ADVERTISEMENT

തലയോലപ്പറമ്പ് ∙ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന് 42.72 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസിൽ, ജീവനക്കാരിയായ ഡിവൈഎഫ്ഐ തലയോലപ്പറമ്പ് മേഖലാ ജോയിന്റ് സെക്രട്ടറി പുത്തൻപുരയ്ക്കൽ കൃഷ്ണേന്ദു (27), സഹപ്രവർത്തക വൈക്കം വൈക്കപ്രയാർ ബ്രിജേഷ് ഭവനിൽ ദേവി പ്രജിത്ത് (35) എന്നിവർ ഒളിവിൽ.

കൃഷ്‌ണേന്ദുവിന്റെ ഭർത്താവും സിപിഎം തലയോലപ്പറമ്പ് ലോക്കൽ കമ്മിറ്റി അംഗവുമായ അനന്തു ഉൾപ്പെടെ കൂടുതൽ പേർ തട്ടിപ്പിനു നേതൃത്വം നൽകിയിട്ടുണ്ടെന്ന നിഗമനത്തിലാണു പൊലീസ്. ഇവരുടെ മറ്റിടപാടുകളും പൊലീസ് പരിശോധിക്കുന്നു. കൃഷ്‌ണേന്ദുവിന്റെ പേരിൽ വിവിധ ബാങ്കുകളിലുള്ള അക്കൗണ്ട് വഴി കഴിഞ്ഞ ഒരു വർഷത്തിനിടെ 10 കോടിക്കു മുകളിൽ ഇടപാടു നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് സ്ഥാപന ഉടമ ഉദയംപേരൂർ തെക്കേപറമ്പിൽ പി.എം. രാഗേഷ് പറഞ്ഞു. 

കൃഷ്ണേന്ദുവിന്റെ ഭർത്താവ് അനന്തുവും ഒളിവിലാണ്. കൃഷ്‌ണേന്ദു ഒറ്റയ്ക്കാണ് പണം കവർന്നതെന്നും ഇക്കാര്യങ്ങൾ ദേവി പ്രജിത്തിന് അറിയാമായിരുന്നുവെന്നും പ്രാഥമികാന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. വിദേശത്തേക്കു കടക്കുന്നതിനായി കൃഷ്ണേന്ദു പാസ്പോർട്ട് എടുത്തിരുന്നതായി പൊലീസ് പറഞ്ഞു. 

കഴിഞ്ഞ ഒന്നിന് പുതിയതായി എത്തിയ ജീവനക്കാരിയുടെ പരിശോധനയിൽ സ്ഥാപനത്തിൽ രണ്ടു ലക്ഷം രൂപയോളം ബാലൻസ് കണക്കിൽ ഉള്ളപ്പോൾ 10,000 രൂപ മാത്രമേ സ്ഥാപനത്തിൽ ഉണ്ടായിരുന്നുള്ളു. തുടർന്നു നടത്തിയ ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് പുറത്തുവന്നത്.

ഈ മാസം നാലുമുതൽ 20 വരെയായിരുന്നു ഓഡിറ്റിങ്. ഓഡിറ്റിങ് പൂർത്തിയാകുന്നതിനു ദിവസങ്ങൾക്കു മുൻപേ കൃഷ്‌ണേന്ദു അവധിയിൽ പ്രവേശിച്ചു. 2023 ഏപ്രിൽ മുതൽ ഉപഭോക്താക്കൾ പണയ ഉരുപ്പടികൾ തിരിച്ചെടുക്കുമ്പോൾ നൽകുന്ന പണം സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിൽ ഇവർ അടച്ചിരുന്നില്ല. ഇങ്ങനെ 19 പേരിൽനിന്ന് 42.72 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണു കണ്ടെത്തിയിരിക്കുന്നത്. കൂടാതെ പണം ഇടപാടുകാർ നൽകുന്നത് ഉടമ കണ്ടുപിടിക്കാതിരിക്കാൻ സ്ഥാപനത്തിന്റെ സിസിടിവി ക്യാമറകളും കേടുവരുത്തി. 

കൃഷ്ണേന്ദുവിനെയും ഭർത്താവിനെയും പാർട്ടി അംഗത്വത്തിൽ നിന്നു മാസങ്ങൾക്കു മുൻപ് പുറത്താക്കി എന്നാണ് ഏരിയ കമ്മിറ്റി നേതൃത്വം പറയുന്നതെങ്കിലും ഇരുവരെയും പാർട്ടി അംഗത്വത്തിൽനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ലോക്കൽ കമ്മിറ്റി മേൽഘടകങ്ങൾക്ക് കത്തുനൽകിയിട്ടേ ഉള്ളൂ എന്നാണ് അറിയുന്നത്.

English Summary : Private finance institution fraud: Accused employees absconding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT