ADVERTISEMENT

കൊച്ചി∙ ബിഎസ്എഫിൽ നിന്നു പിരിച്ചുവിട്ട സൈനികന് നാലു പതിറ്റാണ്ടു കടന്ന കാത്തിരിപ്പിനൊടുവിൽ പെൻഷൻ അനുവദിച്ച് ഹൈക്കോടതിയുടെ ഇടപെടൽ. പെൻഷന് അർഹതയില്ലെന്നു കാണിച്ച് 1986 മുതൽ 2014 വരെ അധികൃതർ പുറപ്പെടുവിച്ച ഉത്തരവുകൾ ചോദ്യം ചെയ്ത് തൃശൂർ ഇരിങ്ങാലക്കുട സ്വദേശി പി.പി. ജോസ് നൽകിയ ഹർജിയിലാണു ജസ്റ്റിസ് അമിത് റാവലിന്റെ ഉത്തരവ്. പെൻഷൻ ആനുകൂല്യങ്ങൾ 2 മാസത്തിനകം അനുവദിച്ചു നൽകാൻ കോടതി നിർദേശിച്ചതോടെ 1981 മുതലുള്ള തുക ലഭിക്കും.

1970 നവംബറിലാണു ഹർജിക്കാരൻ ബിഎസ്എഫിൽ ചേർന്നത്. അവധിക്കു വീട്ടിൽ വന്ന ശേഷം അമ്മയുടെ രോഗവിവരം അറിഞ്ഞതിനാൽ 1980 ഡിസംബർ 15 മുതൽ 1981 ഫെബ്രുവരി 12 വരെ ജോലിയിൽ പ്രവേശിക്കാനായില്ല. തുടർന്നു വിരമിക്കൽ അപേക്ഷ നൽകിയെങ്കിലും അതു നിരസിക്കുകയും അനധികൃതമായി അവധിയെടുത്തു എന്നു പറഞ്ഞ് പിരിച്ചു വിടുകയും ചെയ്തു. ബിഎസ്എഫ് ചട്ട പ്രകാരമാണു പിരിച്ചുവിട്ടത്.

വിരമിക്കൽ ആനുകൂല്യത്തിന് അപേക്ഷിച്ചപ്പോൾ 10 വർഷം സേവനം  തികയാത്തതിനാൽ കേന്ദ്ര സിവിൽ നിയമം അനുസരിച്ച് പെൻഷന് അർഹതയില്ലെന്നു കാണിച്ച് നിരസിച്ചു. പലവട്ടം അപേക്ഷ നൽകിയിട്ടും ഫലമില്ലാതായ സാഹചര്യത്തിലാണു കോടതിയിലെത്തിയത്. 

വിരമിക്കൽ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാകില്ലെന്നു പിരിച്ചുവിടൽ ഉത്തരവിൽ പറഞ്ഞിട്ടില്ലെന്നു കോടതി വിലയിരുത്തി. കേന്ദ്ര സിവിൽ നിയമപ്രകാരമല്ല ബിഎസ്എഫ് നിയമപ്രകാരമാണു പിരിച്ചുവിട്ടത്. അതിനാൽ ബിഎസ്എഫ് നിയമമാണു ഹർജിക്കാരനു ബാധകം. 

ഇതു പ്രകാരം 10 വർഷം കഴിഞ്ഞവർക്കും പൂർത്തിയാക്കാത്തവർക്കുമുള്ള പെൻഷന്റെ സ്കീമുകൾ പ്രത്യേകം പറയുന്നുണ്ട്. ഹർജിക്കാരനു 10 വർഷത്തിലേറെ സേവന കാലാവധി ഉള്ളതിനാൽ അതു പ്രകാരമുള്ള സ്കീം ബാധകമാകും. അധികൃതർ ഇതൊന്നും പരിഗണിച്ചില്ലെന്നു വിലയിരുത്തിയ കോടതി ഉത്തരവുകൾ റദ്ദാക്കി.

English Summary: Kerala High Court orders to give pension to BSF Jawan after 40 years 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT