ADVERTISEMENT

തൃശൂർ ∙ പാർട്ടി പദവികളും സീനിയോറിറ്റിയൊന്നുമില്ലെങ്കിലും വർഷങ്ങളായി എ.സി.മൊയ്തീന്റെ ഏറ്റവും അടുത്തയാളാണ്, ഇ.ഡി അറസ്റ്റ് ചെയ്ത പി.ആർ.അരവിന്ദാക്ഷൻ (57). അരവിന്ദാക്ഷന്റെ പാർട്ടിയിലെ പ്രവർത്തനമേഖല വടക്കാഞ്ചേരിയായിരുന്നിട്ടും 2016 ലും 2021 ലും മൊയ്തീൻ കുന്നംകുളം നിയമസഭ മണ്ഡലത്തിൽ മത്സരിച്ചപ്പോൾ അവിടെയാണ് പ്രവർത്തിച്ചത്. ലോക്കൽ കമ്മിറ്റി അംഗം മാത്രമായിരുന്ന അരവിന്ദാക്ഷൻ പാർട്ടിയുടെ ശക്തരായ പലരെയും മറികടന്നാണു മൊയ്തീനിലേക്കും നേതൃത്വത്തിലേക്കുമെത്തിയത്. ഒന്നാം പ്രതി പി.സതീഷ്കുമാറിനെ മൊയ്തീനുമായി അടുപ്പിച്ചതും അരവിന്ദാക്ഷനാണ്. 

വടക്കാഞ്ചേരിയിൽ ടാക്സി ഡ്രൈവറായിരിക്കെയാണു പൊതുപ്രവർത്തനം തുടങ്ങിയത്. 2000 ലെ പഞ്ചായത്തു തിരഞ്ഞെടുപ്പിൽ മുണ്ടത്തിക്കോട് വാർഡിൽ ഇടതുസ്വതന്ത്രനായി 17 വോട്ടിന് ജയിച്ചു. പിന്നീടെല്ലാം പാർട്ടി ചിഹ്നത്തിലായിരുന്നു ജയം. തുടർന്ന് സിപിഎം അത്താണി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി. സിപിഎം വടക്കാഞ്ചേരി ഏരിയ സെക്രട്ടറിയായിരുന്ന എ.സി.മൊയ്തീൻ 2004 ലെ ഉപതിരഞ്ഞെടുപ്പിൽ മന്ത്രിയായിരുന്ന കെ.മുരളീധരനെ തോൽപ്പിച്ചു. ഈ തിരഞ്ഞെടുപ്പിലെ പ്രചാരണം അരവിന്ദാക്ഷനും മൊയ്തീനും തമ്മിൽ അടുപ്പത്തിനു വഴിയൊരുക്കി. 

2005 ൽ പാർട്ടിയിലെ സീനിയോറിറ്റി മറികടന്ന് അരവിന്ദാക്ഷൻ പാർളിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റായി. 2010 ലും ജയിച്ചെങ്കിലും ഭരണം യുഡിഎഫിനായിരുന്നു. അപ്രതീക്ഷിതമായിട്ടാണ് അരവിന്ദാക്ഷൻ സിപിഎമ്മിന്റെ മുണ്ടത്തിക്കോട് ലോക്കൽ സെക്രട്ടറിയായത്. 2015 ലും 2020 ലും വടക്കാഞ്ചേരി നഗരസഭയിലേക്കു ജയിച്ചു. 

