ADVERTISEMENT

തിരുവനന്തപുരം∙ ഇടതുമുന്നണിയിൽ സിപിഐ മത്സരിക്കുന്ന വയനാട് ലോക്സഭാ സീറ്റിൽ പ്രതിപക്ഷ ഇന്ത്യ മുന്നണിയുടെ നേതാവായ രാഹുൽ ഗാന്ധി മത്സരിക്കരുതെന്ന അഭിപ്രായം ദേശീയ എക്സിക്യൂട്ടീവിൽ ഉയർന്നെങ്കിലും ഇതു പാർട്ടിയുടെ ഔദ്യോഗിക ആവശ്യമല്ലെന്നു സൂചിപ്പിച്ച് നേതൃത്വം. പാർട്ടിയുടെ കേരള ഘടകവും ഇക്കാര്യം ആവശ്യപ്പെടില്ല. എന്നാൽ, നാളെ മുതൽ മൂന്നു ദിവസം തിരുവനന്തപുരത്തു ചേരുന്ന സംസ്ഥാന നേതൃയോഗങ്ങളിൽ ഈ അഭിപ്രായവും ചർച്ചയ്ക്കു വരും. രാഹുലിന്റെ സ്ഥാനാർഥിത്വം കൊണ്ടു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ മുന്നേറ്റം ലഭിച്ച യുഡിഎഫ് രാഹുലിനു വേണ്ടി ഇത്തവണയും പിടിമുറുക്കുന്നുണ്ട്.

കഴിഞ്ഞ 19നു സിപിഐ ദേശീയ എക്സിക്യൂട്ടീവിൽ പി.സന്തോഷ്കുമാർ എംപി നടത്തിയ അഭിപ്രായ പ്രകടനമാണു വയനാട്ടിലെ രാഹുലിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ചു പെട്ടെന്നു ചർച്ചയുണ്ടാക്കിയത്. ഇന്ത്യ മുന്നണിയുടെ ഭാഗമായി സിപിഐയ്ക്കു മത്സരിക്കാൻ കഴിയുന്ന സീറ്റുകൾ രാജ്യത്ത് അധികമില്ലെന്ന പശ്ചാത്തലത്തിൽ കൂടിയായിരുന്നു സന്തോഷ്കുമാറിന്റെ അഭിപ്രായ പ്രകടനം. വയനാട് കോൺഗ്രസിന്റെ ഉറച്ച സീറ്റാണെന്ന ബോധ്യം പ്രകടിപ്പിച്ചുകൊണ്ടാണ്, രാഹുൽഗാന്ധി മത്സരിക്കുന്ന സാഹചര്യം ദേശീയാടിസ്ഥാനത്തിൽ ബിജെപിക്കു രാഷ്്ട്രീയമായി ഗുണം ചെയ്യുമെന്നു ചൂണ്ടിക്കാട്ടിയത്. എന്നാൽ എക്സിക്യൂട്ടീവിൽ കേരളത്തിൽ നിന്നുള്ള മറ്റ് അംഗങ്ങളാരും ഇതിനെ പിന്താങ്ങിയില്ല. സന്തോഷ് പറഞ്ഞതിന്റെ അന്തസ്സത്ത അംഗീകരിക്കുന്നുണ്ടെങ്കിലും മറ്റൊരു പാർട്ടിയുടെ അധികാരത്തിൽപ്പെട്ട കാര്യം ആവശ്യപ്പെടുന്നതിൽ അനൗചിത്യമുണ്ടെന്നു നേതാക്കൾ പറയുന്നു.

2019ൽ രാഹുൽ വയനാട്ടിൽ മത്സരിച്ച സാഹചര്യമല്ല ഇപ്പോഴത്തേതെന്നതു ചൂണ്ടിക്കാട്ടുന്നവരുണ്ട്. തിരഞ്ഞെടുപ്പിനു മുൻപുതന്നെ പ്രതിപക്ഷം മുന്നണി രൂപീകരിച്ചു. ഭാരത് ജോഡോ യാത്രയും സർക്കാരിനെതിരായ നേരിട്ടുള്ള പോരാട്ടവും രാഹുലിനു കൂടുതൽ സ്വീകാര്യത സമ്മാനിച്ചു. അങ്ങനെയുള്ളപ്പോൾ രാഹുലിന്റെ മത്സരം രാജ്യമാകെ ഉറ്റുനോക്കും. ബിജെപി കൂടുതൽ ശക്തിയായി ഈ വിഷയം ഉന്നയിച്ച് ഇന്ത്യ മുന്നണിയെ ദുർബലപ്പെടുത്താൻ ശ്രമിച്ചേക്കും. മുനവച്ച പരിഹാസം ബിജെപിയുടെ ഭാഗത്തുനിന്നു കഴിഞ്ഞദിവസങ്ങളിൽ പാർലമെന്റിലുണ്ടായതു സൂചനയാണ്. വയനാട് സംവരണ മണ്ഡലമാക്കിയാൽ എന്തു ചെയ്യും എന്ന ചോദ്യം അമിത്ഷായും ജെ.പി.നഡ്ഡയുമാണു ചർച്ചയ്ക്കിടെ ഉന്നയിച്ചത്.

