കോഴിക്കോട്ടും മലപ്പുറത്തും ഇന്നലെയും ഇ.ഡി പരിശോധന

Mail This Article
മഞ്ചേരി ∙ കോഴിക്കോട്ടും മലപ്പുറത്തും രണ്ടാം ദിവസവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന. മലപ്പുറത്ത് കാരാപ്പറമ്പ് ഗ്രീൻവാലി ഫൗണ്ടേഷൻ ഓഫിസിലാണ് ഇന്നലെ വൈകിട്ട് 5.10 മുതൽ പരിശോധന നടത്തിയത്. ജൂലൈയിൽ സ്ഥാപനം എൻഐഎ പരിശോധന നടത്തി ഏറ്റെടുക്കൽ നോട്ടിസ് പതിച്ചിരുന്നു.
കോഴിക്കോട് കൊയിലാണ്ടി മൂടാടി ഹിൽ ബസാറിലെ മലബാർ കോളജിലും ഇ.ഡി സംഘം എത്തി. ഇന്നലെ വൈകിട്ടായിരുന്നു പരിശോധന. ക്രിക്കറ്റ് സിലക്‌ഷനുമായി ബന്ധപ്പെട്ട് എത്തിയ വിദ്യാർഥികളും അധ്യാപകനുമായിരുന്നു കോളജിൽ ഉണ്ടായിരുന്നത്. ഇവരെ 6 മണിയോടെ പുറത്ത് പോകാൻ അനുവദിച്ചു. കോഴിക്കോട് നഗരത്തിൽ കോവൂർ എംഎൽഎ റോഡിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ കൊച്ചിയിൽ നിന്നെത്തിയ ഇ.ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇദ്ദേഹം പോപ്പുലർ ഫ്രണ്ടിന്റെ പ്രസിദ്ധീകരണത്തിന്റെ ചുമതലയുള്ള വ്യക്തിയാണന്നു പറയുന്നു. വൈകിട്ട് ആറരയ്ക്കു തുടങ്ങിയ പരിശോധന രാത്രി 11ന് അവസാനിച്ചു.
മലപ്പുറത്ത് കൊച്ചിയിൽനിന്നുള്ള സംഘമാണ് പരിശോധനയ്ക്ക് എത്തിയതെന്നാണ് വിവരം. സിആർപിഎഫ്, മഞ്ചേരി പൊലീസ് എന്നിവയുടെ സുരക്ഷാ വലയത്തിലായിരുന്നു പരിശോധന. ഓഫിസിലെ രേഖകൾ, പ്രസിദ്ധീകരണങ്ങൾ എന്നിവ പരിശോധിച്ചതായാണ് വിവരം. കഴിഞ്ഞ ദിവസം പരിശോധന നടത്തിയ സംഘം ജില്ലയിലെ വിവിധയിടങ്ങളിൽ ക്യാംപ് ചെയ്യുന്നതായാണ് വിവരം.
English Summary: Enforcement Directorate raid at Kozhikode and Malappuram