ADVERTISEMENT

കുണ്ടംകുഴി (കാസർകോട്) ∙ സഹകരണബാങ്ക് കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ തന്റെ പ്രസംഗം തീരുംമുൻപ് അനൗൺസ്മെന്റ് നടത്തിയതിനെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷുഭിതനായി വേദിവിട്ടിറങ്ങി. ബേഡഡുക്ക ഫാർമേഴ്സ് സഹകരണ ബാങ്ക് സംഘടിപ്പിച്ച ചടങ്ങിലാണു സംഭവം. ‘നിങ്ങൾക്കെന്റെ സ്നേഹാഭിവാദ്യങ്ങൾ’ എന്നു പറഞ്ഞ് പ്രസംഗം അവസാനിപ്പിക്കുന്നതിനിടെയാണ് കരാറുകാരനും എൻജിനീയർക്കും മുഖ്യമന്ത്രി ഉപഹാരം നൽകുമെന്ന അനൗൺസ്മെന്റ് വന്നത്. പ്രസംഗം തീർന്നിട്ടില്ലെന്നു പറയാൻ മുഖ്യമന്ത്രി ശ്രമിച്ചെങ്കിലും അനൗൺസ്മെന്റ് തുടർന്നു. ഇതോടെ, ‘അയാൾക്കു ചെവിടും കേൾക്കുന്നില്ലെന്നു തോന്നുന്നു. ഇതൊന്നും ശരിയായ ഏർപ്പാടല്ല’ എന്നു പറഞ്ഞ് പിണറായി വേദിവിട്ടു. ഉപഹാരം അദ്ദേഹം കൈമാറിയില്ല.

പിന്നാലെ പെരിയാട്ടടുക്കത്തു നടന്ന ചടങ്ങിൽ ഈ സംഭവത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചു. ‘വേദിയിൽനിന്ന് ഇറങ്ങിപ്പോകുകയോ പിണങ്ങുകയോ ചെയ്തിട്ടില്ല. പ്രസംഗം പൂർത്തിയാക്കും മുൻപ് അനൗൺസ്മെന്റ് വന്നപ്പോഴുണ്ടായ ബുദ്ധിമുട്ടു പ്രകടിപ്പിച്ചു. ഞാൻ പറഞ്ഞ് അവസാനിപ്പിക്കും മുൻപ് അനൗൺസ്മെന്റ് തുടങ്ങി. നിങ്ങൾക്കു ചെവിടു കേൾക്കില്ലേ, ഇതു ചെയ്യാൻ പാടുണ്ടോ; ഞാൻ സംസാരിച്ച് അവസാനിപ്പിച്ചിട്ടല്ലേ അനൗൺസ് ചെയ്യാൻ പാടുള്ളൂ. ഇതു പറഞ്ഞ് ഇറങ്ങിപ്പോന്നു. പിണങ്ങിപ്പോയെന്ന തരത്തിൽ വാർത്ത വന്നു. ഒരാൾ ശരിയല്ലാത്ത കാര്യം ചെയ്താൽ അതു പറയേണ്ടത് എന്റെ ബാധ്യതയാണ്. ഇനി മറ്റാരെങ്കിലും ഇതു ചെയ്താലും പറയും’– മുഖ്യമന്ത്രി പറഞ്ഞു.

സംഭവത്തിൽ അനൗൺസർ പ്രതികരിക്കാൻ തയാറായില്ല. മുഖ്യമന്ത്രി എത്തിയപ്പോൾ വൈകിയെന്നും അദ്ദേഹത്തിന് അടുത്ത പരിപാടിക്കു പോകാൻ തിരക്കുള്ളതിനാൽ ഉപഹാരം കൈമാറുന്ന കാര്യം വേഗം അനൗൺസ് ചെയ്യാൻ ശ്രമിച്ചതാണെന്നുമാണ് സംഘാടക സമിതിയിലെ ഒരംഗം പറഞ്ഞത്.

English Summary : Announcement before ending speech chief minister left stage angrily

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com