പ്രസവത്തെത്തുടർന്ന് യുവതിയുടെ മരണം: ഹൃദയാഘാതമെന്ന് നിഗമനം
Mail This Article
ആലപ്പുഴ∙ കടപ്പുറം വനിത– ശിശു ആശുപത്രിയിൽ പ്രസവിച്ച യുവതി മരിച്ചത് ഹൃദയാഘാതം കാരണമെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. പ്രസവത്തെ തുടർന്നു ഹൃദയത്തിലേക്ക് പമ്പിങ് കുറഞ്ഞതാണ് കാരണമെന്നാണ് ഫൊറൻസിക് വിഭാഗം അഡീഷനൽ പ്രഫ. ഡോ. ഹരീഷിന്റെ നേതൃത്വത്തിൽ നടന്ന പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. പൊന്നാട് പുത്തൻ പുരയിൽ നിധീഷിന്റെ ഭാര്യ, കുമരകം സ്വദേശി പി.ആർ.രജിതയാണ് കടപ്പുറം വനിത– ശിശു ആശുപത്രിയിലെ പ്രസവത്തെത്തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ആന്തരികാവയവങ്ങൾ ഫൊറൻസിക് ലാബിലേക്ക് അയച്ചു. ഫൊറൻസിക് പരിശോധനാ ഫലം വന്ന ശേഷമേ മരണ കാരണം സ്ഥിരീകരിക്കാനാകൂ എന്നു ഡോക്ടർമാർ അറിയിച്ചു.രജിതയുടെ മൃതദേഹം പൊന്നാട് എസ്എൻഡിപി ശാഖയിൽ പൊതുദർശനത്തിനു ശേഷം കുമരകത്തെ വീട്ടിലെത്തിച്ചു സംസ്കരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകിട്ട് 4 നാണ് മൃതദേഹം പൊന്നാട്ടെ രജിതയുടെ വീടിനു സമീപത്തെ ഹാളിൽ എത്തിച്ചത്. രജിതയുടെ മൂത്ത മകൾ 7 വയസ്സുള്ള അർച്ചന (കുഞ്ഞാറ്റ) കുമരകത്തായിരുന്നു. നവജാതശിശു നിതീഷിന്റെ സഹോദരി നിഷയുടെ സംരക്ഷണത്തിൽ മാരാരിക്കുളം കളിത്തട്ട് ജംക്‌ഷനിലെ വീട്ടിലും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്നു പൊലീസ് അറിയിച്ചു.
English Summary: Woman's death after childbirth due to Heart attack says initial reports