സോളർ കേസിലെ ഗൂഢാലോചന എന്തന്വേഷണം വേണമെന്ന് തീരുമാനിക്കാതെ കോൺഗ്രസ്

Mail This Article
തിരുവനന്തപുരം ∙ സോളർ കേസിലെ സിബിഐ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എന്തന്വേഷണം വേണമെന്നു കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി ചേർന്നു തീരുമാനിക്കണമെന്നു ദേശീയ നേതൃത്വം നിർദേശിച്ചെങ്കിലും സമിതി എന്നു ചേരുമെന്ന കാര്യത്തിൽ തീരുമാനമായില്ല. നേതാക്കൾ പുറത്തു വ്യത്യസ്ത നിലപാടുകൾ പറയുന്നതു ക്ഷീണമുണ്ടാക്കുന്ന സാഹചര്യത്തിലാണു രാഷ്ട്രീയകാര്യ സമിതി ചേർന്നു പൊതുനിലപാടെടുക്കാൻ ഹൈദരാബാദിൽ പ്രവർത്തകസമിതി യോഗത്തിനെത്തിയപ്പോൾ നിർദേശം ലഭിച്ചത്. നിയമ വിദഗ്ധരുമായി ചർച്ച തുടങ്ങിയെന്നു ചില നേതാക്കൾ പറയുന്നുണ്ടെങ്കിലും ഗൗരവമുള്ള ചർച്ചയൊന്നും ഇതുവരെയുണ്ടായിട്ടില്ല.
പ്രധാന നേതാക്കളെല്ലാം കേരളത്തിനു പുറത്തായതാണു രാഷ്ട്രീയകാര്യ സമിതി ചേരുന്നതിൽ അനിശ്ചിതത്വമുണ്ടാക്കുന്നത്. ഖത്തറിലുള്ള പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഡൽഹിയിലുള്ള കെപിസിസി പ്രസിഡന്റ് കെ.സുധാകരനും തിങ്കളാഴ്ചയോടെയേ തലസ്ഥാനത്തെത്തുകയുള്ളൂ. യുഎസ് പര്യടനശേഷം രമേശ് ചെന്നിത്തല അടുത്തമാസം ആദ്യമാണെത്തുക.
അന്വേഷണം നടത്തി ഗൂഢാലോചനയെക്കുറിച്ചു സൂചന നൽകിയ സിബിഐ തുടരന്വേഷണം നടത്താത്ത നിലയ്ക്ക് ആരെങ്കിലും അന്വേഷണത്തിനായി സമീപിക്കണം. എഴുതി നൽകിയാൽ അന്വേഷിക്കാമെന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞെങ്കിലും അതിനുള്ള അധികാരം സംസ്ഥാനത്തിനില്ല.
കേന്ദ്ര ഏജൻസി അന്വേഷിച്ച കേസിലെ തുടരന്വേഷണം സംസ്ഥാന ഏജൻസിക്ക് ഏറ്റെടുക്കാൻ അധികാരമില്ലെന്നു സുപ്രീംകോടതി വിധിയുണ്ട്.
സോളർ തട്ടിപ്പുകേസ് പ്രതിയുടെ കത്തിൽ ഗൂഢാലോചന ആരോപിച്ചു കൊട്ടാരക്കര കോടതിയിൽ കോൺഗ്രസ് നൽകിയ കേസ് അടുത്തയാഴ്ച കോടതി പരിഗണിക്കും. സിബിഐ റിപ്പോർട്ട് നൽകി ഈ കേസിനെ ബലപ്പെടുത്തി മുന്നോട്ടുപോയാൽ പോരേ എന്ന ആലോചനയാണ് ഇപ്പോൾ സജീവം.
English Summary: Solar Case: Congress has not decided about investigation in conspiracy