രണ്ട് എതിർവാദങ്ങളാണു കോൺഗ്രസിന്റേത്. ഒന്ന്, ബിജെപി ദുർബലമായ കേരളത്തിലും ബംഗാളിലും ഇന്ത്യ മുന്നണി സഖ്യമില്ല. രണ്ടാമത്തേത്, കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയം പാർട്ടിയുടെ ആഭ്യന്തര വിഷയമാണ്. പാർട്ടിയുടെ പ്രധാനപ്പെട്ട നേതാവ് എവിടെ മത്സരിക്കണമെന്നതു സിപിഐയെപ്പോലെ ഒരു പാർട്ടി നിർദേശിക്കേണ്ടതില്ല. ഈ സമയത്ത് ഇത്തരമൊരു ചർച്ച വേണ്ടിയിരുന്നുമില്ല.

രാഹുൽ വയനാട്ടിൽ തന്നെ മത്സരിക്കണമെന്ന് ആദ്യത്തെ പ്രവർത്തക സമിതിയോഗത്തിൽ കേരളത്തിലെ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. 2019ൽ കേരളത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിലാണ് (431770) രാഹുൽ ജയിച്ചത്. 20ൽ 19 സീറ്റ് ആ തരംഗത്തിൽ യുഡിഎഫ് നേടുകയും ചെയ്തു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി ഇടതുപക്ഷം സ്ഥാനാർഥിയെ നിർത്തരുതെന്നു കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടപ്പോഴുണ്ടായ പരിഹാസവും ഓർമിപ്പിക്കുന്നു. അതേസമയം, ദക്ഷിണേന്ത്യയിൽ നിന്നു രാഹുൽ മത്സരിക്കാൻ താൽപര്യപ്പെടുന്നുവെങ്കിൽ കർണാടകമോ തമിഴ്നാടോ തിരഞ്ഞെടുക്കാൻ ആ സംസ്ഥാനങ്ങളിലെ കോൺഗ്രസ് ആവശ്യപ്പെടുന്നുണ്ട്.
സിപിഐക്ക് അവകാശമില്ല

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കരുതെന്നു പറയാൻ സിപിഐക്ക് അവകാശമില്ല. ഇന്ത്യ മുന്നണി കേരളത്തിലും ബംഗാളിലുമില്ല. കോൺഗ്രസിന്റെ സീറ്റിലെ സ്ഥാനാർഥിയെക്കുറിച്ചു കോൺഗ്രസാണു തീരുമാനമെടുക്കേണ്ടത്. രാഹുൽ വയനാട്ടിൽ നിന്നു മാറരുതെന്നാണു കേരളത്തിലെ കോൺഗ്രസിന്റെ അഭിപ്രായം. 

∙എം.എം.ഹസൻ,യുഡിഎഫ് കൺവീനർ

തീരുമാനിക്കേണ്ടത് അതതു പാർട്ടികളാണ്

ഓരോ മണ്ഡലത്തിലും ആരു മത്സരിക്കണമെന്ന കാര്യം തീരുമാനിക്കേണ്ടത് അതതു പാർട്ടികളാണ്. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കേണ്ടതില്ല എന്ന നിലപാട് സിപിഎമ്മിനില്ല.

∙ എ.കെ.ബാലൻ,സിപിഎം കേന്ദ്രകമ്മിറ്റി അംഗം

മറ്റു പാർട്ടികളുടെ അഭിപ്രായം വേണ്ട: വേണുഗോപാൽ

ന്യൂഡൽഹി ∙ കോൺഗ്രസിൽ ആര് എവിടെയൊക്കെ മത്സരിക്കണമെന്ന് അന്തിമമായി തീരുമാനിക്കുന്നത് പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണെന്നും അതിൽ മറ്റാരും അഭിപ്രായം പറയേണ്ടതില്ലെന്നും സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. സ്ഥാനാർഥികളെക്കുറിച്ച് ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

English Summary: Rahul Gandhi Contesting from Wayanad, CPI Says it is just an opinion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT