ഗവ. ഐടിഐയിൽ നിന്ന് ഓണാവധിക്കിടെ 7 ലക്ഷം വിലമതിക്കുന്ന യന്ത്രസാമഗ്രികൾ കടത്തി; 2 വിദ്യാർഥികളും ആക്രിക്കട ഉടമയും അറസ്റ്റിൽ

Mail This Article
കട്ടപ്പന ∙ നഗരത്തിലെ ഗവ. ഐടിഐയിൽ നിന്ന് 7 ലക്ഷത്തോളം വിലമതിക്കുന്ന യന്ത്രസാമഗ്രികൾ കടത്തിക്കൊണ്ടുപോയി വിറ്റ സംഭവത്തിൽ 2 വിദ്യാർഥികളും ആക്രി വ്യാപാരിയും അറസ്റ്റിൽ. എഴുകുംവയൽ സ്വദേശി അലൻ(19), കൊച്ചുകാമാക്ഷി സ്വദേശി ആദിത്യൻ (22), ആക്രി വ്യാപാരി ഇരട്ടയാർ സ്വദേശി രാജേന്ദ്രൻ (59) എന്നിവരാണ് അറസ്റ്റിലായത്.
ഓണാവധിക്ക് ഐടിഐ അടച്ചപ്പോഴാണ് മോഷണം. ടർണർ ട്രേഡിൽ ഉപയോഗിക്കുന്ന 3 എച്ച്പിയുടെ ത്രീ ഫേസ് മോട്ടറുകൾ, ലെയ്ത്ത് മെഷീന്റെ ചക്കുകൾ, 77 കിലോഗ്രാം തൂക്കമുള്ള ഇരുമ്പ് ദണ്ഡുകൾ എന്നിവയാണ് കടത്തിക്കൊണ്ടുപോയത്. വാഹനത്തിൽ ഇരട്ടയാറിലെ ആക്രിക്കടയിൽ എത്തിച്ച് ഇവ വിൽക്കുകയായിരുന്നു. അധികൃതർ പൊലീസിൽ പരാതിപ്പെട്ടതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
English Summary: Theft in Government ITI police arrested 2 students and scrap merchant