സഹസ്രകലശാഭിഷേക നിറവിൽ അയ്യപ്പൻ; ശബരിമല നടയടച്ചു

Mail This Article
ശബരിമല ∙ സഹസ്ര കലശാഭിഷേകത്തിന്റെ ചൈതന്യ നിറവിൽ കന്നി മാസ പൂജ പൂർത്തിയാക്കി ശബരിമലക്ഷേത്ര നട അടച്ചു. തുലാമാസ പൂജയ്ക്കായി ഒക്ടോബർ 17നു നട തുറക്കും. പുതിയ മേൽശാന്തി നറുക്കെടുപ്പ് 18ന് സന്നിധാനത്തു നടക്കും.18 മുതൽ 22 വരെ പൂജകൾ ഉണ്ടാകും.
പൂജിച്ചു ചൈതന്യം നിറച്ച സഹസ്ര കലശങ്ങൾ ഇന്നലെ ഉച്ചയ്ക്കാണ് അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകം ചെയ്തത്. വാദ്യമേളങ്ങളുടെയും ശരണംവിളിയുടെയും അകമ്പടിയോടെ ബ്രഹ്മകലശങ്ങൾ ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു. തന്ത്രി കണ്ഠര് മഹേഷ് മോഹനര് അയ്യപ്പ വിഗ്രഹത്തിൽ സഹസ്രകലശാഭിഷേകം നടത്തി. വൈകിട്ട് പടിപൂജ ഉണ്ടായിരുന്നു. അത്താഴ പൂജയ്ക്കു ശേഷം മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി അയ്യപ്പ വിഗ്രഹത്തിൽ ഭസ്മാഭിഷേകം നടത്തി. ജപമാലയും ദണ്ഡും അണിയിച്ചു യോഗ നിദ്രയിലാക്കി ക്ഷേത്രനട അടച്ചു.
ശബരിമല അന്നദാനം: ഹർജി 26ന്
ന്യൂഡൽഹി ∙ ശബരിമലയിൽ അന്നദാനം നടത്താനുള്ള അനുമതി തേടി അഖില ഭാരതീയ അയ്യപ്പ സേവാസംഘത്തിലെ ഇരു വിഭാഗങ്ങൾ നൽകിയ ഹർജികൾ 26നു പരിഗണിക്കനായി മാറ്റി. ശബരിമലയിൽ തിരുവിതാംകൂർ ദേവസ്വംബോർഡിനല്ലാതെ മറ്റാർക്കും അന്നദാനത്തിന് അനുമതി നൽകാൻ കഴിയില്ലെന്ന വിധിക്കെതിരെയാണു ഹർജി.
ഡി.വിജയകുമാറിന്റെ നേതൃത്വത്തിലുള്ള വിഭാഗവും കൊയ്യം ജനാർദനന്റെ നേതൃത്വത്തിലുള്ള വിഭാഗവുമാണ് ഹർജി നൽകിയത്. യഥാർഥ വിഭാഗമേതെന്ന അവകാശത്തർക്കം ഇവർക്കിടയിലുണ്ട്. സംഘടനയുടെ ജനറൽ സെക്രട്ടറിയായിരുന്ന എൻ.വേലായുധൻ നായരുടെ നിര്യാണശേഷമാണ് തർക്കം രൂപപ്പെട്ടത്.
English Summary: Sabarimala Nada Closed