മുഖ്യമന്ത്രിയും മന്ത്രിമാരും ഒരുമാസം തലസ്ഥാനത്തിനു പുറത്ത്; മന്ത്രിസഭയുടെ കേരള മാർച്ച്
Mail This Article
തിരുവനന്തപുരം ∙ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നിയമസഭാ മണ്ഡലപര്യടനകാലത്ത് ഒന്നര മാസം മന്ത്രിസഭ അപ്പാടെ സെക്രട്ടേറിയറ്റിനു പുറത്തായിരിക്കും. ഒരേ വാഹനത്തിലാണു മുഖ്യമന്ത്രി അടക്കം മന്ത്രിസഭയിലെ 21 പേരും യാത്ര ചെയ്യുക. നവംബർ 18നു തുടങ്ങി ഡിസംബർ 24നു സമാപിക്കുന്ന പര്യടനത്തിന് ഒരു ദിവസം പോലും ഒഴിവില്ല. ബുധനാഴ്ചകളിലെ മന്ത്രിസഭാ യോഗത്തിനായി ചീഫ് സെക്രട്ടറി പര്യടന സ്ഥലത്തെത്തും.
140 നിയമസഭാ മണ്ഡലങ്ങളിലും മന്ത്രിസഭാസംഘം എത്തും. തിരഞ്ഞെടുപ്പിനു മുൻപായി രാഷ്ട്രീയ പാർട്ടികളോ മുന്നണികളോ നടത്തുന്ന പ്രചാരണ ജാഥകളുടെ സർക്കാർ പതിപ്പായി ഈ പര്യടനം മാറും. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനായി പ്രത്യേക ബസ് സജ്ജമാക്കും. എല്ലായിടത്തും ഒരുമിച്ചാകും എത്തുക.
ദിവസവും 4 മണ്ഡലങ്ങളിൽ സംഘമെത്തും. രാവിലെ ഒരു പ്രധാന കേന്ദ്രത്തിൽ ആ 4 മണ്ഡലങ്ങളിലെ പൗരപ്രമുഖരുമായി സംവദിക്കും. 15 മിനിറ്റ് മുഖ്യമന്ത്രി സംസാരിക്കും. 45 മിനിറ്റ് പങ്കെടുക്കുന്നവർക്ക് അഭിപ്രായങ്ങൾ പറയാം. മുഖ്യമന്ത്രിയോ ബന്ധപ്പെട്ട മന്ത്രിയോ അതിനോടു പ്രതികരിക്കും. 11 മണിക്കു നിയോജകമണ്ഡലം തലത്തിലുള്ള വിപുലമായ യോഗം. ഉച്ചയ്ക്കു ശേഷം മൂന്നിനും നാലരയ്ക്കും ആറു മണിക്കും സമാനമായ യോഗങ്ങൾ അടുത്ത മണ്ഡലങ്ങളിൽ ചേരും. എല്ലാ യോഗങ്ങളിലും വിവിധ വകുപ്പു മേധാവികൾ ഹാജരായിരിക്കും. പ്രത്യേക കൗണ്ടറുകളിൽ ജനങ്ങൾക്കു പരാതിയും നിവേദനവും സമർപ്പിക്കാം. അപ്പോൾ തീർപ്പാക്കാൻ കഴിയുന്നതെങ്കിൽ അതു ചെയ്യണമെന്നാണു നിർദേശം.
പരിപാടിയുടെ ചെലവിന്റെ ഒരു ഭാഗം സർക്കാർ വഹിക്കും. ബാക്കി സ്പോൺസർഷിപ്പിലൂടെ കണ്ടെത്തും. ഓരോ മണ്ഡലത്തിലെയും എംഎൽഎക്കാണു പരിപാടിയുടെ മുഖ്യ ചുമതല. യുഡിഎഫ് പിന്മാറിയ സാഹചര്യത്തിൽ ആ മണ്ഡലങ്ങളിലെ ചുമതലക്കാരെ ജില്ലാ എൽഡിഎഫ് യോഗങ്ങൾ ചേർന്നു നിശ്ചയിക്കും.
ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടു സർക്കാർ സംവിധാനത്തെ ആകെ ജനങ്ങളുടെ അടുത്തേക്ക് എത്തിക്കുന്ന പുതിയ രീതിയാണ് സിപിഎം പരീക്ഷിക്കുന്നത്.
തുടർച്ചയായി ആക്ഷേപങ്ങളും വിവാദങ്ങളും പിന്തുടരുന്ന സർക്കാരിന്റെ മുഖം മിനുക്കി ജനബന്ധം ശക്തമാക്കുകയാണു രാഷ്ട്രീയലക്ഷ്യം.
മന്ത്രിസഭാ മാറ്റം നീളുമോ, നേരത്തേ ആകുമോ?
തിരുവനന്തപുരം ∙ മുഖ്യമന്ത്രിയും മന്ത്രിമാരും നവംബർ 18നു പര്യടനത്തിനൊരുങ്ങുന്നതോടെ മന്ത്രിസഭയിലെ മാറ്റം അതിനു മുൻപോ ശേഷമോ എന്ന ചോദ്യം ഉയർന്നു. രണ്ടാം പിണറായി സർക്കാർ രണ്ടരവർഷം പൂർത്തിയാകുന്നത് നവംബർ 20നാണ്. എൽഡിഎഫിലെ ധാരണ പ്രകാരം ആന്റണി രാജുവിനു പകരം കെ.ബി.ഗണേഷ്കുമാറും അഹമ്മദ് ദേവർകോവിലിനു പകരം രാമചന്ദ്രൻ കടന്നപ്പള്ളിയും ഈ സമയത്തു മന്ത്രിമാരാകണം. ജാഥ തുടങ്ങുന്നതിനു മുൻപു മന്ത്രിസഭയിലെ ഈ വച്ചുമാറ്റം നടന്നില്ലെങ്കിൽ പിന്നെ ജനുവരി ആദ്യമേ സാധ്യതയുള്ളൂ.
English Summary: Pinarayi Government's mass contact Programme, Government is planning an extensive outreach intiative