കണ്ടല സഹകരണ ബാങ്ക് ക്രമക്കേട്: മുൻ പ്രസിഡന്റ് ഭാസുരാംഗനിൽ നിന്ന് 5.11 കോടി ഈടാക്കണം
Mail This Article
കാട്ടാക്കട (തിരുവനന്തപുരം) ∙ സിപിഐ നിയന്ത്രണത്തിലുള്ള കണ്ടല സർവീസ് സഹകരണ ബാങ്കിലെ കോടികളുടെ നിക്ഷേപച്ചോർച്ചയ്ക്കു കാരണം സഹകരണ നിയമങ്ങൾ കാറ്റിൽ പറത്തി ഭരണം നടത്തിയ ഭരണ സമിതിയും ജീവനക്കാരുമെന്ന് അന്വേഷണ റിപ്പോർട്ട്. നിക്ഷേപ മൂല്യശോഷണം 101 കോടി രൂപയാണ്. നിയമവിരുദ്ധ പ്രവൃത്തികളിലൂടെ മാത്രം സംഘത്തിനുണ്ടായ നഷ്ടം 57.24 കോടി രൂപ. മുൻ പ്രസിഡന്റിനും ബന്ധുക്കൾക്കും ബാങ്ക് ജീവനക്കാർക്കും അവരുടെ ബന്ധുക്കൾക്കും നിബന്ധനകൾ പാലിക്കാതെ അനധികൃതമായി നൽകിയ വായ്പ 34.43 കോടി രൂപ. സർക്കാർ നിശ്ചയിച്ച പലിശയേക്കാൾ ഉയർന്ന പലിശ നൽകി നിക്ഷേപം സ്വീകരിച്ചു. നിക്ഷേപം വകമാറ്റി നിക്ഷേപകർക്ക് കോടികൾ പലിശ നൽകി. ഇങ്ങനെ നിയമവിരുദ്ധ പ്രവൃത്തികളാണു ബാങ്കിന്റെ തകർച്ചയ്ക്കു കാരണം. ബാങ്കിനുണ്ടായ ഭീമമായ നഷ്ടം പലിശസഹിതം ഉത്തരവാദികളായവരിൽ നിന്നു തിരികെപ്പിടിക്കണമെന്നു സഹകരണ സംഘം ഇൻസ്പെക്ടർ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
നിയമവിരുദ്ധ പ്രവൃത്തികളിലൂടെ ബാങ്കിനുണ്ടായ നഷ്ടത്തിന്റെ തോത് തിട്ടപ്പെടുത്തി അതതു കാലത്തെ ഭരണസമിതി അംഗങ്ങൾക്കും സെക്രട്ടറിമാർക്കും നിശ്ചിത തുക ബാധ്യത ചുമത്തിയ റിപ്പോർട്ട് തുടർനടപടികൾക്കായി ജോയിന്റ് റജിസ്ട്രാർക്കു സമർപ്പിച്ചു. പതിറ്റാണ്ടുകളായി പ്രസിഡന്റായി പ്രവർത്തിച്ചിരുന്ന സിപിഐ നേതാവ് എൻ.ഭാസുരാംഗനിൽ നിന്ന് 5,11,13,621 രൂപ ഈടാക്കാൻ റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. 2003 മുതലുള്ള ഭരണ സമിതി അംഗങ്ങളും സെക്രട്ടറിമാരും തുക അടയ്ക്കേണ്ടവരുടെ പരിധിയിലുണ്ട്. കുറ്റക്കാർക്കെതിരെ സഹകരണ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും അല്ലാത്ത പക്ഷം സഹകരണ മേഖല അപകടത്തിലാകുമെന്നും സഹകരണ നിയമം 68(1) അനുസരിച്ചു നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഇതിൻമേൽ ജോയിന്റ് റജിസ്ട്രാർ ഹിയറിങ് നടത്തും. ഇതിനു ശേഷമാകും തുടർനടപടികൾ.
English Summary: Kandala Co-Operative Bank Scam:5.11 crores will recover from Ex-President Bhasurangan