വളർത്തുമൃഗങ്ങൾ, രജനീകാന്ത്: കൊച്ചുമകൻ ഇഷാന്റെ ഇഷ്ടങ്ങൾ, പിണറായിയുടേതും!

Mail This Article
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മിക്ക യാത്രകളിലും കൊച്ചുമകൻ ഇഷാനെ നിഴൽപോലെ ഒപ്പം കാണാം. അത്രയ്ക്ക് ആത്മബന്ധമാണ് അപ്പൂപ്പനും കൊച്ചുമകനും തമ്മിൽ. എന്നാൽ ഇഷാൻ തിരുവനന്തപുരത്തു ക്ലിഫ് ഹൗസിലുള്ളപ്പോൾ നിഴലായി ഒപ്പമുള്ളത് ഒരു കൂട്ടം വളർത്തുമൃഗങ്ങളാണ്. അരുമജീവികളെ വളർത്തൽ അഞ്ചാംവയസ്സുമുതൽ ഇഷാന്റെ ഇഷ്ടമാണ്. ഇത് പകർന്നു കിട്ടിയത് അപ്പൂപ്പനിൽനിന്നുതന്നെ. അരുമ മൃഗങ്ങളെ പരിപാലിക്കേണ്ടതിനെക്കുറിച്ചു ‘മലയാള മനോരമ’ തിരുവനന്തപുരം ഓഫിസിൽ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാനെത്തിയ ഇഷാൻ, ഇക്കാര്യം തനിക്കു കുട്ടിക്കളിയല്ലെന്നു വ്യക്തമാക്കുന്നു.
ആദ്യത്തെ പെറ്റ് സ്വന്തമായത് ഇഷാന് അഞ്ചു വയസ്സുള്ളപ്പോഴാണ്. ചെന്നൈയിൽനിന്നാണ് 23 ദിവസം പ്രായമുള്ള ലാബ്രഡോർ നായ്ക്കുട്ടി ക്ലിഫ് ഹൗസിലെത്തിയത്. അവനു റോബിൻ എന്നു പേരിട്ടു. ഇന്നും കൂടുതലിഷ്ടം റോബിനോടാണ്. ഷിറ്റ്സു ഇനത്തിൽ പെട്ട ഓറിയോ ആണ് ഇക്കൂട്ടത്തിൽ രണ്ടാമൻ. ഓറിയോ പക്ഷേ അപ്പൂപ്പന്റെ ആളാണ്. കിടപ്പ് മുഖ്യമന്ത്രിയുടെ മുറിയിൽ തന്നെ. അപ്പൂപ്പനെ കണ്ടാൽ മറ്റാരെയും വേണ്ട. ഭക്ഷണം അധികവും മുഖ്യമന്ത്രിയുടെ കൈ കൊണ്ടാണ്. ഒരു പഴമെങ്കിലും കൊടുത്തിരിക്കണമെന്നു നിർബന്ധം.
ഇടയ്ക്കിടെ മുഖ്യമന്ത്രി ദൂരയാത്രക്കൊരുങ്ങുമ്പോൾ ഓറിയോ ‘ഡൗൺ’ ആകും. ദൂരയാത്രകൾ കഴിഞ്ഞു തിരിച്ചെത്തുമ്പോൾ തനിക്കുള്ള സമ്മാനം മാത്രമല്ല, അരുമ മൃഗങ്ങൾക്കുള്ളതും അപ്പൂപ്പൻ മറക്കാറില്ലെന്ന് ഇഷാൻ. പെറ്റ് ഫുഡ് അല്ലെങ്കിൽ കളിപ്പാട്ടം കൊണ്ടുവരും. ക്ലിഫ് ഹൗസിൽ ഇഷാന്റെ കൂട്ടുകാരായി വിവിധയിനം പക്ഷികളും കോഴിയും വാത്തയും (ഗൂസ്) മുതൽ പശുക്കുട്ടി വരെയുണ്ട്.
കണ്ണൂരിലെ വീട്ടിൽ അപ്പൂപ്പനു ലാബ്രഡോറും പൊമറേനിയനും അൽസേഷനുമെല്ലാം ഉണ്ടായിരുന്നു. അമ്മ വീണയ്ക്കും അരുമജീവികളെ ഇഷ്ടമാണ്. അരുമജീവികൾ കഴിഞ്ഞാൽ ഇഷാനും അപ്പൂപ്പനും ഒരുമിക്കുന്ന ഒരിഷ്ടമുണ്ട്– സൂപ്പർ സ്റ്റാർ രജനീകാന്ത്. രജനിപ്പടങ്ങൾ വിടാതെ കാണും, കഴിയുന്നതും ഒരുമിച്ചുതന്നെ.
നളിനി നെറ്റോ ഉദ്ഘാടനം ചെയ്ത്, ഡോ.എൽ.ജെ.ലോറൻസ് നയിച്ച സെമിനാറിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞയാളും ഇഷാനായിരുന്നു. നാലാഞ്ചിറ സർവോദയ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. ഇങ്ങനെയൊരു ക്ലാസിൽ പങ്കെടുക്കുന്നത് ആദ്യം.
English Summary:Pinarayi Vijayan's Grandson Ishan about his Pets