രമേശിനെ പ്രതിപക്ഷ നേതാവാക്കാൻ ആഗ്രഹിച്ചു; സതീശനെ മന്ത്രിയാക്കാനും: ആത്മകഥയിൽ ഉമ്മൻ ചാണ്ടി

Mail This Article
തിരുവനന്തപുരം ∙ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയപ്പെട്ടപ്പോൾ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കു തന്റെ മനസ്സിലുണ്ടായിരുന്നതു രമേശ് ചെന്നിത്തലയായിരുന്നുവെന്നു വെളിപ്പെടുത്തി ഉമ്മൻ ചാണ്ടിയുടെ ആത്മകഥ. എന്നാൽ, തിരുവഞ്ചൂർ രാധാകൃഷ്ണനും പി.ടി.തോമസിനും ഇക്കാര്യത്തിൽ ഭിന്നാഭിപ്രായമുണ്ടായിരുന്നു. ഹൈക്കമാൻഡിന് ആരുടെയും കാര്യത്തിൽ പ്രത്യേക താൽപര്യമില്ലെന്നു കെ.സി.വേണുഗോപാലും മല്ലികാർജുൻ ഖർഗെയും അറിയിച്ചതിനുശേഷമാണു രമേശിനൊപ്പം നിൽക്കാൻ താനും കൂടെയുള്ളവരും തീരുമാനിച്ചത്. ഇന്ദിരാഭവനിൽ കോൺഗ്രസ് എംഎൽഎമാരുമായി ഖർഗെ നടത്തിയ കൂടിക്കാഴ്ചയിൽ ഭൂരിപക്ഷം പേരും പിന്തുണച്ചതു രമേശിനെയായിരുന്നു. എന്നാൽ, ഹൈക്കമാൻഡിന്റെ മനോഗതം വേറെയായിരുന്നുവെന്നും അതനുസരിച്ചു വി.ഡി.സതീശനു നറുക്കുവീണെന്നും ആത്മകഥയിൽ പറയുന്നു.
രമേശിനെ പിന്തുണയ്ക്കുന്നതിനു പകരം തന്റെ നോമിനിയായി കെ.സി.ജോസഫിനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കു രമേശ് പിന്തുണയ്ക്കുമെന്ന തരത്തിൽ പ്രചരിച്ച വാർത്തകളെല്ലാം വസ്തുതാവിരുദ്ധമായിരുന്നു. തന്റെ നേതൃത്വത്തിലുള്ള രണ്ടാം സർക്കാരിൽ വി.ഡി.സതീശനെ മന്ത്രിയാക്കാൻ ആഗ്രഹിച്ചുവെന്നും സി.എൻ.ബാലകൃഷ്ണനുവേണ്ടി രമേശ് ചെന്നിത്തല ഇടപെട്ടതിനാൽ അവസാന നിമിഷം സതീശന്റെ മന്ത്രിസ്ഥാനം തട്ടിപ്പോയെന്നുമുള്ള വെളിപ്പെടുത്തലും ആത്മകഥയിലുണ്ട്.
ലോട്ടറി വിഷയത്തിൽ ഡോ.തോമസ് ഐസക്കുമായി സംവാദം നടത്തി തിളങ്ങിനിന്ന സതീശനെ മന്ത്രിസഭയിലെടുക്കാൻ അതിയായി ആഗ്രഹിച്ചിരുന്നു. പക്ഷേ, രമേശ് ചെന്നിത്തല സി.എൻ.ബാലകൃഷ്ണനെ ഒഴിവാക്കാൻ വയ്യെന്ന നിലപാടെടുത്തു. സി.എൻ.ബാലകൃഷ്ണനെതിരെ എന്തോ ഒരു കേസുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ, എങ്കിൽ സതീശനാകട്ടെ എന്നു രമേശ് സമ്മതം മൂളി. അന്തിമ പട്ടിക തയാറാക്കി ഹൈക്കമാൻഡിനെ കാണാൻ ഡൽഹിയിൽ പി.ജെ.കുര്യന്റെ വീട്ടിൽ ഇരുന്നു. ബാലകൃഷ്ണനുവേണ്ടി വീണ്ടും സമ്മർദമുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട്, അവിടെയുള്ള കാര്യം ആരെയും അറിയിക്കരുതെന്നു പി.ജെ.കുര്യനെ ചട്ടം കെട്ടി.
എന്നാൽ, കുറെക്കഴിഞ്ഞപ്പോൾ രമേശിന്റെ ഫോൺ വന്നു. ബാലകൃഷ്ണന്റെ പേരിലുള്ള കേസ് അത്ര സാരമുള്ളതല്ലെന്നും അദ്ദേഹം തന്നെ മന്ത്രിയാകട്ടെയെന്നും രമേശ് പറഞ്ഞു. ബാലകൃഷ്ണൻ മന്ത്രിയാകുന്നതിൽ എതിർപ്പുണ്ടായിട്ടല്ല, സതീശനെ മന്ത്രിയാക്കാൻ ആഗ്രഹിച്ചതുകൊണ്ടാണു സതീശനു വേണ്ടി ശ്രമിച്ചത്. എന്നാൽ, ആസൂത്രണമാകെ തെറ്റി. ‘എന്തു പണിയാ കാണിച്ചത്’ എന്നു പി.ജെ.കുര്യനോടു പരിഭവിച്ചു. ‘എന്റെ പ്രസിഡന്റ് ചോദിച്ചാൽ പിന്നെ പറയാതിരിക്കാൻ പറ്റുമോ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ജി.കാർത്തികേയന്റെ പേര് അവരുടെ പക്ഷത്തുനിന്നു നിർദേശിക്കാത്തതുകൊണ്ടാണു മന്ത്രിസഭയിൽ ഉൾപ്പെടാതിരുന്നത്. കെ.സുധാകരനെ കെപിസിസി പ്രസിഡന്റായി നിശ്ചയിച്ചതു തന്റെ അഭിപ്രായം ആരാഞ്ഞായിരുന്നില്ലെന്നും ‘കാലം സാക്ഷി’ എന്ന പേരിൽ മാധ്യമപ്രവർത്തകൻ സണ്ണിക്കുട്ടി ഏബ്രഹാം തയാറാക്കിയ ആത്മകഥയിൽ പറയുന്നു.
English Summary: Oommen Chandy's disclosure in his Autobiography