സിപിഎം നേതാവും ബാങ്ക് പ്രസിഡന്റും ചേർന്നു കെട്ടിടം വാങ്ങി: പണത്തിന്റെ ഉറവിടം അജ്ഞാതം, ദുരൂഹത

Mail This Article
തൃശൂർ ∙ കരുവന്നൂർ കള്ളപ്പണക്കേസിൽ ഇ.ഡിയുടെ അന്വേഷണ നിഴലിലുള്ള സഹകരണ ബാങ്കുകളിലൊന്നിന്റെ പ്രസിഡന്റും പ്രമുഖ സിപിഎം നേതാവും ചേർന്നു മുളങ്കുന്നത്തുകാവ് മേഖലയിൽ ബഹുനില കെട്ടിടം വാങ്ങിയെന്ന് ഇ.ഡിക്കു മുന്നിൽ സാക്ഷികളിലൊരാളുടെ മൊഴി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു കാലത്താണു ബെനാമിയുടെ പേരിൽ ഇടപാടു നടന്നത്. കെട്ടിടം വാങ്ങാൻ ചെലവഴിച്ച പണത്തിന്റെ ഉറവിടം അജ്ഞാതം. മെഡിക്കൽ കോളജിൽ നിന്ന് ഏറെ അകലെയല്ലാത്ത കെട്ടിടത്തിൽ വ്യാപാര സ്ഥാപനങ്ങളടക്കം പ്രവർത്തിക്കുന്നുണ്ട്.
ഇ.ഡി റെയ്ഡ് നേരിട്ട അയ്യന്തോൾ, തൃശൂർ സഹകരണ ബാങ്കുകൾക്കു പുറമേ സംശയ നിഴലിലുള്ള മറ്റൊരു സഹകരണ ബാങ്കിന്റെ പ്രസിഡന്റും സിപിഎമ്മിന്റെ ഉന്നത നേതാവുമാണു കെട്ടിടം വാങ്ങലിനു പിന്നിൽ. കരുവന്നൂർ കള്ളപ്പണക്കേസിലെ മുഖ്യപ്രതി പി. സതീഷ് കുമാറിന് ഈ ബാങ്കുമായും അടുത്ത ബന്ധമുണ്ടെന്നാണു സൂചന. ഉറവിടം വ്യക്തമാക്കാൻ കഴിയാത്ത പണമുപയോഗിച്ചു കെട്ടിടം വാങ്ങിയതിനു ശേഷം നടത്തിപ്പിനും മറ്റുമായി ബെനാമിയെ നിയോഗിക്കുകയാണു നേതാവു ചെയ്തത്. സാക്ഷികളിലൊരാൾ ഈ ഇടപാടിനു പിന്നിലെ അണിയറക്കഥകൾ അടക്കം ഇ.ഡിയോടു വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ബാങ്ക് പ്രസിഡന്റും നേതാവും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടെന്നും പാർട്ടിയിലെ പ്രാദേശിക നേതാക്കൾക്കടക്കം വ്യക്തമായി അറിയാം.
ഇതേ നേതാവിനു മറ്റൊരു ബെനാമിയുടെ പേരിൽ മെഡിക്കൽ കോളജ് പരിസരത്തു മറ്റൊരു ബഹുനില കെട്ടിടം കൂടിയുണ്ടെന്നു വിവരമുണ്ടെങ്കിലും സ്ഥിരീകരണമില്ല. ഈ കെട്ടിടത്തിൽ കുറച്ചുകാലം മുൻപൊരു കുറ്റകൃത്യം നടന്നതോടെയാണു നേതാവിന്റെ കെട്ടിടമാണെന്ന വിവരം പരിസരവാസികൾപോലും അറിഞ്ഞത്. കെട്ടിടവുമായി ബന്ധപ്പെട്ട അടിസ്ഥാന രേഖകൾ അധികൃതർക്കു മുന്നിൽ ഹാജരാക്കിയപ്പോഴാണ് ഇക്കാര്യം വെളിപ്പെട്ടത്.
English Summary: CPM Leader and Co-Opertaive Bank President jointly purchased a multi storied Building