ADVERTISEMENT

കൊച്ചി ∙ കരുവന്നൂർ സഹകരണ ബാങ്ക് ബെനാമി വായ്പ തട്ടിപ്പിന്റെ ഭാഗമായി നടന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്റുമായ എം.കെ.കണ്ണൻ, കേസിലെ ഒന്നാം പ്രതി പി.സതീഷ്കുമാറിന്റെ സഹോദരൻ ശ്രീജിത്ത് എന്നിവരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഇന്നലെ ഒരുമിച്ചു ചോദ്യം ചെയ്തു. പി.സതീഷ്കുമാറിനു വേണ്ടി തൃശൂർ സഹകരണബാങ്കിൽ നടന്ന സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചാണ് എം.കെ.കണ്ണനെ ചോദ്യം ചെയ്തത്.

സതീഷ്കുമാറുമായി 30 വർഷത്തെ പരിചയവും സൗഹൃദവുമുണ്ടെങ്കിലും സാമ്പത്തിക കൈമാറ്റമൊന്നും നടത്തിയിട്ടില്ലെന്നു കണ്ണൻ പറഞ്ഞു. ഒരുമിച്ചു ചായകുടിക്കാറുണ്ട്, ഫോണിൽ സംസാരിക്കാറുണ്ട് എന്നതിൽ കവിഞ്ഞ ബന്ധമൊന്നുമില്ല. ഇന്നലെ 7 മണിക്കൂർ കണ്ണനെ ചോദ്യം ചെയ്തു. കൂടുതൽ രേഖകൾ ഹാജരാക്കാൻ ഇ.ഡി.ആവശ്യപ്പെട്ടു. 29 നു വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇ.ഡി. സൂചിപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ മാനസികമായി പീഡിപ്പിച്ചതായി ചോദ്യം ചെയ്യലിനു ശേഷം കണ്ണൻ പ്രതികരിച്ചു. കണ്ണൻ പറഞ്ഞത്: 

‘‘കേസെടുക്കുമെന്നൊക്കെ ഭീഷണിപ്പെടുത്തി. ഇത്തരം ഭീഷണികൾക്കൊന്നും വഴങ്ങുന്നയാളല്ലെന്ന് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി. മിക്ക ഉദ്യോഗസ്ഥരും മാന്യമായി പെരുമാറി. ജയിലിലടയ്ക്കും എന്നു പറഞ്ഞ ഒരു ഡപ്യൂട്ടി ഡയറക്ടറോട് അതാണു ലക്ഷ്യമെങ്കിൽ ഇപ്പോൾത്തന്നെയാകാമെന്നു പറഞ്ഞു. സതീഷ്കുമാർ എടുത്ത വായ്പ എവിടേക്കു കൊണ്ടുപോയി എന്നാണ് ഉദ്യോഗസ്ഥർക്ക് അറിയേണ്ടത്. അതു ബാങ്കിന്റെ ജോലിയല്ലെന്നു വ്യക്തമാക്കി. സഹകരണ ബാങ്ക് റിസർവ് ബാങ്ക് നിയന്ത്രണത്തിലാണെന്നാണ് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത്. അത്തരമൊരു ഉത്തരവ് ഇതുവരെ കിട്ടിയിട്ടില്ലെന്നു ഞാനും പറഞ്ഞു. ഒരാളുടെയും പേരു പറയാൻ ഇ.ഡി ആവശ്യപ്പെട്ടിട്ടില്ല. 28 ന് വീണ്ടും ഹാജരാകണമെന്ന് പറഞ്ഞു. എന്നാൽ, അറസ്റ്റ് ചെയ്താലും പറ്റില്ലെന്ന് അറിയിച്ചു. അന്നു നേരത്തെ തീരുമാനിച്ച പാർട്ടി പരിപാടിയുണ്ട്. 29നു ഹാജരാകുന്നതിനു മടിയില്ല. എന്നാൽ 28ന് എത്തണമെന്ന് ഇ.ഡി. നിർബന്ധിച്ചു.’’

English Summary: Enforcement Directorate interrogates cpm leader MK Kannan in karuvannur bank scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com