ADVERTISEMENT

കടയ്ക്കൽ (കൊല്ലം)∙ സൈനികനെ മർദിച്ച ശേഷം പോപ്പുലർ ഫ്രണ്ടിന്റെ ചുരുക്കപ്പേരായ ‘പിഎഫ്ഐ’ എന്നു മുതുകിൽ എഴുതിയ സംഭവം കെട്ടിച്ചമച്ചതെന്നു പൊലീസ്. രാജസ്ഥാനിൽ ജയ്സൽമേർ 751 ഫീൽഡ് വർക്‌ഷോപ്പിൽ സൈനികനായ കടയ്ക്കൽ ചാണപ്പാറ ബി.എസ്. നിവാസിൽ ഷൈൻ (35), സുഹൃത്ത് മുക്കട ജോഷി ഭവനിൽ ജോഷി (40) എന്നിവരെ കൊല്ലം റൂറൽ എസ്പി എം.എൽ.സുനിലും സംഘവും അറസ്റ്റ് ചെയ്തു. പട്ടാളത്തിലേക്കു മടങ്ങാനുള്ള മടിയും പിഎഫ്ഐയോടുള്ള വിരോധവുമാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസ് പറഞ്ഞത്. ജനശ്രദ്ധ നേടാനും കൂടിയായിരുന്നു അക്രമ നാടകം.

അവധിക്കു നാട്ടിലെത്തിയ ഷൈൻ തിങ്കളാഴ്ച തിരിച്ചു പോകേണ്ടതായിരുന്നു. ഞായറാഴ്ച രാത്രി ഷൈനും ജോഷിയും ചേർന്നൊരുക്കിയ നാടകമാണെന്നാണു മൊഴി. എന്നാൽ, നാട്ടിൽ എത്തും മുൻപു തന്നെ ഷൈൻ, ജോഷിയുമായി ചേർന്നു സംഭവം ആസൂത്രണം ചെയ്തിരുന്നുവെന്നാണു പൊലീസിനു ലഭിച്ച വിവരം.

ഷൈൻ ആദ്യം പറഞ്ഞതിങ്ങനെ: കടം വാങ്ങിയ പണം ജോഷിക്കു നൽകാനായി പോകുമ്പോൾ രാത്രി 12ന് വഴിയരികിൽ നിന്ന ചിലർ തടഞ്ഞു. ആരോ റബർ തോട്ടത്തിൽ വീണു കിടക്കുന്നതായും വന്നു പരിശോധിക്കണമെന്നും പറഞ്ഞു. പരിശോധിക്കാൻ ഇറങ്ങിയപ്പോൾ സംഘം ചവിട്ടി തള്ളിയിട്ട് കൈകൾ കെട്ടി മർദിച്ച് മുതുകിൽ പിഎഫ്ഐ എന്ന് പച്ച പെയിന്റിൽ എഴുതി കടന്നുകളഞ്ഞു. തുടർന്ന് ഒരു ബന്ധുവിനെ ഷൈൻ വിളിച്ച് തന്നെ 4 പേർ ചേർന്നു കെട്ടിയിട്ടു മർദിച്ചു എന്നും ആശുപത്രിയിൽ എത്തിക്കണമെന്നും പറഞ്ഞു. ഇദ്ദേഹം ഉടൻ അടുത്ത ബന്ധുക്കളെയും മാധ്യമ പ്രവർത്തകരെയും വിവരം അറിയിക്കുകയായിരുന്നു.

ഷൈനിന്റെ വിശദീകരണം പൊലീസും നാട്ടുകാരും വിശ്വാസത്തിലെടുത്തില്ല. തിങ്കളാഴ്ച രാത്രിയിലും ഇന്നലെ രാവിലെയും ഷൈനിനെയും ജോഷിയെയും പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചു. ആർമി ഇന്റലിജൻസ് വിഭാഗവും അന്വേഷണം നടത്തി. റൂറൽ എസ്പി എം.എൽ.സുനിൽ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് ഇരുവരും ചേർന്നു നടത്തിയ ഗൂഢാലോചനയാണെന്നു തെളിഞ്ഞത്.

മുതുകിൽ പിഎഫ്ഐ എന്ന് എഴുതിയതു ജോഷിയാണെന്നു ഷൈൻ പറഞ്ഞു. ജോഷിയെ കസ്റ്റഡിയിൽ എടുത്ത പൊലീസ് വീട്ടിൽ എത്തിച്ചു തെളിവെടുത്തു. മുതുകിൽ എഴുതാൻ ഉപയോഗിച്ച പെയിന്റിന്റെ ബാക്കിയും ബ്രഷ്, കൈകൾ കൂട്ടിക്കെട്ടുന്നതിനും വായ് മൂടുന്നതിനും ഉപയോഗിച്ച ടേപ് എന്നിവയും കണ്ടെടുത്തു. 

ഷൈനിനെയും ജോഷിയെയും പെയിന്റ് വാങ്ങിയ സ്ഥലത്ത് ഉൾപ്പെടെ കൊണ്ടുപോയി തെളിവെടുപ്പു നടത്തി. ആസൂത്രിതമായി വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമിച്ചതിനാണു പൊലീസ് കേസെടുത്തിരിക്കുന്നത്. 15 വർഷം മുൻപാണ് ഷൈൻ സൈന്യത്തിൽ ചേർന്നത്. ഒരു മാസം മുൻപാണ് അവധിക്ക് നാട്ടിൽ എത്തിയത്. 

English Summary: Soldier and Friend Arrested in Fake Complaint Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT