ADVERTISEMENT

തിരുവനന്തപുരം ∙ ‌ബിജെപിയോടുള്ള എല്ലാ അറപ്പും വെറുപ്പും മകൻ അനിൽ ആന്റണിയുടെ ബിജെപി പ്രവേശന സമയത്തു പ്രാർഥനയിലൂടെയാണു മാറിയതെന്നു കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ.ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി. കോൺഗ്രസിൽ മക്കൾ രാഷ്ട്രീയത്തിനു വിലക്കു വന്നപ്പോൾ മകന്റെ രാഷ്ട്രീയ ഭാവിക്കായി പ്രാർഥിച്ചെന്നും ബിജെപിയിലേക്കുള്ള ക്ഷണം വന്നത് അതിനു ശേഷമാണെന്നും ആത്മീയ സ്ഥാപനത്തിന്റെ യൂ ട്യൂബ് ചാനലിൽ സാക്ഷ്യം നൽകിക്കൊണ്ട് എലിസബത്ത് പറഞ്ഞു.

എലിസബത്തിന്റെ വാക്കുകൾ: ‘മൂത്ത മകനു രാഷ്ട്രീയത്തിൽ ചേരണമെന്നതു സ്വപ്നമായിരുന്നു. എൻജിനീയിറിങ് കഴിഞ്ഞു വിദേശത്തു നല്ല ജോലി കിട്ടി. എന്നാൽ രാഷ്ട്രീയ താൽപര്യത്തിൽ തിരിച്ചുവന്നു. രാഷ്ട്രീയപ്രവേശത്തിനു തടസ്സം മാറ്റാൻ താൻ മാതാവിന്റെയടുക്കൽ ‘നിയോഗം’ വച്ചു.  ആ സമയത്തു കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ മക്കൾ രാഷ്ട്രീയത്തിനെതിരെ പ്രമേയം പാസാക്കി. എന്റെ രണ്ടു മക്കൾ എത്ര ആഗ്രഹിച്ചാലും രാഷ്ട്രീയത്തിൽ കയറാനാകില്ലെന്നു വന്നു. ഭർത്താവ് അതിനായി പരിശ്രമിക്കുകയുമില്ല. ഞാൻ ‘നിയോഗം’ വച്ചതോടെ ആരും പ്രതീക്ഷിക്കാത്ത രീതിയിൽ കാര്യങ്ങൾ പോയി. ബിബിസി ഡോക്യുമെന്ററി വിവാദം വന്നപ്പോൾ എല്ലാം കൈവിട്ടുപോയെന്നു കരുതി. മകന്റെ ഏറ്റവും വലിയ സ്വപ്നമാണ് രാഷ്ട്രീയം. 

അതിനായി എനിക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്നു മാതാവിനോടു കരഞ്ഞു പറഞ്ഞു. പിന്നാലെ അവൻ വിളിച്ചു.  പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്നു വിളിച്ചെന്നും ബിജെപിയിൽ ചേരാൻ നിർദേശിച്ചുവെന്നും പറഞ്ഞു. ഇതുവരെ കുടുംബം കോൺഗ്രസിലാണു ജീവിച്ചത്. ബിജെപിയിലേക്കു പോകുന്ന കാര്യം ആലോചിക്കാൻ വയ്യ. വീണ്ടും മാതാവിനോടു ജോസഫച്ചൻ (ഫാ.വി.പി.ജോസഫ്) വഴി ചോദിച്ചു. തിരിച്ചുവിളിക്കേണ്ടെന്നും അവനു ബിജെപിയിൽ നല്ല ഭാവിയുണ്ടെന്നും അച്ചൻ പറഞ്ഞു. ബിജെപിയോടുള്ള തന്റെ എല്ലാ അറപ്പും വെറുപ്പും മാതാവ് മാറ്റിത്തന്നു. അവനെ അംഗീകരിക്കാനുള്ള മനസ്സ് തന്നു. 

നാലു ദിവസം കഴിഞ്ഞപ്പോൾ  അവൻ ബിജെപിയിൽ ചേർന്ന വിവരം ചാനലിലൂടെ അറിഞ്ഞു. ഭർത്താവിന് ഇതു വലിയ ഷോക്ക് ആയി. വീട്ടിലെ ക്രമസമാധാന നില കൂടി കൈകാര്യം ചെയ്യണമെന്നു പ്രാർഥിച്ചു. അതും ഫലിച്ചു. ഭർത്താവ് സൗമ്യതയോടെ ആ സാഹചര്യം തരണം ചെയ്തു. അവൻ രണ്ടുതവണ വീട്ടിൽ വന്നു. വിരോധമൊന്നും ഭർത്താവ് കാണിച്ചില്ല. അവനെ ഒറ്റപ്പെടുത്തിയിട്ടില്ല. അവൻ ഇപ്പോൾ വളരെ സന്തോഷവാനാണ്.

ഭർത്താവിനു കാലിന് അസുഖമുണ്ട്. വേച്ചാൽ വീഴും. നടക്കാൻ ആരെങ്കിലും പിടിക്കണം. അപ്പോഴാണ് പരിശുദ്ധ മാതാവ് എനിക്കു വചനം തന്നത്. ‘അവിശ്വാസിയായ ഭർത്താവിന് വിശ്വാസിയായ ഭാര്യയുണ്ടെങ്കിൽ ഭർത്താവ് ഭാര്യ മുഖേന ശുദ്ധീകരിക്കപ്പെടും’ എന്ന വചനം ലഭിച്ചു. രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചിരിക്കുന്ന അവിശ്വാസിയായ ഭർത്താവിനു വേണ്ടി ഞാൻ പ്രാർഥിച്ചു. ഹൈദരാബാദിലെ കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിൽ അദ്ദേഹം തനിയെ പോയി തിരിച്ചുവന്നു.

English Summary:Elizabeth Antony explaining Anil Antony joining BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT