ADVERTISEMENT

മറയൂർ (ഇടുക്കി) ∙ മറയൂരിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽനിന്ന് കടന്നുകളഞ്ഞ സംഭവത്തിൽ 5 പൊലീസുകാർക്ക് സസ്പെൻഷൻ. കുപ്രസിദ്ധ മോഷ്ടാവായ തമിഴ്നാട് തിരുനെൽവേലി കടയം സ്വദേശി ബാലമുരുകനാണ് (33) കസ്റ്റഡിയിൽ നിന്നു കടന്നത്. ഇയാളെ പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു. 

സംഭവത്തിൽ മറയൂർ സ്റ്റേഷനിലെ എസ്ഐ പി.ജി.അശോക് കുമാർ, എഎസ്ഐ ബോബി എം.തോമസ്, ഹെഡ് കോൺസ്റ്റബിൾ എൻ.എസ്.സന്തോഷ്, സിപിഒമാരായ വിനോദ്, ജോബി ആന്റണി എന്നിവർക്കെതിരെയാണ് ദക്ഷിണമേഖല ഡിഐജി നടപടിയെടുത്തത്. 

ബാലമുരുകൻ ഉൾപ്പെടെ നാലു പ്രതികളെയാണ് മറയൂർ പൊലീസ് സാഹസികമായി മോഷണം നടത്തിയ അന്നുതന്നെ ചട്ടമൂന്നാറിൽ നിന്നു പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് ഒരാഴ്ചയ്ക്കു ശേഷം ഓഗസ്റ്റ് 19നാണു മറയൂർ പൊലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്. തുടർന്ന് അന്വേഷണത്തിനായി തമിഴ്നാട്ടിലേക്കു കൊണ്ടുപോയി. 21നു തിരിച്ചുവരുന്ന വഴിക്ക്  ബാലമുരുകൻ ഡിണ്ടിഗലിൽ വച്ച് എസ്ഐ അശോക് കുമാറിനെ ആക്രമിച്ചാണ് കടന്നുകളഞ്ഞത്. ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിലും തിരുനെൽവേലിയിൽ വിവിധ സ്ഥലങ്ങളിലുമായി 10 ദിവസത്തോളം നടത്തിയ അന്വേഷണത്തിൽ ബാലമുരുകനെ തെങ്കാശിയിലെ കൃഷിത്തോട്ടത്തിലെ ഷെഡിനുള്ളിൽ നിന്ന് സെപ്റ്റംബർ ഒന്നിനു പിടികൂടി. തുടർന്ന് മറയൂരിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. എന്നാലും പ്രതി കടന്നുകളഞ്ഞത് പൊലീസിന്റെ വീഴ്ചയാണ് എന്നുള്ള റിപ്പോർട്ടിലാണ് സസ്പെൻഷൻ നടപടി.

English Summary: Five Policemen suspended at Marayoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com