യുവതിയുടെ മോർഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ

Mail This Article
തങ്കമണി ∙ യുവതിയുടെ മോർഫ് ചെയ്ത അശ്ലീലദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. കട്ടപ്പന നരിയമ്പാറ കണ്ണമ്പള്ളിൽ ജിയോ ജോർജാണ് (23) തങ്കമണി പൊലീസിന്റെ പിടിയിലായത്. കേസിലെ ഒന്നും മൂന്നും പ്രതികളായ കട്ടപ്പന കറുകച്ചേരിൽ ജെറിൻ പൊന്നച്ചൻ, സഹോദരൻ ജെബിൻ പൊന്നച്ചൻ എന്നിവർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.
ഇടിഞ്ഞമലയിൽ പാചകവാതക ഏജൻസി നടത്തുന്ന ജെറിന് യുവതിയോടുള്ള മുൻവൈരാഗ്യത്തെത്തുടർന്നാണ് ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. ഇതിനായി അസം സ്വദേശിയായ അതിഥിത്തൊഴിലാളിയുടെ സിം കാർഡാണ് ഉപയോഗിച്ചത്. ജെബിനാണ് അസം സ്വദേശിയിൽ നിന്ന് സിം കാർഡ് വാങ്ങിയത്. ദൃശ്യങ്ങൾ പ്രചരിപ്പിക്കാനുള്ള മൊബൈൽ ഫോൺ വാങ്ങി നൽകിയ വ്യക്തിയാണ് ജിയോ. ഫോൺ വാങ്ങി നൽകിയതിനൊപ്പം ദൃശ്യങ്ങൾ പ്രചരിപ്പിക്കാനും ഇയാൾ സഹായം ചെയ്തെന്ന് പൊലീസ് പറയുന്നു.
പണം ഈടാക്കിയാണു സഹായം ചെയ്തെന്നാണു വിവരം. തങ്കമണി എസ്എച്ച്ഒ കെ.എം.സന്തോഷ്, പിആർഒ പി.പി.വിനോദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ജോഷി ജോസഫ്, സിപിഒ പി.ടി.രാജേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് കേസന്വേഷിക്കുന്നത്.
English Summary : One more person arrested in spreading morphed footage of young woman case