സോളർ: ജയരാജനും സജി ചെറിയാനും ഇടപെട്ടെന്ന് സിബിഐ വീണ്ടും

Mail This Article
തിരുവനന്തപുരം ∙ സോളർ ലൈംഗികാരോപണത്തിൽ കോൺഗ്രസ് നേതാക്കളെ കുടുക്കാൻ സിപിഎം നേതാക്കൾ ഇടപെട്ടെന്നു സിബിഐയുടെ മറ്റൊരു റിപ്പോർട്ടിലും പരാമർശം.കോൺഗ്രസ് എംപി ഹൈബി ഈഡനെതിരായ ആരോപണത്തിൽ തെളിവില്ലെന്നു കണ്ടെത്തി കഴിഞ്ഞ ഡിസംബറിൽ മജിസ്ട്രേട്ട് കോടതിയിൽ നൽകിയ അന്തിമ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കി സിബിഐ നൽകിയ അന്തിമ റിപ്പോർട്ടിലും സിപിഎം നേതാക്കളുടെ പങ്ക് വെളിപ്പെടുത്തിയിരുന്നു.
പുതുതായി പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നതിങ്ങനെ– ‘‘...ഫെനി ബാലൃകൃഷ്ണൻ കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇവരുടെ (പരാതിക്കാരിയുടെ) പേരിലുണ്ടായിരുന്ന 50 സാമ്പത്തിക തട്ടിപ്പു കേസുകളിൽ അഭിഭാഷകനായിരുന്നു.
ചില രാഷ്ട്രീയക്കാർ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നു 2013ൽ പരാതിക്കാരി ഫെനിയോടു പറഞ്ഞു. എന്നാൽ പരാതി നൽകാൻ ഉപദേശിച്ചപ്പോൾ അവർ കേട്ടില്ല. പരാതി നൽകാതിരിക്കുന്നതിനുവേണ്ടി രാഷ്ട്രീയ നേതാക്കളുമായി വിലപേശി പണം നേടാനാണ് അവർ ശ്രമിച്ചത്. ഉറപ്പു ലഭിച്ച പണം കിട്ടാതെ വന്നപ്പോൾ അവർ ഹൈബി അടക്കമുള്ള നേതാക്കൾക്കെതിരെ പരാതി നൽകി. സിപിഎം നേതാക്കളായ ഇ.പി. ജയരാജൻ, സജി ചെറിയാൻ എന്നിവർ തന്നെ സമീപിച്ചു കോൺഗ്രസ് നേതാക്കൾക്കെതിരായ പരാതിയുമായി മുന്നോട്ടു പോകാൻ പരാതിക്കാരിയെ നിർബന്ധിക്കണമെന്ന് ആവശ്യപ്പെട്ടതായും ഫെനി വെളിപ്പെടുത്തി.’’–
പരാതിക്കാരി എഴുതിയ ഒരു കത്ത് കണ്ടിരുന്നെന്നും അതിൽ ഹൈബിക്കെതിരായി പ്രത്യേക ആരോപണം ഇല്ലായിരുന്നുവെന്നും ശരണ്യ മനോജ് വെളിപ്പെടുത്തിയതായി സിബിഐ റിപ്പോർട്ടിലുണ്ട്. പരാതിക്കാരിയുടെ ആരോപണത്തിനു നേരിട്ടുള്ള തെളിവോ സാഹചര്യത്തെളിവോ കണ്ടെത്താനായില്ലെന്നും അന്തിമ റിപ്പോർട്ടിലുണ്ട്.
English Summary: Solar Scam: CBI Report against CPM Leaders