സഹകരണ നിക്ഷേപത്തിന് കൂടുതൽ ഗാരന്റി വരുമെന്ന് സിപിഎം നേതാക്കൾ
Mail This Article
തൃശൂർ∙ സഹകരണ സ്ഥാപന നിക്ഷേപങ്ങൾക്കു സർക്കാർ ഗാരന്റി നൽകുന്നതു സംബന്ധിച്ച പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ സംസ്ഥാന നേതാക്കൾ വ്യക്തമാക്കി. ഇപ്പോൾ സഹകരണ ഇൻഷുറൻസ് വഴി 5 ലക്ഷം രൂപ വരെയുള്ള സഹായമല്ലാതെ സർക്കാർ മറ്റു സഹായം നൽകുന്നില്ല.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ പാർട്ടിക്കു നേരെ നടക്കുന്ന പ്രചാരണം നേരിടാനായി ജില്ലയിൽ സഹകരണ ക്യാംപെയ്ൻ നടത്തും. ബിജെപി– കോൺഗ്രസ് കൂട്ടുകെട്ട് സഹകരണസ്ഥാപനങ്ങളെ തകർക്കുന്നതു പ്രതിരോധിക്കാനായി താഴെത്തട്ടു മുതൽ യോഗങ്ങളും കൂട്ടായ്മകളും നടത്താൻ ഗോവിന്ദൻ നിർദേശിച്ചു. വലിയ ക്യാംപെയ്നായി ഇതിനെ മാറ്റും. എല്ലാ നേതാക്കളും രംഗത്തു വരണം. സംസ്ഥാന നേതാക്കൾ പങ്കെടുക്കും. താഴെത്തട്ടിലെ യോഗങ്ങൾക്കായിരിക്കണം മുൻഗണന. തുടർന്നു സഹകാരി കൂട്ടായ്മകളും നിക്ഷേപകരുടെ സംഗമവും നടത്തും. ഒക്ടോബർ 10നു മുൻപു സഹകരണ ക്യാംപെയ്ൻ അവസാനിപ്പിക്കും. സഹകരണ സ്ഥാപനങ്ങളിലെ തട്ടിപ്പിനെതിരെയുള്ള ജാഗ്രത കൂട്ടാനും ഇതുപയോഗപ്പെടുത്തണമെന്നാണു പാർട്ടി തീരുമാനം. എ.സി.മൊയ്തീനാവശ്യമായ നിയമ സഹായം പാർട്ടി ഉറപ്പാക്കും. ജില്ലയിൽ എല്ലാ തലത്തിലും പാർട്ടി ജനറൽ ബോഡികൾ ഉടൻ വിളിച്ചുചേർക്കും.
English Summary: M.V Govindan said that there will be more guarantee for co operative bank investment