പട്ടയഭൂമിയിൽ ക്വാറി; സമ്മർദങ്ങൾക്ക് സിപിഐ വഴങ്ങുന്നു
Mail This Article
തിരുവനന്തപുരം ∙ പട്ടയ ഭൂമിയിൽ ക്വാറികൾ അനുവദിക്കാനുള്ള സിപിഎം സമ്മർദത്തിനു സിപിഐ വഴങ്ങുന്നു. അസംസ്കൃത വസ്തുക്കളുടെ ക്ഷാമം എന്ന വാദം മുൻനിർത്തി പട്ടയഭൂമിയിൽ ക്വാറി അനുവദിക്കണമെന്ന ആവശ്യമാണ് സിപിഐ അംഗീകരിച്ചത്. വിഎസ് സർക്കാരിന്റെ കാലത്തും പിന്നീടും പരിസ്ഥിതി വാദം ഉയർത്തുകയും ഭൂപതിവു ചട്ടത്തിലെ ഭേദഗതി നീക്കങ്ങളെ എതിർക്കുകയും ചെയ്ത നിലപാടിൽ നിന്നുള്ള സിപിഐയുടെ പിന്മാറ്റമാണിത്.
ക്വാറി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാവുന്ന ഭൂമി സർക്കാർ ഏറ്റെടുക്കുകയും അപേക്ഷകർക്ക് പാട്ടത്തിനു നൽകുകയും ചെയ്യുക എന്ന മാർഗമാണ് ചർച്ചയിലുള്ളത്. ഭൂപതിവു നിയമ ഭേദഗതി ബില്ലിനു വേണ്ട പുതിയ ചട്ടത്തിലെ വ്യവസ്ഥകൾ സംബന്ധിച്ചു സിപിഐയും സിപിഎമ്മും ചർച്ച തുടങ്ങുന്നതോടെ ഇതിൽ അന്തിമതീരുമാനമാകും. നിലവിൽ കൃഷിക്കും വീടിനും പൊതുവഴിക്കും അല്ലാതെ പട്ടയഭൂമി ഉപയോഗിക്കാനാകില്ല. പട്ടയഭൂമിയിൽ മുൻപ് ക്വാറികൾ പ്രവർത്തിച്ചിരുന്നെങ്കിലും ഹൈക്കോടതി വിധിയെ തുടർന്ന് നിർത്തിയിരുന്നു.
മറ്റെല്ലാ ലൈസൻസുകളും ലഭിച്ച ക്വാറികൾക്ക് പട്ടയഭൂമിയിൽ പ്രവർത്തനാനുമതി നൽകാൻ കലക്ടർമാരെ ചുമതലപ്പെടുത്തുന്ന 2015 ലെ സർക്കാർ ഉത്തരവും ഹൈക്കോടതി റദ്ദാക്കി. നിയമഭേദഗതിയിലൂടെ കാർഷിക ഇതര പ്രവർത്തനങ്ങൾ അനുവദിക്കാൻ സർക്കാരിന് സാധിക്കുമെങ്കിലും പരിസ്ഥിതിയെ മറക്കരുതെന്ന മുന്നറിയിപ്പും കോടതി അന്നു നൽകി. പട്ടയഭൂമിയിലെ ഖനിജങ്ങൾ പൂർണമായും സർക്കാർ സ്വത്താണെന്നും കോടതി ഓർമിപ്പിച്ചു. ഇതിന്റെ ചുവടുപിടിച്ചാണ് ഭൂമി സർക്കാർ ഏറ്റെടുത്ത് പാട്ടത്തിനു നൽകാമെന്ന നിർദേശമുയർന്നത്.
English Summary : CPI become flexible on CPM pressure to allow quarries on deed land