കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് അറസ്റ്റിൽ

Mail This Article
കൊച്ചി ∙ തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പത്തട്ടിപ്പുകേസിൽ സിപിഎം അത്താണി ലോക്കൽ കമ്മിറ്റിയംഗവും വടക്കാഞ്ചേരി നഗരസഭാംഗവുമായ പി.ആർ.അരവിന്ദാക്ഷനെ കള്ളപ്പണ നിരോധനനിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. ഉച്ചയ്ക്ക് നഗരസഭാ ഓഫിസിൽനിന്നു വീട്ടിലേക്കു വിളിച്ചുവരുത്തി അറസ്റ്റ് ചെയ്ത് കൊച്ചിയിലെത്തിക്കുകയായിരുന്നു.
ബാങ്ക് മുൻ സീനിയർ അക്കൗണ്ടന്റ് സി.കെ.ജിൽസിനെയും അറസ്റ്റ് ചെയ്തു. മൂന്നും നാലും പ്രതികളായ ഇരുവരെയും വിചാരണക്കോടതി റിമാൻഡ് ചെയ്തു. 3 ദിവസത്തെ കസ്റ്റഡിക്കായി ഇ.ഡി ഇന്ന് അപേക്ഷ നൽകും. പലിശയിടപാടുകാരനായ ഒന്നാംപ്രതി പി.സതീഷ്കുമാർ, ഇടനിലക്കാരനായ രണ്ടാം പ്രതി പി.പി.കിരൺ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ബെനാമികളുടെ പേരിൽ 150 കോടി രൂപ വായ്പയെടുത്തുള്ള തട്ടിപ്പിനു കൂട്ടുനിന്നെന്നാണ് അരവിന്ദാക്ഷനും ജിൽസിനുമെതിരായ ആരോപണം. ഇടപാടുകാർ വായ്പയെടുക്കുമ്പോൾ നൽകിയ രേഖകൾ പോലും ദുരുപയോഗം ചെയ്തതായി കണ്ടെത്തി. കള്ളക്കേസിൽ കുടുക്കിയതാണെന്നും താൻ കള്ളനോ കൊലപാതകിയോ അല്ലെന്നും അരവിന്ദാക്ഷൻ പ്രതികരിച്ചു. മുൻപു ചോദ്യംചെയ്യലിനിടെ ആവശ്യപ്പെട്ട മൊഴി നൽകാത്തതിന്റെ പേരിൽ ഇ.ഡി ഉദ്യോഗസ്ഥർ തന്നെ മർദിച്ചതായി അരവിന്ദാക്ഷൻ പൊലീസിൽ പരാതി നൽകിയിരുന്നു.
അരവിന്ദാക്ഷന് വരവിൽ കവിഞ്ഞ സ്വത്തെന്ന് ഇഡി
കൊച്ചി ∙ കരുവന്നൂരിൽ തട്ടിപ്പ് നടന്ന 2015– 17 കാലത്ത് പി.ആർ.അരവിന്ദാക്ഷൻ വരവിൽ കവിഞ്ഞ സ്വത്തുണ്ടാക്കിയതായി ഇ.ഡിയുടെ റിമാൻഡ് റിപ്പോർട്ട്. 50 ലക്ഷം രൂപ സ്ഥിരനിക്ഷേപത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഈ തുക നൽകിയത് ഒന്നാം പ്രതി പി.സതീഷ്കുമാറാണെന്നു കണ്ടെത്തി. രണ്ടാം പ്രതി പി.പി.കിരൺ തട്ടിയ 24 കോടിയിൽ 25 ലക്ഷം അരവിന്ദാക്ഷൻ കൈപ്പറ്റിയെന്നും ഇ.ഡി ആരോപിക്കുന്നു. പ്രതികൂല മൊഴി നൽകിയ ബാങ്ക് മുൻ മാനേജർ ബിജു കരിമിനെ അരവിന്ദാക്ഷൻ ഭീഷണിപ്പെടുത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
സിപിഎമ്മിന് കുരുക്ക് മുറുകുന്നു
മുൻമന്ത്രിയും എംഎൽഎയുമായ എ.സി.മൊയ്തീന്റെ വിശ്വസ്തനാണ് അരവിന്ദാക്ഷൻ. തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്റും സിപിഎം സംസ്ഥാനസമിതി അംഗവുമായ എം.കെ.കണ്ണനോടു മറ്റന്നാൾ ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. പിന്നാലെ മൊയ്തീനെ വീണ്ടും വിളിപ്പിക്കും. പല വായ്പകളും അനുവദിച്ചത് മൊയ്തീൻ, കണ്ണൻ, അരവിന്ദാക്ഷൻ തുടങ്ങിയവരുടെ ശുപാർശപ്രകാരമാണെന്നു ജീവനക്കാർ മൊഴി നൽകിയിരുന്നു. ഇ.ഡിയുടെ അടുത്ത ലക്ഷ്യം തങ്ങളാണെന്നു കണ്ണൻ പ്രതികരിച്ചു. അറസ്റ്റിനെക്കുറിച്ച് അറിയില്ലെന്നും വിഷയം കേന്ദ്ര നേതൃത്വത്തിന്റെ മുന്നിലെത്തുമ്പോൾ പരിശോധിക്കുമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു.
∙ ‘എ.സി.മൊയ്തീൻ പണം ചാക്കിൽകെട്ടി കൊണ്ടുപോകുന്നതു കണ്ടെന്നു പറയണമെന്ന ഇ.ഡിയുടെ നിർദേശം അനുസരിക്കാത്തതിന്റെ പ്രതികാരമാണ് ഈ അറസ്റ്റ്. പാർട്ടി അരവിന്ദാക്ഷനൊപ്പമാണ്.’ – എം.വി.ഗോവിന്ദൻ, സിപിഎം സംസ്ഥാന സെക്രട്ടറി
English Summary: Karuvannur Bank scam: PR Aravindakshan Taken into Custody by ED