ADVERTISEMENT

തിരുവനന്തപുരം ∙ വർധിപ്പിച്ച ബാർ ലൈസൻസ് ഫീസ് രണ്ടു മാസമായിട്ടും വാങ്ങാതെ സർക്കാർ. 30 ലക്ഷത്തിൽ നിന്നു 35 ലക്ഷമാക്കി ലൈസൻസ് ഫീസ് ഉയർത്തി ജൂലൈ 27നാണു മദ്യനയം പ്രഖ്യാപിച്ചത്. 777 ബാറുകളിൽ നിന്നായി 38.85 കോടി രൂപ ലഭിക്കാനുണ്ടായിട്ടും ഈ തുക വാങ്ങിയെടുക്കാൻ സർക്കാരിന് ഉത്സാഹമില്ല. ഫീസ് വർധിപ്പിച്ചുള്ള ചട്ടഭേദഗതി ആയില്ലെന്നതാണ് ഔദ്യോഗിക വിശദീകരണം.

വർധിപ്പിക്കുന്ന ലൈസൻസ് ഫീസ് നൽകണമെന്ന ഉറപ്പ് രേഖാമൂലം വാങ്ങിയാണ് ഈ സാമ്പത്തിക വർഷമാദ്യം ബാറുകൾക്കു ലൈസൻസ് പുതുക്കി നൽകിയത്. പഴയ ഫീസായ 30 ലക്ഷം രൂപ അടപ്പിച്ചു. ഫീസ് വർധിപ്പിക്കുന്നതിനെതിരെ ബാറുടമകൾ സമ്മർദം ചെലുത്തിയിരുന്നു. 

മാസങ്ങളോളം ഫയൽ മുഖ്യമന്ത്രിയുടെ ഓഫിസിലിരുന്ന ശേഷമാണു ഫീസ് 35 ലക്ഷമാക്കി ഉയർത്തി ജൂലൈ അവസാനം നയം പ്രഖ്യാപിച്ചത്. 

കൂട്ടിയ ഫീസ് അടയ്ക്കാൻ സാവകാശം ആവശ്യപ്പെട്ടു ബാറുടമകളുടെ സംഘടന സർക്കാരിനെ സമീപിച്ചിരുന്നു. നയത്തിൽ ഫീസ് ഉയർത്തിയെങ്കിലും തുക സർക്കാർ ഖജനാവിൽ എത്തിയിട്ടില്ലെന്നതാണു സ്ഥിതി. ചട്ടഭേദഗതി ആവശ്യമുണ്ടെങ്കിൽ അടിയന്ത‌‌രമായി വേണമെന്നു മദ്യനയത്തിൽ തന്നെ നിർദേശിച്ചിട്ടും ചട്ടം തയാറാകുന്നില്ല.

∙ബാറുകൾ വാരിക്കോരി

വാരിക്കോരി ബാറുകൾ അനുവദിക്കുന്നുവെന്ന ആക്ഷേപം സർക്കാരിനു മേലുണ്ട്. രണ്ടാം പിണറായി സർക്കാർ വന്നശേഷം 78 ബാറുകൾക്കാണു പുതിയ ലൈസൻസ് നൽകിയത്. എം.വി.ഗോവിന്ദൻ എക്സൈസ് മന്ത്രി സ്ഥാനമൊഴിഞ്ഞ ശേഷം, കഴിഞ്ഞ 10 മാസത്തിനിടെയാണ് ഇതിൽ 60 ബാറുകൾക്കു ലൈസൻസ് നൽകിയതെന്ന കൗതുകമുണ്ട്. 

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഏറ്റവുമധികം ബാറുകൾ (720) ഉണ്ടായിരുന്നത് 2013–14ലായിരുന്നു. ഇതിനെയും മറികടന്നാണു രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ബാറുകളുടെ എണ്ണം 777 ആയി ഉയർന്നത്. 

2014–15ലെ മദ്യനയത്തിന്റെ ഭാഗമായി ബാറുകൾ കൂട്ടത്തോടെ അടച്ചുപൂട്ടിയ ശേഷം യുഡിഎഫ് സർക്കാർ അധികാരമൊഴിയുമ്പോൾ 29 പഞ്ചനക്ഷത്ര ബാറുകൾ മാത്രമാണു സംസ്ഥാനത്തുണ്ടായിരുന്നത്. യുഡിഎഫ് സർക്കാർ പൂട്ടിയ 482 ബാറുകൾക്കു ലൈസൻസ് നൽകിയതിനു പുറമേ, കഴിഞ്ഞ ഏഴര വർഷത്തിനിടെ  266 ലൈസൻസ് പുതിയതായി നൽകി.

English Summary: Kerala Government not keen to collect increased bar licence fee of 38.5 crores from Bar Owners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT