വിവാഹമോചന കേസ്: കോടതി വളപ്പിൽ ദമ്പതികളുടെയും ബന്ധുക്കളുടെയും കൂട്ടത്തല്ല്

Mail This Article
ചേർത്തല (ആലപ്പുഴ) ∙ വിവാഹമോചന കേസിൽ കോടതിയിലെത്തിയ ദമ്പതികൾ കോടതി വളപ്പിൽ ഏറ്റുമുട്ടി. ഇരുവരുടെയും ബന്ധുക്കൾ ഇടപെട്ടതോടെ കൂട്ടത്തല്ലായി. ഇരുപക്ഷത്തെയും സ്ത്രീകളുടെ പരാതിയിൽ രണ്ടു കൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തു. വേർപിരിഞ്ഞു കഴിയുന്ന ദമ്പതികൾ ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് കുട്ടികളെ കൈമാറാനെത്തിയപ്പോഴുണ്ടായ തർക്കവും വാക്കേറ്റവുമാണു കൂട്ടയടിയിലെത്തിയത്. ചേർത്തല കോടതിവളപ്പിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് മക്കളെ ഭർത്താവിനു കൈമാറാൻ എത്തിയതായിരുന്നു വയലാർ സ്വദേശിനി. പട്ടണക്കാട് സ്വദേശിയായ ഭർത്താവുമായി ഏറെനാളായി ഇവർ അകന്നു കഴിയുകയാണ്. വിവാഹമോചന കേസ് ആലപ്പുഴ കുടുംബ കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ ഭർത്താവ് ഹൈക്കോടതിയിൽ ഹർജി നൽകിയതിനെത്തുടർന്ന്, കുട്ടികളെ ആഴ്ചയിൽ രണ്ടു ദിവസം ഇദ്ദേഹത്തിനൊപ്പം പോകാൻ അനുവദിക്കണമെന്നു കോടതി നിർദേശിച്ചിരുന്നു.
ഇതനുസരിച്ചാണു യുവതി പിതാവിനൊപ്പം കുട്ടികളുമായി ചേർത്തല കോടതിയിൽ എത്തിയത്. കുട്ടികളെ കാറിൽ നിന്ന് ഇറക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണു കൂട്ടത്തല്ലിൽ കലാശിച്ചത്. കോടതി അവധിയായതിനാൽ ജീവനക്കാർ ഇല്ലായിരുന്നു. സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാരും ജംക്‌ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യാേഗസ്ഥനും നാട്ടുകാരും ചേർന്നാണ് ഇരുകൂട്ടരെയും പിടിച്ചു മാറ്റിയത്.
ഭർത്താവിന്റെ വീട്ടുകാർ ബലം പ്രയോഗിച്ചെന്നും അടിച്ചു വീഴ്ത്തിയെന്നും ഭർത്താവ് നിലത്തിട്ട് ചവിട്ടിയെന്നും ഭാര്യയുടെ പരാതിയിലുണ്ട്. തലയ്ക്കും വയറിനും പരുക്കേറ്റ യുവതി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഭർത്താവിനും സഹോദരിക്കും ബന്ധുക്കൾക്കുമെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം പൊലീസ് കേസെടുത്തു. യുവതി ഹൈക്കോടതി ഉത്തരവ് ലംഘിച്ചെന്നും തങ്ങളെ ആക്രമിച്ചെന്നുമാണു ഭർത്താവിന്റെ ബന്ധുക്കളുടെ പരാതി. ഇതിൽ യുവതിക്കും പിതാവിനുമെതിരെ കേസെടുത്തതായി സ്റ്റേഷൻ ഹൗസ് ഓഫിസർ ബി.വിനോദ്കുമാർ പറഞ്ഞു.
English Summary : Divorce Case: couples and relatives clash in court premises