ങ് ഇപ്പോൾ വിവാദമാക്കിയതിനു പിന്നിൽ മറ്റു ചില താൽപര്യങ്ങളുണ്ടെന്നു യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാടും ജനറൽ സെക്രട്ടറി പി.എൻ.കൃഷ്ണൻ പോറ്റിയും പറഞ്ഞു.
English Summary: Minister K Radhakrishnan rejected the argument of Akhila Kerala ThanthriSamajam