മൈലപ്ര ബാങ്ക് തട്ടിപ്പ്: ചോദ്യം ചെയ്യലിൽ മുൻ സെക്രട്ടറിയെ തള്ളി മുൻ പ്രസിഡന്റ്

Mail This Article
പത്തനംതിട്ട ∙ മൈലപ്ര സർവീസ് സഹകരണ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസിൽ സിപിഎം ഏരിയ കമ്മിറ്റിയംഗവും ബാങ്ക് മുൻ പ്രസിഡന്റുമായ ജെറി ഈശോ ഉമ്മൻ, അറസ്റ്റിലായ മുൻ സെക്രട്ടറി ജോഷ്വ മാത്യു എന്നിവരെ ഒരുമിച്ചിരുത്തി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അടൂർ ഓഫിസിലായിരുന്നു ചോദ്യം ചെയ്യൽ. ഇരുവരും നൽകിയ മൊഴികളിലെ പൊരുത്തക്കേടുകളാണു ക്രൈംബ്രാഞ്ച് സംഘം പ്രധാനമായും പരിശോധിച്ചത്.
അമൃത ഫാക്ടറിയിലെ ഗോതമ്പ് ഇടപാടിലെ 3.94 കോടി രൂപയുടെ ക്രമക്കേട് തന്റെ അറിവോടെയല്ല നടന്നതെന്നു ജെറി ഈശോ ഉമ്മൻ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ഗോതമ്പിന്റെ സ്റ്റോക്ക് കൃത്യമായി രേഖപ്പെടുത്തണമെന്നു പലതവണ നിർദേശം നൽകിയെങ്കിലും സെക്രട്ടറി പാലിച്ചില്ല. ഭാര്യ കുവൈത്തിലായതിനാൽ താൻ ഇടയ്ക്ക് അവിടേക്കു പോകുമായിരുന്നു. ഈ സമയത്താണു സ്റ്റോക്കുകൾ കൃത്യമായി സൂക്ഷിക്കാതെ വന്നത്. സ്റ്റോക്ക് എഴുതാൻ മറ്റൊരു ജീവനക്കാരനു ബുക്ക് വാങ്ങി നൽകി. ഏതാനും മാസം കഴിഞ്ഞു നോക്കുമ്പോൾ അതിൽ സ്റ്റോക്ക് രേഖപ്പെടുത്തിയിട്ടില്ല. സെക്രട്ടറിയുടെ നിർദേശം ലഭിക്കാത്തതിനാലാണു സ്റ്റോക്ക് എഴുതാതിരുന്നതെന്നു ജീവനക്കാരൻ തന്നോടു പറഞ്ഞതെന്നു ജെറി ഈശോ ഉമ്മൻ ക്രൈം ബ്രാഞ്ചിനു മൊഴി നൽകി. പ്രസിഡന്റും ഭരണസമിതിയും അംഗീകരിക്കാത്ത ഒരുകാര്യവും ബാങ്കിൽ നടന്നിട്ടില്ലെന്നു ജോഷ്വ മാത്യുവും ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ബാങ്കിലെ മുഴുവൻ രേഖകളും ക്രൈംബ്രാഞ്ച് പരിശോധിക്കുകയാണ്. മറ്റു ജീവനക്കാരെയും ക്രൈംബ്രാഞ്ച് ഓഫിസിൽ വിളിച്ചു വരുത്തി ജോഷ്വ മാത്യുവിനൊപ്പം ഇരുത്തി ചോദ്യം ചെയ്തു.
English Summary: Mylapra Bank Fraud Case: Joint Questioning of CrimeBranch