42.72 ലക്ഷത്തിന്റെ തട്ടിപ്പ്: ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ 2 ജീവനക്കാരികൾക്കെതിരെ കേസ്

Mail This Article
തലയോലപ്പറമ്പ് ∙ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരികൾ 42.72 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി പരാതി. ഉടമയുടെ പരാതിയിൽ ഡിവൈഎഫ്ഐ മേഖലാ ജോയിന്റ് സെക്രട്ടറി പുത്തൻപുരയ്ക്കൽ കൃഷ്‌ണേന്ദു, വൈക്കപ്രയാർ സ്വദേശിനി ദേവി പ്രജിത്ത് എന്നിവരുടെ പേരിൽ തലയോലപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൃഷ്‌ണേന്ദുവിന്റെ ഭർത്താവ് അനന്തു ഉണ്ണി സിപിഎം തലയോലപ്പറമ്പ് ലോക്കൽ കമ്മിറ്റി മുൻ അംഗമാണ്.
ഉദയംപേരൂർ തെക്കേ പുളിപ്പറമ്പിൽ പി. എം. രാഗേഷിന്റെ ഉടമസ്ഥതയിൽ തലയോലപ്പറമ്പിൽ പ്രവർത്തിക്കുന്ന യുണൈറ്റഡ് ഫിൻ ഗോൾഡ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ ബ്രാഞ്ച് ഇൻ ചാർജും ഗോൾഡ് ഓഫിസറുമായ കൃഷ്‌ണേന്ദുവും ഗോൾഡ് ലോൺ ഓഫിസർ ദേവി പ്രജിത്തും ചേർന്നു തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് അന്വേഷണം.
ഉപയോക്താക്കൾ പണയ ഉരുപ്പടികൾ തിരിച്ചെടുക്കുമ്പോൾ നൽകുന്ന പണം ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ സ്ഥാപനത്തിന്റെ അക്കൗണ്ടിൽ ഇവർ അടച്ചിരുന്നില്ല.19 ഉപയോക്താക്കളിൽ നിന്നായി വാങ്ങിയ 42.72 ലക്ഷം രൂപയാണ് തട്ടിയെടുത്ത്. ഈ പണം കൃഷ്‌ണേന്ദു സ്വന്തം അക്കൗണ്ടിലേക്കും ബന്ധുക്കളുടെ അക്കൗണ്ടിലേക്കും മാറ്റി. ഉപയോക്താക്കൾ പണം നൽകിയത് സ്ഥാപന ഉടമ കണ്ടുപിടിക്കാതിരിക്കാൻ സ്ഥാപനത്തിന്റെ സിസിടിവി ക്യാമറ കേടുവരുത്തിയെന്നും പരാതിയുണ്ട്.
സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ അനന്തു ഉണ്ണിയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് 6 മാസം മുൻപ് സസ്പെൻഡ് ചെയ്തിരുന്നുവെന്നു സിപിഎം തലയോലപ്പറമ്പ് ഏരിയ സെക്രട്ടറി കെ. ശെൽവരാജ് അറിയിച്ചു. ഒരു വർഷത്തിനുള്ളിൽ വിവിധ ബാങ്കുകളിലായി കൃഷ്ണേന്ദു 10 കോടി രൂപയ്ക്കു മുകളിൽ ഇടപാട് നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് സ്ഥാപന ഉടമ രാഗേഷ് പറഞ്ഞു.
English Summary:Case registered against two woman employees of a private money lending firm including Dyfi Leader