ADVERTISEMENT

തിരുവനന്തപുരം ∙ കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിക്കേസുകളിൽ ഉത്തരം പറയാനാകാതെ സിപിഎം വട്ടംചുറ്റുമ്പോൾ നേതാക്കൾ നടത്തുന്ന പ്രസ്താവനകളും കുരുക്കാകുന്നു. കരുവന്നൂരിലെ അഴിമതിയെ നിസ്സാരമായി ചിത്രീകരിച്ചു പ്രശ്നത്തിൽ നിന്നു തലയൂരാനായിരുന്നു ശ്രമം. അതെല്ലാം പാർട്ടിക്കു തന്നെ ദോഷമായി ഭവിക്കുന്നുവെന്നാണു വിലയിരുത്തൽ. ബാങ്കിൽ ഭൂരിഭാഗം നിക്ഷേപകരും പാർട്ടിക്കാരാണ്. ന്യായീകരിക്കാൻ എന്തു പറഞ്ഞാലും അത് ഒന്നുകിൽ പ്രതിസ്ഥാനത്തുള്ളവർക്കോ അല്ലെങ്കിൽ നിക്ഷേപകർക്കോ എതിരായിട്ടേ വ്യാഖ്യാനിക്കപ്പെടുകയുള്ളൂ.

പൊതുമേഖലാ ബാങ്കുകളിലെ തട്ടിപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ കരുവന്നൂരൊക്കെ നിസ്സാരമെന്ന മട്ടിൽ മന്ത്രി എം.ബി.രാജേഷ് നടത്തിയ അഭിപ്രായപ്രകടനം വ്യാപക വിമർശനത്തിനു വഴിവച്ചു. പൊതുമേഖലാ ബാങ്കുകളിൽ നിന്നു കോടികൾ തട്ടിയെടുത്ത പലരും വിദേശത്തേക്കു കടന്നില്ലേയെന്നും മന്ത്രി ചോദിച്ചു. പ്രതികൾക്കൊപ്പമാണു മന്ത്രിയെന്നും സഹകരണ ബാങ്കുകളിലെ കൊള്ളകളെ ന്യായീകരിക്കുകയാണെന്നും വിമർശനം ഉയർന്നതോടെ കരുവന്നൂർ ക്രമക്കേട് ഗൗരവമാണെന്നു മന്ത്രിക്കു തിരുത്തേണ്ടിവന്നു. 

മന്ത്രി പി.രാജീവാകട്ടെ, കരുവന്നൂരിൽ സംഭവിച്ചതു ഗൗരവമുള്ള കാര്യമെന്നാണ് അഭിപ്രായപ്പെട്ടത്. പാർട്ടിയിലെ ഉന്നതർ പ്രതിസ്ഥാനത്തു നിൽക്കുമ്പോൾ ഗൗരവമുള്ള കേസാണെന്ന മന്ത്രിയുടെ വാക്കിനു പല മാനങ്ങളുണ്ട്. ഇ‍.ഡിയെ ഉപയോഗിച്ചു വേട്ടയാടുന്നുവെന്ന പതിവു വാചകവും അതിനൊത്ത വ്യാഖ്യാനവുമായി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കഴിഞ്ഞദിവസം മാധ്യമങ്ങളെ കണ്ടിരുന്നു. 

സ്വർണക്കടത്ത് കേസിൽ ഇഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെ മുഖ്യമന്ത്രി പിണറായി വിജയനാണു കേരളത്തിലേക്കു ക്ഷണിച്ചത്. സംസ്ഥാന സർക്കാരിനെ വെട്ടിലാക്കാൻ ഇഡി ശ്രമിക്കുന്നുവെന്ന ആരോപണം ഇക്കാര്യത്തിൽ ഏശുമോയെന്നു സംശയമുണ്ട്. 

നിക്ഷേപകരുടെയും പ്രതിസ്ഥാനത്തുള്ളവരുടെയും ഒപ്പം നിൽക്കുന്നുവെന്ന തോന്നിപ്പിക്കുന്ന പ്രസ്താവനയുമായി സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ രംഗത്തെത്തി. കേസിൽ സിപിഎമ്മുകാരുണ്ടെങ്കിൽ പുറത്താക്കിയിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം. അപ്പോൾ ഇതുവരെ സിപിഎമ്മുകാരൊന്നും കുറ്റം ചെയ്തിട്ടില്ലെന്നായി. ധനാപഹരണം നടത്തിയവർക്കൊപ്പമല്ല, നിക്ഷേപകരെയാണു സർക്കാർ സംരക്ഷിക്കുന്നതെന്നും കൂട്ടിച്ചേർത്തു. അതോടെ നിക്ഷേപകർക്കും  ആശ്വാസമാകുമെന്നാണു വിജയരാഘവന്റെ വിശ്വാസം.

ഇ.ഡിയോട് മനസ്സു തുറന്നവരെല്ലാം സിപിഎമ്മുകാർ

സമീപകാലത്ത് സിപിഎമ്മുകാർ പ്രതിയായ പല കേസുകളിലും എതിരാളികളും സാക്ഷികളും ഭിന്ന രാഷ്ട്രീയക്കാരായിരുന്നു. അതിനാൽ രാഷ്ട്രീയമായി വേട്ടയാടാൻ ശ്രമിക്കുന്നെന്ന  ന്യായീകരണത്തോടെ പാർട്ടി പിടിച്ചുനിന്നു. ടി.പി. ചന്ദ്രശേഖരൻ വധത്തിലും നിയമസഭാ അക്രമക്കേസിലും ഈ നയമായിരുന്നു പാർട്ടിയുടേത്. കരുവന്നൂരിൽ അത്തരം കൈകഴുകൽ സാധ്യമല്ല. എ.സി.മൊയ്തീൻ ഉൾപ്പെടെയുള്ളവർക്കെതിരെ ഇ.ഡിയോടു മനസ്സു തുറന്നവരെല്ലാം സിപിഎമ്മുകാരാണ്.

English Summary: Karuvannur Bank Scam: CPM in Confusion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT