ADVERTISEMENT

തിരുവനന്തപുരം ∙ ജനതാദൾ (എസ്) ദേശീയ നേതൃത്വം ബിജെപി സഖ്യത്തിന്റെ ഭാഗമായതോടെ ദൾ സംസ്ഥാന നേതൃത്വവും ഇടതുമുന്നണിയും ചോദ്യങ്ങൾ അഭിമുഖീകരിച്ചു തുടങ്ങി. സംഭവത്തിന്റെ ഗൗരവം ഉൾക്കൊണ്ട് തിരക്കിട്ട തീരുമാനം ദൾ സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകാതെ വന്നതു പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കാൻ തുടങ്ങി. അടിയന്തര സാഹചര്യത്തിലും തീരുമാനം രണ്ടാഴ്ചയ്ക്കു ശേഷം മതിയെന്നു കേരളത്തിലെ നേതാക്കൾ തീരുമാനിച്ചതു സിപിഎം നേതൃത്വത്തിനും ദഹിച്ചിട്ടില്ല.

ഈ മാസം 30നു ദളിന്റെ സംസ്ഥാന കൗൺസിൽ ചേരാൻ നേരത്തേ തീരുമാനിച്ചിരുന്നു. ബിജെപി സഖ്യസൂചനകൾ പുറത്തുവന്നപ്പോഴാണ് ഈ തീയതി തീരുമാനിച്ചത്. സഖ്യം അന്തിമമായതോടെ യോഗം ഒക്ടോബർ ഏഴിലേക്കു നീട്ടി. 

ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കില്ലെന്നും എൽഡിഎഫിൽ ഉറച്ചു നിൽക്കുമെന്നും ദൾ നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ദേശീയ ബന്ധം വിഛേദിച്ചു എന്ന് അറുത്തു മുറിച്ചു പ്രഖ്യാപിക്കാൻ തയാറായിട്ടില്ല.

ദളിലെ തന്നെ അഭിപ്രായ ഭിന്നതകളാണു മെല്ലപ്പോക്കിനു കാരണമെന്ന നിഗമനവുമുണ്ട്. ലോക് താന്ത്രിക് ജനതാദളുമായി (എൽജെഡി) ലയിക്കാനുള്ള അവസരമായി ഇതിനെ കാണണമെന്ന അഭിപ്രായം മന്ത്രി കെ.കൃഷ്ണൻകുട്ടിക്കുണ്ട്. ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള ആർജെഡിയിൽ ഒക്ടോബർ 12ന് എൽജെഡി ലയിക്കുകയാണ്. കേരളത്തിലെ രണ്ടു ദളുകളും ഒന്നായി ഒരുമിച്ച് ആർജെഡിയിൽ പോയിക്കൂടേ എന്നാണു ലയനാനുകൂലികളുടെ ചോദ്യം. എന്നാൽ അഴിമതിക്കേസുകളിൽ പെട്ടിട്ടുള്ള ലാലുവിന്റെ പാർട്ടിയുടെ ഭാഗമാകുന്നതിനോടു സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസിനു യോജിപ്പില്ല. 

നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദളിൽ (യു) ലയിക്കാമെന്നതാണു മറ്റൊരു നിർദേശം. ദേശീയബന്ധം തുടർച്ചയായി ബാധ്യതയാകുന്ന സാഹചര്യത്തിൽ ഒരു പുതിയ കേരള ദൾ മതി എന്നാണു ലയന നീക്കങ്ങളെ എതിർക്കുന്നവരുടെ അഭിപ്രായം. ഒരു ചെറിയ വിഭാഗം, ഗൗഡയുടെ കൂടെത്തന്നെ നിന്നു ബിജെപിയുമായി കേരളത്തിലും വിലപേശിക്കൂടേ എന്നും അഭിപ്രായപ്പെടുന്നു. ഇവരെ വിശ്വാസത്തിലെടുക്കാതെ തഴഞ്ഞാൽ കേരളത്തിൽ പാർട്ടി പിളർന്നാലോ എന്ന സംശയവുമുണ്ട്. 

ജനതാദൾ(എസ്) ചിഹ്നത്തിൽ എംഎൽഎമാരായ കെ.കൃഷ്ണൻകുട്ടിക്കോ മാത്യു ടി.തോമസിനോ മറ്റു പാർട്ടികളിൽ ഔപചാരികമായി ചേരാൻ കഴിയില്ല. പാർട്ടി ആകെ മറ്റൊരു പാർട്ടിയിൽ ലയിച്ചാലേ എംഎൽഎമാരുടെ അയോഗ്യതാ ഭീഷണി ഒഴിവാകൂ.

English Summary: Janatha Dal (S) Politics in LDF 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com