കരുവന്നൂർ ബാങ്കിന് കിട്ടാനുള്ളത് 485 കോടി രൂപ

ഇരിങ്ങാലക്കുട ∙ വായ്പ നൽകിയ മുതലും പലിശയുമടക്കം 485 കോടി രൂപ കരുവന്നൂർ സഹകരണ ബാങ്കിനു ലഭിക്കാനുണ്ട്. 300 കോടിയോളം രൂപയുടെ തട്ടിപ്പു പുറത്തുവരികയും ബാങ്കിന്റെ പ്രവർത്തനം തടസ്സപ്പെടുകയും ചെയ്തതോടെ വായ്പക്കാരിൽ നല്ലൊരുപങ്കും തിരിച്ചടവു നിർത്തി. ഈടുവസ്തുവിന്റെ മൂല്യത്തെക്കാൾ പലമടങ്ങു കൂടുതൽ തുക വായ്പ ആയതിനാൽ ജപ്തി ആയിക്കോട്ടെയെന്ന നിലപാടിലാണു ചിലർ. 165 വായ്പകളുടെ രേഖകൾ ഇ.ഡി കസ്റ്റഡിയിൽ എടുത്തതോടെ ഈ വായ്പക്കാർ തിരിച്ചടവു നിർത്തി. പുതിയ അഡ്മിനിസ്ട്രേറ്റർ ജൂണിൽ സ്ഥാനമേറ്റ ശേഷം മൂന്നരക്കോടി രൂപയുടെ സ്വർണവായ്പ നൽകിയതായി അധികൃതർ പറഞ്ഞു. 

ഇഎംഎസും എംഎന്നും ഒളിച്ചുതാമസിച്ച കുടുംബത്തിലെ അംഗവും ഇര

ഇരിങ്ങാലക്കുട ∙ ഇഎംഎസ് നമ്പൂതിരിപ്പാടിനെയും എം.എൻ. ഗോവിന്ദൻ നായരെയും ഇരിങ്ങാലക്കുടയിൽ ഒളിച്ചുതാമസിപ്പിച്ചിട്ടുള്ള കുടുംബത്തിലെ അംഗവും കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിലെ ഇര. നിക്ഷേപിച്ച പണം പിൻവലിക്കാൻ കഴിയാത്തതിൽ പ്രതിഷേധിച്ച് തിരുവോണനാളിൽ വീട്ടിൽ നിരാഹാരം നടത്തിയ മാപ്രാണം സ്വദേശി വടക്കേത്തല ജോഷി, ഇഎംഎസിനും എം.എന്നും ഒളിത്താവളമൊരുക്കിയ വാഴപ്പിള്ളി ഔസേപ്പ് എന്ന ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകന്റെ പേരക്കുട്ടിയാണ്. 

കുടുംബാംഗങ്ങളുടേത് ഉൾപ്പെടെ 90 ലക്ഷം രൂപ നിക്ഷേപിച്ച ജോഷിക്ക് പകുതി പോലും തിരിച്ചു കിട്ടിയിട്ടില്ല. അപകടത്തെത്തുടർന്ന് 8 വർഷം കിടപ്പിലായിരുന്ന ഇദ്ദേഹം 2010 മുതൽ എം പാനൽ കരാറുകാരനാണ്. ഇതിനിടയിൽ 2 തവണ ട്യൂമറിന്റെ പിടിയിൽനിന്നു ജീവിതത്തിലേക്കു തിരിച്ചെത്തി. 

ഠാണായിൽ പ്രവർത്തിച്ചിരുന്ന ഭാരത് പ്രിന്റിങ് പ്രസിലെ കമ്പോസറായിരുന്നു ഔസേപ്പ്. 1948 ൽ ഇഎംഎസും എം.എൻ.ഗോവിന്ദൻ നായരും ഇരിങ്ങാലക്കുട ഠാണാ പരിസരത്തെ ഔസേപ്പിന്റെ വീടിന്റെ തട്ടിൻപുറത്ത് ഒന്നരമാസമാണ് ഒളിച്ചു കഴിഞ്ഞത്. ഔസേപ്പിന്റെ മൂത്ത മകൾ ത്രേസ്യാമ്മയുടെ മകനാണു ജോഷി. 

English Summary : Enforcement directorate arrested AC Moideen's closest friend Pr Aravindakshan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT