ADVERTISEMENT

തിരുവനന്തപുരം∙ വിദേശത്തു ജോലി ചെയ്യുന്ന മലയാളികളെ അവിടെയുള്ളവർ പുകഴ്ത്താറുണ്ടെങ്കിലും നാട്ടിൽ, പ്രത്യേകിച്ചു സർക്കാർ സർവീസിൽ ജോലി ചെയ്യുന്നവരെക്കുറിച്ചു നല്ലതു പറയാറില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനു മാറ്റം വരുത്താൻ സർക്കാർ ജീവനക്കാർ ശ്രദ്ധിക്കണം. നാടിന് ഏറ്റവും ആശ്രയിക്കാവുന്ന കേന്ദ്രങ്ങളാണു സർക്കാർ ഓഫിസുകൾ. അവിടേക്കെത്തുന്നവർ ദയയ്ക്കു വേണ്ടി വരുന്നവരാണെന്നു ചിന്തിക്കരുത്. ഔദാര്യത്തിനല്ല, അവകാശത്തിനായാണു സർക്കാർ ഓഫിസുകളിലേക്ക് ആളുകൾ വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ആദ്യ മേഖലാതല അവലോകന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളം പുതിയൊരു ഭരണ സംസ്‌കാരത്തിലേക്കു മെല്ലെ മാറുകയാണ്. മേഖലാ യോഗങ്ങൾ പുതിയൊരു തുടക്കമാണ്. പദ്ധതി നടത്തിപ്പിലെ കാലതാമസം ഒഴിവാക്കാൻ ഓരോ വകുപ്പുമായി ബന്ധപ്പെടുന്ന വിഷയങ്ങൾ ഉദ്യോഗസ്ഥർ ഹൃദിസ്ഥമാക്കണം. മേഖലാതല അവലോകന യോഗങ്ങൾക്കു തുടർച്ചയുണ്ടാകും. പദ്ധതി നടത്തിപ്പിലെ കാലതാമസം ഒഴിവാക്കാൻ  വകുപ്പുകൾ തമ്മിൽ കൂടിയാലോചനകൾ ഉണ്ടാകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പദ്ധതികളാണു യോഗത്തിൽ അവലോകനം ചെയ്തത്. രണ്ടാമത്തെ മേഖലാ അവലോകനയോഗം 29നു തൃശൂരിലാണ്. പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളുടെ അവലോകനം നടക്കും. ഒക്ടോബർ 3ന് എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകൾക്കായി എറണാകുളത്തും 5ന് കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകൾക്കായി കോഴിക്കോട്ടും അവലോകന യോഗങ്ങൾ ചേരും.

English Summary: Chief Minister Pinarayi Vijayan direction to government employees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT