മംഗോളിയയിൽനിന്ന് ചങ്ങനാശേരിയിലേക്ക് ഫ്രാൻസിസ് മാർപാപ്പയുടെ വിഡിയോ കോൾ; 4 മിനിറ്റ് സംഭാഷണം
Mail This Article
ചങ്ങനാശേരി ∙ ‘ബൊഞ്ചോർണോ...’ സുപ്രഭാതം എന്നർഥം വരുന്ന ഇറ്റാലിയൻ സംബോധനയോടെ ആരംഭിച്ച വിഡിയോ കോളിലൂടെ വടക്കേക്കര കല്ലുകളം ശോശാമ്മ ആന്റണിക്കു (95) ലഭിച്ചത് അധികമാർക്കും സ്വപ്നം കാണാൻ കഴിയാത്ത സൗഭാഗ്യം. ഫ്രാൻസിസ് മാർപാപ്പയാണു ശോശാമ്മ ആന്റണിയുമായി വിഡിയോ കോളിൽ സംസാരിച്ചത്. ഈ മാസമാദ്യം മംഗോളിയയിലേക്കു നടത്തിയ സന്ദർശനത്തിനിടെയാണു മാർപാപ്പ ശോശാമ്മയുമായി 4 മിനിറ്റോളം വിഡിയോ കോളിൽ സംസാരിക്കാൻ സമയം കണ്ടെത്തിയത്.
മാർപാപ്പയുടെ വിദേശയാത്രകൾ ക്രമീകരിക്കുന്ന ടീമിന്റെ കോഓർഡിനേറ്ററും മാമ്മൂട് സ്വദേശിയുമായ മോൺ. ജോർജ് കൂവക്കാട്ടാണു വിഡിയോ കോൾ യാഥാർഥ്യമാക്കിയത്. മോൺ. കൂവക്കാട്ടിന്റെ അമ്മ ലീലാമ്മയുടെ മാതാവാണു ശോശാമ്മ. ഒന്നര വർഷം മുൻപു ശോശാമ്മയ്ക്കു കോവിഡ് ബാധിച്ചിരുന്നു. മാർപാപ്പയ്ക്കൊപ്പം വിദേശയാത്രയിലായിരുന്ന മോൺ. കൂവക്കാട്ട് മുത്തശ്ശിയുടെ രോഗവിവരം മാർപാപ്പയെ അറിയിച്ചിരുന്നു. ഇക്കാര്യം ഓർമയിൽ വച്ചാണ് ശോശാമ്മയെ വിഡിയോ കോളിലൂടെ കാണാൻ മാർപാപ്പ തയാറായത്.
ചെത്തിപ്പുഴ ആശ്രമം പ്രിയോർ ഫാ. തോമസ് കല്ലുകളം ഉൾപ്പെടെ മക്കളും ശോശാമ്മയ്ക്കൊപ്പമുണ്ടായിരുന്നു. കുടുംബത്തെ ആശീർവദിച്ചാണു മാർപാപ്പ കോൾ അവസാനിപ്പിച്ചത്.
English Summary: Pope Francis Video call to Changanassery