ദലിത് യുവാവിനെ കൊണ്ട് കാല് പിടിപ്പിച്ച സംഭവം;പൊലീസ് തിരയുന്ന പ്രതിയുടെ ജന്മദിനാഘോഷ വിഡിയോ പുറത്ത്

Mail This Article
തിരുവനന്തപുരം∙ ദലിത് യുവാവിനെ കൊണ്ട് തന്റെ കാൽ പിടിപ്പിച്ച കേസിൽ ‘ഒളിവിലായ’ പ്രതി എയർപോർട്ട് ഡാനി വിദേശത്തു വച്ച് തന്റെ ജന്മദിനം കൂട്ടുകാരുമൊത്ത് ആഘോഷിക്കുന്ന വിഡിയോ പ്രചരിക്കുന്നു. ഡാനിയെ പിടികൂടാൻ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് സംഭവം.
2 മാസം മുൻപാണ് മലയിൻകീഴ് സ്വദേശിയായ ദലിത് യുവാവിൽ നിന്നു പിടിച്ചു വാങ്ങിയ മൊബൈൽ ഫോൺ തിരികെ കൊടുക്കാനായി ഡാനി യുവാവിനെ കൊണ്ട് കാൽ പിടിപ്പിക്കുകയും തന്റെ ചെരിപ്പിൽ ചുംബിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിന്റെ വിഡിയോ പുറത്തായത്. സംഭവത്തിനു ശേഷം ഒരാഴ്ച കഴിഞ്ഞാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ പുല്ലുകാട് സ്വദേശി നികേഷ് ലാൽ (30), വലിയ തുറ സ്വദേശി അലക്സ് (29) എന്നിവരെ കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള കഴക്കൂട്ടം സൈബർ സിറ്റി അസി. കമ്മിഷണർ പൃഥ്വിരാജും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു. അതിനിടയിൽ പ്രധാന പ്രതി ഡാനി മുങ്ങുകയായിരുന്നു. സംഭവ ശേഷം ഡാനിക്ക് സുരക്ഷിതമായി നാട് വിടാൻ പൊലീസ് തന്നെ ഒത്താശ ചെയ്തു കൊടുത്തതായി ആരോപണവും ഉയരുന്നുണ്ട് .
English Summary: Thiruvananthapuram accused celebrates birthday at gulf,while police searching for him