ഇ.ഡി മർദിച്ചെന്ന ആരോപണം തിരിഞ്ഞുകൊത്തുമോ? നേതാക്കൾക്ക് ആശങ്ക

Mail This Article
തൃശൂർ ∙ കരുവന്നൂർ കള്ളപ്പണക്കേസിൽ ചോദ്യംചെയ്യലിനിടെ ഇ.ഡി ഉദ്യോഗസ്ഥർ മർദിച്ചുവെന്ന സിപിഎം കൗൺസിലർ പി.ആർ.അരവിന്ദാക്ഷന്റെ ആരോപണം ഭാവിയിൽ തിരിഞ്ഞുകൊത്താനിടയുണ്ടെന്നു സിപിഎം ക്യാംപിൽ ആശങ്ക. മുളവടികൊണ്ടു തന്നെ തുടർച്ചയായി മർദിച്ചുവെന്നും കുനിച്ചുനിർത്തി കഴുത്തിലിടിച്ചെന്നുമടക്കം അരവിന്ദാക്ഷൻ കടുത്ത ആരോപണങ്ങളുന്നയിച്ചതോടെ ഇക്കാര്യം സാധൂകരിക്കാൻ പാകത്തിനുള്ള തെളിവുകൾ എങ്ങനെ കണ്ടെത്തുമെന്നാണു സംശയം.
ചോദ്യംചെയ്യൽ മുറികളിലടക്കം 24 സിസിടി ക്യാമറകളുള്ള ഇ.ഡി ഓഫിസിൽ അരവിന്ദാക്ഷന്റെ വരവും പോക്കുമടക്കം മുഴുവൻസമയ ദൃശ്യങ്ങളും ചിത്രീകരിച്ചിട്ടുണ്ടെന്നാണു സൂചന.
12ന് ആണ് അരവിന്ദാക്ഷനെ കൊച്ചി ഇ.ഡി ഓഫിസിലേക്കു ചോദ്യംചെയ്യാൻ വിളിപ്പിച്ചത്. എന്നാൽ, മർദിച്ചെന്നു എറണാകുളം സെൻട്രൽ പൊലീസിനു പരാതി നൽകിയതു ദിവസങ്ങൾക്കു ശേഷവും. ക്രൂരമർദനമേറ്റെന്നു പരാതിയിലുണ്ടെങ്കിലും ഇ.ഡി ഓഫിസിലെ ദൃശ്യങ്ങൾ പുറത്തുവന്നാൽ ഈ വാദം നിലനിൽക്കുമോ എന്ന കാര്യത്തിലാണു സിപിഎം ക്യാംപിൽ ആശങ്കയുള്ളത്.
ചോദ്യംചെയ്യലിനു ശേഷം അരവിന്ദാക്ഷൻ ‘കളിച്ചുചിരിച്ചാണ്’ ഓഫിസിൽ നിന്നു മടങ്ങിയതെന്ന ഇ.ഡിയുടെ വാദം തെളിയിക്കാൻ പാകത്തിനാണു സിസിടിവി ദൃശ്യങ്ങളെങ്കിൽ പ്രാഥമിക അന്വേഷണത്തിൽതന്നെ ആരോപണം തള്ളിപ്പോകാനിടയുണ്ട്.
ആരോപണംരാഷ്ട്രീയപ്രേരിതം:ജിജോർ
∙ കരുവന്നൂർ കള്ളപ്പണക്കേസിൽ ചോദ്യംചെയ്യലിനിടെ ഇ.ഡി മർദിച്ചെന്ന സിപിഎം കൗൺസിലർ പി.ആർ. അരവിന്ദാക്ഷന്റെ ആരോപണം രാഷ്ട്രീയപ്രേരിതം എന്നു മുഖ്യസാക്ഷി കെ.എ. ജിജോർ. 9 ദിവസം ഇ.ഡി ഓഫിസിൽ ചോദ്യംചെയ്യലിനു ഹാജരായപ്പോഴൊന്നും ഇ.ഡി ആരോടെങ്കിലും അസഭ്യവാക്കു പറയുകയോ മർദിക്കുകയോ ചെയ്യുന്നതു കണ്ടിട്ടില്ല. ഇ.ഡി ഓഫിസ് നിറയെ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. തെളിവുകൾ അടിസ്ഥാനമാക്കിയാണ് ഇ.ഡിയുടെ ചോദ്യംചെയ്യൽ രീതി. അരവിന്ദാക്ഷന്റെ ആരോപണം ശരിയല്ലെന്നും ജിജോർ പറഞ്ഞു.
കേരളത്തിലെ ജയിലിൽ പാർപ്പിക്കരുതെന്ന് സുരേഷ്
∙ കരുവന്നൂർ കള്ളപ്പണക്കേസിൽ അറസ്റ്റിലാകുന്നവരെ കേരളത്തിലെ ജയിലുകളിൽ പാർപ്പിക്കരുതെന്ന ആവശ്യവുമായി പരാതിക്കാരൻ എം.വി. സുരേഷ് ഇ.ഡിയെ സമീപിച്ചു. കസ്റ്റഡി കാലാവധി കഴിഞ്ഞാൽ പ്രതികളെ കേരളത്തിനു പുറത്തുള്ള ഏതെങ്കിലും ജയിലിലേക്കു മാറ്റണമെന്നാണു സുരേഷിന്റെ ആവശ്യം. കേരളത്തിലെ ജയിലുകളിൽ പ്രതികളെ പാർപ്പിച്ചാൽ അവിഹിതമായ ഇടപെടലുകളും ഗൂഢാലോചനകളും നടക്കാനിടയുണ്ടെന്നാണു സുരേഷിന്റെ പരാതി.
English Summary: Karuvannur Bank Scam: CPM against ED