ADVERTISEMENT

അയ്മനം (കോട്ടയം) ∙ വ്യാപാരിയെ മരിച്ചനിലയിൽ കണ്ടെത്തി; വായ്പ തിരിച്ചടവ് ഒരു തവണ മുടങ്ങിയതിനെത്തുടർന്ന് ബാങ്ക് ഉദ്യോഗസ്ഥർ കടയിലെത്തി ഭീഷണിപ്പെടുത്തിയതാണു ജീവനൊടുക്കാൻ കാരണമെന്നു ബന്ധുക്കൾ ആരോപിച്ചു. കുടമാളൂർ ചാമത്തറ അഭിരാമിൽ കെ.സി.ബിനു (50) ആണ് മരിച്ചത്. പാണ്ഡവത്തെ വാടകവീടിനുള്ളിലാണു മൃതദേഹം കണ്ടെത്തിയത്. ബിനുവിന്റെ മൃതദേഹവുമായി ഭാര്യയും 2 പെൺമക്കളും നാട്ടുകാരും നാഗമ്പടത്തെ ബാങ്ക് ശാഖയ്ക്കു മുന്നിലെത്തി 2 മണിക്കൂറോളം പ്രതിഷേധിച്ചു.

മെഡിക്കൽ കോളജ് റോഡിൽ കുടയംപടി ജംക്‌ഷനു സമീപം രണ്ടു വർഷമായി സ്റ്റെപ്സ് എന്ന ചെരിപ്പുകട നടത്തുകയായിരുന്നു ബിനു. കട തുടങ്ങാനായി കർണാടക ബാങ്കിന്റെ നാഗമ്പടം ശാഖയിൽ നിന്ന് 5 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. പ്രതിമാസം 14,000 രൂപയായിരുന്നു തിരിച്ചടവ്. ഈ മാസത്തെ തുക മുടങ്ങി. ബാങ്ക് അധികൃതർ തിങ്കളാഴ്ച രാവിലെ കടയിലെത്തി നോട്ടിസ് നൽകുകയും അന്നത്തെ കലക്‌ഷൻ തുക മേശയിൽ നിന്ന് എടുത്തുകൊണ്ടു പോവുകയും ചെയ്തെന്നു മറ്റു വ്യാപാരികൾ ആരോപിക്കുന്നു.

അന്ന് ഉച്ചയോടെ കടയടച്ചു ബിനു വീട്ടിലെത്തി. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വൈകിട്ട് ഭാര്യയും ഒരു മകളും എത്തിയപ്പോൾ വീട് ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഒടുവിൽ നാട്ടുകാരുടെ സഹായത്തോടെ കതക് പൊളിച്ചു അകത്തുകടന്നപ്പോൾ ബിനുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ഇതിനു മുൻപ് 2 മാസം തിരിച്ചടവ് മുടങ്ങിയത് ഒരുമിച്ച് അടച്ചിരുന്നു. എന്നിട്ടും ഒരു തവണ മുടങ്ങിയതിനു ബാങ്ക് ഉദ്യോഗസ്ഥർ കടയിലെത്തി ഭീഷണിപ്പെടുത്തിയെന്നാണു വീട്ടുകാരുടെ പരാതി.

കോട്ടയം റെയിൽവേ സ്റ്റേഷൻ റോഡിൽ ബിനുവിന്റെ മൃതദേഹവുമായുള്ള സമരം ശക്തമായതോടെ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് സ്ഥലത്തെത്തി ബന്ധുക്കളുമായി സംസാരിച്ചു. തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു. ബിനുവിന്റെ മൃതദേഹം സംസ്കരിച്ചു. ഭാര്യ: ഷൈനി. മക്കൾ: നന്ദന, നന്ദിത (വിദ്യാർഥിനികൾ). കുടിശിക അടയ്ക്കാനുള്ള നോട്ടിസ് നൽകാൻ മാത്രമേ കടയിൽ പോയിട്ടുള്ളൂവെന്നും തിരിച്ചടവു സംബന്ധിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കർണാടക ബാങ്ക് അധികൃതർ അറിയിച്ചു.

∙ ആത്മഹത്യ ഒന്നിനും പരിഹാരമല്ല. പ്രശ്നങ്ങൾക്കും മാനസിക സമ്മർദത്തിനും പരിഹാരം കാണാൻ വിളിക്കാം. ദിശ ഹെൽപ് ലൈൻ: 1056

English Summary: Merchant KC Binu found dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com