ടെൻഡർ ഏതായാലും കരാർ കൂടിയ തുകയ്ക്ക് ഊരാളുങ്കലിന് തന്നെ: ആസ്തി 4299 കോടി
Mail This Article
തിരുവനന്തപുരം ∙ സാമ്പത്തികപ്രതിസന്ധി നേരിടുന്ന പൊതുമേഖലാ സ്ഥാപനങ്ങൾക്കും സഹകരണ സംഘങ്ങൾക്കുമാണു സാധാരണ ഗതിയിൽ ഇളവുകൾ അനുവദിക്കാറുള്ളതെങ്കിൽ, 4000 കോടിയിലേറെ രൂപയുടെ ആസ്തിയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റിക്കു സർക്കാർ കയ്യയച്ചു സഹായം നൽകുന്നു. ടെൻഡറിൽ ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്കു 10% പ്രൈസ് പ്രിഫറൻസ് (സാമ്പത്തിക മുൻഗണന) കൊടുക്കുക വഴി, കുറഞ്ഞ തുകയ്ക്കു തീരേണ്ട പദ്ധതികളാണു കൂടിയ തുകയ്ക്ക് ഊരാളുങ്കലിന്റെ കയ്യിലെത്തുന്നതെന്നാണ് ആക്ഷേപം. ഏഷ്യയിലെ ഏറ്റവും വലിയ ലേബർ കോൺട്രാക്ട് സൊസൈറ്റി എന്ന് ഊരാളുങ്കൽ അവകാശപ്പെടുമ്പോഴാണ് സർക്കാർ വക ഇളവുകൾ.
ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്യുന്ന സ്ഥാപനത്തിനു കരാർ നൽകുകയെന്നതാണു ടെൻഡർ നടപടിയിലെ അടിസ്ഥാന വ്യവസ്ഥ. ഈ തുകയെക്കാൾ 10% വരെ ഉയർന്ന തുകയാണു ക്വോട്ട് ചെയ്യുന്നതെങ്കിലും കരാർ ഊരാളുങ്കലിനുതന്നെ ലഭിക്കും. ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്കെല്ലാം ബാധകമായ ഇളവ് എന്നാണു സർക്കാർ ഉത്തരവിലുള്ളതെങ്കിലും ഇത്രയധികം പദ്ധതികൾ ലഭിക്കുന്ന മറ്റു സൊസൈറ്റികളില്ല.
പൊതുമരാമത്തു വകുപ്പിന്റെ പ്രവൃത്തികൾക്കു മാത്രമായിരുന്നു തുടക്കത്തിൽ ഈ ഇളവ്. എന്നാൽ, 2020 ഫെബ്രുവരിയിൽ എല്ലാ സർക്കാർ പ്രവൃത്തികൾക്കും ഇളവു ബാധകമാക്കി. കോടിക്കണക്കിനു രൂപ കടംവാങ്ങി ചെയ്യുന്ന കിഫ്ബി പദ്ധതികളിൽപോലും ഇത്തരത്തിൽ ഇളവു നൽകുന്നതു സർക്കാരിനു വലിയ ബാധ്യതയുണ്ടാക്കും.
2008നു ശേഷം 4 ഉത്തരവുകളാണ് പൊതുമരാമത്ത്, സഹകരണ വകുപ്പുകളിൽനിന്ന് ഊരാളുങ്കലിന് അനുകൂലമായി ഇറങ്ങിയത്. 2021–22 ൽ മാത്രം 1430.02 കോടിയുടെ ടേണോവറുള്ള ഊരാളുങ്കലിന് 2022 മാർച്ച് 31 വരെയുള്ള ആസ്തി 4299 കോടി രൂപ. മാനേജ്മെന്റ് കൺസൽറ്റൻസി ഉൾപ്പെടെയുള്ള മേഖലകളിലേക്കു പ്രവർത്തനം വ്യാപിപ്പിച്ചെങ്കിലും തൊഴിലാളികളുടെ സൊസൈറ്റി എന്ന പേരിൽ സർക്കാർ ഇളവുകൾ തുടരുന്നു. 400 ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ഉൾപ്പെടെ സംസ്ഥാനത്താകെ 23,167 സൊസൈറ്റികളുണ്ട്. ഇവയ്ക്കൊന്നുമില്ലാത്ത പരിഗണന ഊരാളുങ്കലിനു നൽകുന്നുവെന്നാണ് ആക്ഷേപം. അതേസമയം, എല്ലാ ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്കും ബാധകമായ ഇളവുകൾ മാത്രമേ തങ്ങൾക്കുമുള്ളൂവെന്നും ഏറ്റെടുക്കുന്ന പ്രവൃത്തികളുടെയും മെഷിനറികളുടെയും മൂല്യം കണക്കാക്കുമ്പോഴാണു 4000 കോടിയിലധികം ആസ്തിയുള്ളതെന്നും ഊരാളുങ്കൽ വിശദീകരിക്കുന്നു.
English Summary : Uralungal society takes projects in higher amounts