ADVERTISEMENT

കോട്ടയം ∙ വളരാനും ഇടതുമുന്നണിയിൽ കൂടുതൽ സ്ഥാനം ഉറപ്പിക്കാനും ഉറച്ച് കേരള കോൺഗ്രസ് (എം). വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്തിനു പുറമേ പത്തനംതിട്ട, ഇടുക്കി സീറ്റുകൾ കൂടി ആവശ്യപ്പെടാനാണു പാർട്ടിയിലെ ആലോചന. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന റാന്നി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയമസഭാ മണ്ഡലങ്ങളിൽ കേരള കോൺഗ്രസ് (എം) എംഎൽഎമാരാണ്. തിരുവല്ലയിലും ഇടുക്കി ലോക്സഭാ മണ്ഡലത്തിൽപെടുന്ന മൂവാറ്റുപുഴ, കോതമംഗലം മേഖലകളിലും ശക്തമായ സ്വാധീനമുണ്ടെന്നും കേരള കോൺഗ്രസ് (എം) പറയുന്നു. ഇക്കാര്യങ്ങൾ കണക്കിലെടുത്താണു കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുക. 

കോട്ടയം മണ്ഡലത്തിൽ നിലവിലുള്ള എംപി തോമസ് ചാഴികാടനെ വീണ്ടും മത്സരിപ്പിക്കുന്ന കാര്യത്തിൽ പാർട്ടിക്ക് അനുകൂല നിലപാടാണ്. ഇടതുമുന്നണിയിലും ഇക്കാര്യത്തിൽ എതിരഭിപ്രായം ഇല്ലെന്നു പാർട്ടി വിലയിരുത്തുന്നു. അതേസമയം, പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ കേരള കോൺഗ്രസിന്റെ (എം) അവകാശവാദം സിപിഐ പൂർണമായി അംഗീകരിക്കുന്നില്ല. സിപിഎമ്മിലെ ചില നേതാക്കൾക്കും ഇതേ ചിന്തയാണുള്ളത്. 

റബർ മേഖലയിലെ പാർട്ടി എന്ന പ്രതിഛായ മാറ്റി ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് കൂടുതൽ ഇടങ്ങളിൽ ശക്തിപ്പെടാനാണു കേരള കോൺഗ്രസിന്റെ (എം) തീരുമാനം. കടൽ കടലിന്റെ മക്കൾക്ക് എന്ന മുദ്രാവാക്യവുമായി കഴിഞ്ഞദിവസം തിരുവനന്തപുരത്തു സെമിനാർ നടത്തി. കടലവകാശ നിയമം നടപ്പാക്കണമെന്ന ആവശ്യം പാർട്ടി ചെയർമാൻ ജോസ് കെ.മാണി പാർലമെന്റിലും ഉന്നയിച്ചു. തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിൽ കൂടുതൽ പരിപാടികൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.  മലയോര മേഖലകളിലെ വിഷയങ്ങളിലും സജീവമാകുന്നതിന്റെ ഭാഗമായി നാളെ മുണ്ടക്കയത്തു വന്യമൃഗശല്യത്തിനെതിരെ യോഗം നടത്തുന്നുണ്ട്.

English Summary : Kerala Congress (M) looking Pathanamthitta and Idukki along with Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT